Article/Openion

ശംഖജം – പ്രവാസത്തിന്റെ നീറുന്ന കഥ

Published

on

പ്രവാസി സാഹിത്യകാരൻ ശരവൺ മഹേശ്വറിന്റെ 30 വർഷക്കാലത്തെ പ്രവാസജീവിതത്തിന്റെ പരിച്ഛേദമാണ് ശംഖജം എന്ന നോവൽ. ശംഖജം എന്നാല്‍ വലിയ മുത്ത് എന്നര്‍ത്ഥം. എല്ലാവരും മുത്ത് വാരാനാണല്ലോ ഗള്‍ഫിലെത്തുന്നത്. അതില്‍ 100 പേരെ എടുത്താല്‍ 90 പേരും ദു:ഖക്കയത്തില്‍ തന്നെയായിരിക്കും. രക്ഷപ്പെടുന്ന 10 പേര്‍ സ്ഥായിയായി എന്തെങ്കിലും നേടുന്നുണ്ടോ എന്നതും സംശയം.

കുമരകത്ത് ഡോ.പി.ജി അച്യുതന്‍ നായരുടെ മകനായി ജനുവരി 13ന് തിരുവനന്തപുരത്ത് ജനിച്ച രവികുമാർ എന്ന ശരവണ്‍ മഹേശ്വര്‍
തിരുവനന്തപുരം മോഡല്‍ സ്‌കൂളിലും സംസ്‌കൃതകോളജിലും പഠനം പൂർത്തിയാക്കി. പിന്നെ നാട്ടിൽ തൊഴിലും എഴുത്തുമായി കുറച്ചു കാലം. തുടർന്നാണ് ജോലിക്കായി 1989ൽ ഖത്തറിൽ എത്തുന്നത്. നീണ്ട 15 വര്‍ഷങ്ങൾക്കുശേഷം നാട്ടിലേക്ക് മടക്കം. വീണ്ടും 2007ൽ ദുബായിലേക്ക്.

ഖത്തര്‍, ബഹറിന്‍, സഊദി അറേബ്യ, യുഎഇ തുടങ്ങി ആറോളം രാജ്യങ്ങളിലായി കൂലിപ്പണി മുതല്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫിസര്‍ പദവി വരെയുള്ള ജോലികൾ ചെയ്തു. ഏത് ജോലിക്കും അതിന്റേതായ അന്തസ്സും നിലനില്പ്പും ഉണ്ടെന്ന് വിശ്വസിക്കുന്ന ഇദ്ദേഹത്തിന്റെ അനുഭവങ്ങളാണ് നവരസം സംഗീതസഭയുടെ 2022ലെ ഗോവിന്ദ് രചന അവാർഡ് ലഭിച്ച ശംഖജം എന്ന നോവലിൽ ഉള്ളത്. പറഞ്ഞറിയിക്കാന്‍ പറ്റാത്ത നൂറു കണക്കിന് അനുഭവങ്ങള്‍, ജീവിക്കാന്‍ ഒരു കച്ചിത്തുരുമ്പ് പോലും ലഭിക്കാതെ ആത്മഹത്യ ചെയ്യ്താലോയെന്നുപോലും ചിന്തിച്ച ദിനങ്ങൾ… എല്ലാം തരണം ചെയ്ത ഇദ്ദേഹം എട്ട് വര്‍ഷമെടുത്താണ് ശംഖജം പൂര്‍ത്തിയാക്കിയത്.

വീട്ടില്‍നിന്നും ചുറ്റുവട്ടത്തുനിന്നും കിട്ടിയതും പ്രവാസജീവിതത്തിലെയും കയ്‌പേറിയ അനുഭവങ്ങളുടെ ശക്തിയിൽ കഴിഞ്ഞ നാല് പതിറ്റാണ്ടുകളായി ശരവണ്‍ മഹേശ്വറിന്റെ തൂലികയിലൂടെ നിരവധി കവിത-ചെറുകഥ സമാഹരങ്ങള്‍, നോവലുകള്‍, ചലച്ചിത്ര തിരക്കഥകള്‍, സിനിമാ അനുഭവങ്ങള്‍, കത്തുകളുടെ സമാഹാരം എന്നിങ്ങിനെ 56 ഓളം കൃതികൾ രൂപപ്പെട്ടതിൽ 23 എണ്ണം പ്രസിദ്ധീകരിക്കപ്പെട്ടു.

