Crime

ശബരിമലയില്‍ സര്‍ക്കാര്‍ സംവിധാനം സമ്പൂര്‍ണ്ണപരാജയം: കെ.സുധാകരന്‍

Published

on

കേരളത്തിന്റെ ചരിത്രത്തിലാദ്യമായി ശബരിമല തീര്‍ത്ഥാടകര്‍ മലകയറി അയ്യപ്പദര്‍ശനം ലഭിക്കാതെ നിരാശയോടെ മടങ്ങിപ്പോവുകയും ഗവര്‍ണര്‍ കാറില്‍നിന്നിറങ്ങി സ്വയരക്ഷ തേടുകയും ചെയ്യുന്ന അതീവഗുരുതരമായ അവസ്ഥയിലേക്ക് കേരളത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍ തള്ളിവിട്ടെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി.

ശബരിമലയില്‍ മതിയായ ക്രമീകരണങ്ങളില്ലാത്തതിനെ തുടര്‍ന്ന് പെണ്‍കുട്ടി മരിക്കുന്നു. അയ്യപ്പഭക്തര്‍ 18-20 മണിക്കൂര്‍ കാത്തുനില്ക്കുന്നു. മനംമടുത്ത് അനേകം ഭക്തര്‍ അയ്യപ്പദര്‍ശനം ലഭിക്കാതെ കൂട്ടത്തോടെ തിരികെപ്പോവുന്നത് ആദ്യമായിട്ടാണ്. തുടര്‍ച്ചയായ അഞ്ചാം ദിവസമാണിത് സംഭവിക്കുന്നത്. പ്രതിദിനം ലക്ഷത്തിലധികം ഭക്തരെത്തുന്ന ശബരിമലയില്‍ തിരക്ക് നിയന്ത്രിക്കാനും സുരക്ഷക്ക് ആവശ്യത്തിന് പോലീസുകാരില്ല. 41 ദിവസം വ്രതമെടുത്ത് അയ്യപ്പനെ കാണാനെത്തുന്ന ഭക്തന്റെ സുരക്ഷക്ക് വെറും 615 പോലീസുകാരെ മാത്രം വിന്യസിക്കുകയും ഭീക്ഷണിപ്പെടുത്തിയും കൂലിക്ക് ആളെ ഇറക്കിയും സംഘടിപ്പിക്കുന്ന എല്‍ഡിഎഫിന്റെ തിരഞ്ഞെടുപ്പ് മാമാങ്കമായ നവകേരള സദസ്സിലെ പിണറായിദര്‍ശനത്തിന് സുരക്ഷയൊരുക്കാന്‍ 2250 പോലീസുകാരെയാണ് നിയോഗിച്ചിരിക്കുന്നത്. ഭക്തരുടെ തിരക്ക് നിയന്ത്രിക്കാനോ സൗകര്യം ഏര്‍പ്പെടുത്താനോ സര്‍ക്കാര്‍ തയാറാകുന്നില്ല. അന്യസംസ്ഥാന അയപ്പഭക്തര്‍ സര്‍ക്കാരിനും മുഖ്യമന്ത്രിക്കും എതിരെ മുദ്രാവാക്യം വിളിച്ച് പ്രതിഷേധിക്കേണ്ട സാഹചര്യം ഉണ്ടായത് കേരളത്തിന് തന്നെ അപമാനമാണ്.

മന്ത്രിതലത്തില്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാത്തതിന്റെ പ്രശ്‌നങ്ങള്‍ പ്രകടമാണ്. ക്യൂവില്‍ നില്‍ക്കുന്ന ഭക്തര്‍ക്ക് ചുക്കുവെള്ളവും ബിസ്‌ക്കറ്റും നല്‍കണമെന്ന കോടതി ഉത്തരവ് പാലിക്കപ്പെടുന്നില്ല. വെള്ളം കിട്ടാതെ ഭക്തര്‍ ക്യൂവില്‍ കുഴഞ്ഞ് വീഴുന്നു. തിരക്ക് നിയന്ത്രിക്കാന്‍ പോലീസിനെ വിട്ടുനല്‍കാത്ത മുഖ്യമന്ത്രി വോളന്റിയര്‍മാരായി സന്നദ്ധസംഘടനാപ്രവര്‍ത്തകരെയെങ്കിലും നിയോഗിക്കണം. ശബരിമലയിലെ സന്നദ്ധപ്രവര്‍ത്തനത്തിന് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വിട്ടുതരാന്‍ ഒരുക്കമാണെന്നും സുധാകരന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version