Crime

വിസ തട്ടിപ്പുകേസിൽ ചിഞ്ചു എസ് രാജ് അറസ്റ്റിൽ

Published

on

വിസ തട്ടിപ്പു കേസിൽ കൊല്ലം സ്വദേശിനി ചിഞ്ചു എസ് രാജ്, ഭർത്താവ് കൊടുങ്ങല്ലൂർ സ്വദേശി അനീഷ് എന്നിവരാണ് അറസ്റ്റിലായത്. വിദേശരാജ്യങ്ങളിലേക്ക് തൊഴിൽ വാ​ഗ്ദാനം ചെയ്ത് 56 പേരിൽ നിന്നും പണം തട്ടിയെന്ന പെരുമ്പാവൂർ സ്വദേശിയായ ഏജൻറ് ബിനിൽകുമാറിന്റെ പരാതിയിലാണ് എറണാകുളം നോർത്ത് പൊലീസിന്റെ നടപടി.

യു കെ, സിംഗപ്പൂർ, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളിലേക്ക് വിവിധ ജോലികൾക്കായി വിസ വാ​ഗ്ദാനം ചെയ്ത് രണ്ടുകോടി രൂപയോളം തട്ടിയെടുത്തു എന്നാണ് പരാതി. കേസെടുത്ത പൊലീസ് കൊച്ചിയിലെ പ്രതികളുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ നിരവധി ഉദ്യോഗാർത്ഥികളുടെ പാസ്പോർട്ട് അടക്കമുള്ള രേഖകളും വിവിധ തരത്തിലുള്ള സീലുകളും കണ്ടെത്തി. വർഷങ്ങൾക്കു മുൻപ് ഡൽഹിയിലുള്ള റിക്രൂട്ട് മെൻറ് സ്ഥാപനത്തിൽ ജോലി ചെയ്ത പരിചയം ഉപയോഗിച്ചാണ് തട്ടിപ്പിന് ഇറങ്ങിയതെന്ന് ചിഞ്ചു പൊലീസിനോട് പറഞ്ഞു.

ഉദ്യോഗാർത്ഥികളുമായി നേരിട്ട് ബന്ധപ്പെടാതിരുന്ന പ്രതികൾ ബിനിൽകുമാറിലൂടെ പണം കൈവശപ്പെടുത്തി രാജ്യം വിടാൻ ഒരുങ്ങുന്നതിനിടെയാണ് അറസ്റ്റിലായത്. പ്രതികളുടെ ഉറപ്പിന്മേൽ 56 ഉദ്യോഗാർത്ഥികളിൽ നിന്നാണ് ബിനിൽകുമാർ പണം വാങ്ങിക്കൊടുത്തത്. ഡിജിറ്റൽ മാർക്കറ്റിംഗ് സൈറ്റ് വഴി പരസ്യം ചെയ്താണ് പ്രതികൾ ഉദ്യോഗാർത്ഥികളെ ആകർഷിച്ചത്.

പണം വാങ്ങിയിട്ടും വിസ ലഭിക്കാതിരുന്നതോടെ ആളുകൾ പരാതിയുമായി ബിനിൽകുമാറിന്റെ അടുത്തെത്തിയതോടെ ഇയാൾ ചിഞ്ചുവിനെയും അനീഷിനെയും ബന്ധപ്പെട്ടു. ഉദ്യോഗാർത്ഥികൾ ബഹളം വെക്കുന്നുവെന്ന് ബിനിൽകുമാർ പറഞ്ഞപ്പോൾ ഇവർ മുപ്പതു പേർക്കുള്ള വിസ വാട്ട്സ്ആപ്പിൽ അയച്ചുകൊടുത്തു. വിമാന ടിക്കറ്റും നൽകി. എന്നാൽ ഇത് വ്യാജമായി ഉണ്ടാക്കിയതാണെന്ന് ബോധ്യമായതോടെ ബിനിൽകുമാർ പൊലീസിൽ പരാതി നൽകുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version