കാലാനുവർത്തിയായി വായനക്കാരിലേക്ക് അനുസ്യൂതം ഒഴുകിക്കൊണ്ടിരിക്കുന്ന ഇദ്ദേഹത്തിന്റെ സൃഷ്ടികള്‍ക്ക് അവതാരികകളും ആമുഖങ്ങളും നിരൂപണങ്ങളും എഴുതിയിട്ടുള്ളത് തകഴി, ബഷീര്‍, മഹാകവി അക്കിത്തം, മഹാകവി ഒളപ്പമണ്ണ, മഹാകവി എം പി അപ്പന്‍, പെരുമ്പടവം ശ്രീധരന്‍, ബാലാമണിയമ്മ, ശ്രീമതി മനോന്‍, ഡോ. ജി രാമചന്ദ്രന്‍ എന്നിവരടങ്ങുന്ന മലയാളസാഹിത്യത്തിലെ 49ഓളം പ്രതിഭകളാണ്.

വിവിധ ചാനലുകളിൽ സംപ്രേഷണം ചെയ്ത ശാന്തിമന്ത്രം മുഴക്കുന്ന മരുത്വാമല, പൂർണമായും മിഡിലീസ്റ്റിൽ ചിത്രീകരിച്ച ആദ്യഹിന്ദി ഹൃസ്വചിത്രമായ ആകർഷിത്, നൃത്തസംഗീതചിത്രമായ ദമരു, മറന്നുവോ നീയെൻ തുടങ്ങി നിരവധി ഹൃസ്വചിത്രസംവിധാനങ്ങളും എഴുത്തിനൊപ്പം സംഭവിച്ചു. അതോടൊപ്പം 36 ഭാഗങ്ങളായി ശംഖജം എന്ന നോവൽ സ്പാർക്ക് മീഡിയ എന്ന യുട്യൂബ് ചാനലിലൂടെ എഴുത്തുകാരൻ തന്നെ അവതരിപ്പിക്കുന്നത് വൈകാതെ സംപ്രേക്ഷണം ആരംഭിക്കും.

2005ല്‍ ഫ്രണ്ട്‌ഷിപ്പ്‌ ഫോറം ഓഫ്‌ ഇന്ത്യയുടെ ഭരത്‌ എക്‌സലന്‍സ്‌ അവാര്‍ഡ്‌, 2006ല്‍ ഇന്റര്‍നാഷണല്‍ പെന്‍ഗ്വിന്‍ പബ്ലിഷിങ്‌ ഹൗസിന്റെ പേഴ്‌സ്‌ണാലിറ്റി ഓഫ്‌ ഇന്ത്യ അവാര്‍ഡ്‌ തുടങ്ങി നിരവധി പുരസ്‌കാരങ്ങള്‍ ഇദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്‌.

തന്റെ സാഹിത്യപ്രവർത്തനങ്ങളുമായി തിരക്കിൽ നിന്ന് തിരക്കിലേക്ക് സഞ്ചരിച്ചുകൊണ്ടിരിക്കുന്ന ഇദ്ദേഹമിപ്പോൾ ‘വൈഗ തൻ നദിക്കരയിലെ’ എന്ന തമിഴ് ചലച്ചിത്രവുമായി ബന്ധപ്പെട്ട തിരക്കുകളിലാണ്.

പാര്‍വതി മഹേശ്വറാണ്‌ ഭാര്യ. വിശാഖ്‌ മഹേശ്വര്‍ ഏക മകൻ.
***************

– മുഹമ്മദ് സഗീർ പണ്ടാരത്തിൽ

***************

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version