Cinema

‘സിംഹാദ്രി’ പ്രദർശിപ്പിച്ച തിയേറ്ററിൽ തീപിടിത്തം.

Published

on

ജൂനിയർ എൻ ടി ആറിന്റെ 2003ലെ ഹിറ്റ് ചിത്രമായ ‘സിംഹാദ്രി’ പ്രദർശിപ്പിച്ച തിയേറ്ററിൽ തീപിടിത്തം. അദ്ദേഹത്തിന്റെ ജന്മദിനത്തോടനുബന്ധിച്ചാണ് ചിത്രം റീ റിലീസ് ചെയ്തത്. ഇത് കാണാൻ എത്തിയ ആരാധകർ തിയേറ്ററിന് അകത്ത് പടക്കം പൊട്ടിച്ചതോടെയാണ് തിയേറ്ററിൽ തീ പടർന്നത്. ആന്ധ്രാ പ്രദേശ് വിജയവാഡയിലെ അപ്സര തിയേറ്ററിലാണ് സംഭവം. ഇതിന്റെ വീഡിയോകൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. കാണികളെ തിയേറ്ററിൽ നിന്ന് ഒഴിപ്പിക്കുന്നതും തീ അണയ്ക്കാൻ ശ്രമിക്കുന്നതും വീഡിയോയിൽ കാണാം. തീപിടിത്തമുണ്ടാകുന്നതിന് മുൻപ് ആരാധകർ അകത്ത് പടക്കം പൊട്ടിച്ചിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. തിയേറ്റർ അധികൃതരും പൊലീസുമെത്തിയാണ് തീ അണച്ചത്. സംഭവത്തിന്റെ വീഡിയോ പ്രചരിച്ചതിന് പിന്നാലെ താരത്തിന്റെ ആരാധകർക്ക് നേരെ രൂക്ഷ പ്രതികരണവുമായി നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്. എസ് എസ് രാജമൗലി സംവിധാനം ചെയ്ത ചിത്രമാണ് ‘സിംഹാദ്രി’. എൻ ടി ആറിന്റെ 40ാം ജന്മദിനത്തോടനുബന്ധിച്ച് തെലങ്കാനയിലും ആന്ധ്രാപ്രദേശിലും ചിത്രം റീ റിലീസ് ചെയ്തിരുന്നു. അതേസമയം ജൂനിയർ എൻ ടി ആർ തന്റെ പുതിയ ചിത്രമായ ‘ദേവര’യുടെ ഷൂട്ടിന്റെ തിരക്കിലാണ്. കൊരട്ടാല ശിവ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ജാൻവി കാപൂറാണ് നായിക. സെയ്ഫ് അലിഖാൻ, ഷൈൻ ടോം ചാക്കോ എന്നിവരും പ്രധാന വേഷത്തിൽ എത്തുന്നു. ജാൻവി കപൂർ ആദ്യമായാണ് തെലുങ്ക് ചിത്രത്തിൽ അഭിനയിക്കുന്നത്. ദസറയ്ക്കു ശേഷം ഷൈൻ ടോം ചാക്കോ തെലുങ്ക് സിനിമയുടെ ഭാഗമാവുന്നു എന്ന പ്രത്യേകതയും ചിത്രത്തിന് ഉണ്ട്. യുവ സുധ ആർട്സും എൻ.ടി. ആർ ആർട്സും ചേർന്നാണ് നിർമ്മാണം.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version