Education

സേവനം ഇല്ലാത്ത പെൻഷൻഭാരം; അധ്യാപകരുടെ ദീർഘകാല അവധിക്ക് പൂട്ട് വീഴുന്നു

Published

on

ദീർഘകാല അവധിയെടുക്കുന്ന അധ്യാപകർക്ക് പൂട്ടുവീഴുംവിധം 2020 ഡിസംബർ 30-ന് പുറത്തിറക്കിയ കേരള സർവീസ് ചട്ടം (കെഎസ്ആർ) പുതുക്കിയ മാർഗ്ഗരേഖ പൊതുവിദ്യാഭ്യാസവകുപ്പ് കർശനമായി നടപ്പാക്കുന്നു. മതിയായ കാരണങ്ങളുണ്ടെങ്കിൽ മാത്രമേ ഇനി അധ്യാപകർക്ക് ​ദീർഘകാല അവധി അനുവദിക്കൂ. സ്കൂളുകൾ ഒഴിവാക്കി ഡെപ്യൂട്ടേഷനിൽ മറ്റിടങ്ങളിലേക്ക് പോകുന്നതിനും ഇതോടെ നിയന്ത്രണമാകും.

നിലവിൽ ലോം​ഗ് ലീവെടുത്ത് മറ്റ് പരിപാടികൾ നോക്കുന്ന അധ്യാപകരിൽ പലരും പെൻഷൻ കിട്ടാൻ പാകത്തിൽ തിരികെ സർവീസിൽ പ്രവേശിക്കുന്നതിനാൽ സേവനം ലഭിക്കാതെ പെൻഷൻ നൽകുന്ന വിചിത്രസാഹചര്യം ഒഴിവാക്കാനാണ് നീക്കം. ദീർഘാവധിക്കുള്ള കാരണം യഥാർത്ഥമാണോയെന്ന് ജില്ലാ വിദ്യാഭ്യാസ ഓഫീസർമാർ അന്വേഷിച്ച് റിപ്പോർട്ട് നൽകണം. അവധിയപേക്ഷ പ്രഥമാധ്യാപകനും എഇഒ-യും ഡിഇഒ-യും പരിശോധിച്ച്‌ വിദ്യാഭ്യാസവകുപ്പിലേക്ക് അയയ്ക്കും. അച്ചടക്കനടപടി നേരിട്ടിരുന്നോ, മുമ്പ് ദീർഘാവധിയെടുത്തിരുന്നോ തുടങ്ങിയവ പരിശോധിച്ചു മാത്രമേ അപേക്ഷയിൽ തീരുമാനമെടുക്കുകയുള്ളൂ.

2020 ഡിസംബർ 30-ന് പുറത്തിറക്കിയ കേരള സർവീസ് ചട്ടം (കെ.എസ്.ആർ.) പുതുക്കിയ മാർഗ്ഗരേഖ അനുസരിച്ച് ഒന്നുമുതൽ അഞ്ചുവർഷം വരെ ശൂന്യാവധി അനുവദിക്കും. അവധി ഒരു വർഷത്തേക്കാണെങ്കിലും പകരം ആളെ നിയമിക്കാം. അവധി കാലാവധി കഴിഞ്ഞാൽ അതേ സ്കൂളിൽ തിരിച്ച് പ്രവേശിക്കാനാകണമെന്നില്ല. ജില്ലയിലോ പുറത്തോ ഉള്ള ഒഴിവ് അനുസരിച്ചാകും നിയമനം. ദീർഘാവധി അവസാനിക്കുന്ന മുറയ്ക്ക് തിരികെ ജോലിക്ക്‌ ഹാജരായില്ലെങ്കിൽ കെ.എസ്.ആർ. 12 എ ചട്ടം ഒൻപത് 12 സി പ്രകാരം സർവീസിൽനിന്ന്‌ നീക്കി ആ ഒഴിവിലേക്ക് പി.എസ്.സി. വഴി നിയമനം നടത്തും. അടുത്ത അധ്യയനവർഷം മുതൽ ഇത് കർശനമാക്കുകയാണ്. ദീർഘാവധി അനുവദിക്കണമെങ്കിൽ‌ ചുരുങ്ങിയത് മൂന്നുമാസം മുൻപ് അപേക്ഷിക്കണം. അടുത്ത അധ്യയനവർഷത്തേക്ക് ഇതിനകം നൂറോളം അപേക്ഷകൾ ലഭിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version