Kerala

ശക്തന്റെ തട്ടകത്തിൽ ശക്തി ആർക്ക്?

Published

on

സിറ്റിംഗ് എം.പി ടി.എൻ പ്രതാപൻ തന്നെയാകും തൃശ്ശൂരിൽ ഇത്തവണ യുഡിഫ് സ്ഥാനാർത്ഥി. നിലവിൽ യുഡിഎഫിന് നിർത്താവുന്ന മികച്ച സ്ഥാനാർത്ഥിയാണ് പ്രതാപൻ.

പ്രധാനമന്ത്രി നരേന്ദ്രമോദിയും അമിത്ഷായും നേരിട്ട് പിന്തുണക്കുന്ന സുരേഷ് ഗോപിയാണ് ബി.ജെ.പി സ്ഥാനാർത്ഥി. താരപരിവേഷവും സാധാരണക്കാർക്ക് വേണ്ടി പ്രവർത്തിക്കുന്നു എന്ന ഇമേജും സുരേഷ് ഗോപിക്ക് വൻ ജനപിന്തുണ നേടിക്കൊടുത്തിരിക്കുന്നു.

ഇടത് സ്ഥാനാർത്ഥിയെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും മുൻ കൃഷിമന്ത്രി കൂടെയായ അഡ്വ.വി.എസ്.സുനിൽ കുമാറിന്റെ പേരാണ് മുന്നിൽ നിൽക്കുന്നത്. മികച്ച സംഘാടകൻ, പാർലമെന്റേറിയൻ, വാഗ്മി എന്നീ നിലകളിൽ സൽപ്പേരുള്ള അഡ്വ.വി.എസ് സുനിൽകുമാറിന് സംസ്ഥാനഭരണത്തിനെതിരെയുള്ള ജനവികാരം സുനിൽ കുമാറിന്റെ വോട്ടു ശതമാനത്തിൽ കുറവ് വരുത്തുവാനിടയുണ്ട്.

ഇടതുപക്ഷത്തിന് ശക്തമായ വേരോട്ടമുണ്ട് തൃശ്ശൂരിൽ. നിയമസഭയിലെ മുഴുവൻ സീറ്റുകളും എൽ.ഡി.എഫിനാണ് ലഭിച്ചത്. ത്രിതലപഞ്ചായത്തുകളിലും ഇടത് പക്ഷത്തിന് മൃഗീയഭൂരിപക്ഷമുണ്ട്. കഴിഞ്ഞ തവണ സുരേഷ് ഗോപിയെ തോൽപ്പിക്കാൻ ടി.എൻ പ്രതാപന് ക്രോസ് വോട്ടിംഗ് നടന്നു എന്ന ആക്ഷേപം ഉയർന്നിരുന്നു. എന്നാൽ വി.എസ് സുനിൽകുമാറിനെ പോലെ ജനകീയ അടിത്തറയുള്ള ശക്തനായ നേതാവ് ഇടതുപക്ഷത്തു നിന്നും തിരഞ്ഞെടുപ്പ് ഗോദയിൽ ഇറങ്ങിയാൽ വോട്ടു ചോർച്ചയുടെ സാധ്യത ഇല്ലാതാവും. അതേസമയം ദുർബലനായ സ്ഥാനാർത്ഥിയെ ആണ് ഇടതുപക്ഷം രംഗത്ത് ഇറക്കുന്നതെങ്കിൽ ടി.എൻ പ്രതാപൻ കഴിഞ്ഞ തവണത്തെ പോലെ വിജയിച്ചു കയറും.

ശക്തൻ മാർക്കറ്റിന്റെ നവീകരണത്തിന് ഒരു കോടി നൽകിയതും ഗുരുവായൂർ മേൽപാലത്തിന്റെ നിർമ്മാണം പ്രതിസന്ധിയിലായപ്പോൾ ഇടപെടൽ നടത്തിയതും വിജയിച്ചാൽ വലിയ വികസനപ്രവർത്തനങ്ങൾ തൃശ്ശൂരിൽ കൊണ്ടുവരും എന്ന പ്രതീക്ഷക്ക് കാരണമാവുന്നു. വീണ്ടും മോദിസർക്കാർ അധികാരത്തിൽ എത്തിയാൽ സുരേഷ് ഗോപി കേന്ദ്രമന്ത്രിയാവാനും വലിയ സാധ്യതയുണ്ട്. ക്രിസ്ത്യൻ വോട്ടുകൾ ബി.ജെ.പിയിലേക്ക് അടുപ്പിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ടു നടത്തുന്ന ശ്രമങ്ങളും സുരേഷ് ഗോപിക്ക് സാധ്യത വർദ്ധിപ്പിക്കുന്നു.

ഒന്നിലധികം തവണ തൃശൂരിലെ വിവിധ മണ്ഡലങ്ങളിൽ നിന്നും എം.എൽ.എ ആയിരുന്ന ടി.എൻ.പ്രതാപൻ മുസ്ലിം ന്യൂനപക്ഷങ്ങളെ ചേർത്തുനിർത്തുന്നതിൽ മുന്നിലാണ്. നോമ്പ് എടുത്തും അവരുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ശക്തമായി പ്രതികരിച്ചും അദ്ദേഹം സജീവമാണ്. രാഷ്ട്രീയത്തിൽ ഗുരുവായ സുധീരനെപ്പോലെ ആദർശപ്രതിച്ഛായയുണ്ട് പ്രതാപന്.

ഇങ്ങനെയാണ് സ്ഥാനാർത്ഥിസാധ്യതയെന്നുവരുമ്പോൾ മൂന്നുമുന്നണിക്കും തുല്യസാധ്യതയാണ് കണക്കാക്കപ്പെടുന്നത്. മുസ്ലിം ന്യൂനപക്ഷവോട്ടുകൾ പ്രതാപനും സുനിൽകുമാറും പങ്കിട്ടെടുക്കുമ്പോൾ ക്രിസ്ത്യൻ വോട്ടുകൾ ഇത്തവണ സുനിൽകുമാറും സുരേഷ് ഗോപിയുമാവും പങ്കുവെയ്ക്കുക. ഹൈന്ദവവോട്ടുകളിൽ നല്ലൊരുഭാഗം ഇത്തവണ സുരേഷ് ഗോപി നേടാൻ സാധ്യത ഉണ്ട്.

മൂന്നുപേരും ഒരേ അളവിൽ കരുത്തരായതുകൊണ്ട് വാശിയേറിയ മത്സരത്തിൽ ആരുനേടും എന്ന യഥാർത്ഥമായ ആകാംഷയിൽ ചൂടുപിടിക്കുകയാണ് ശക്തന്റെ തട്ടകം.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version