Business

ചെറുകിട സമ്പാദ്യപദ്ധതിയിൽ എത്തിയത് മൂന്നിരട്ടിയിലേറെ നിക്ഷേപം

Published

on

കേന്ദ്രസർക്കാർ പിന്തുണയിലുള്ള ചെറുകിട സമ്പാദ്യപദ്ധതിയിൽ ഏപ്രിൽ മാസത്തിൽ മാത്രമെത്തിയത്‍ മൂന്നിരട്ടിയിലേറെ നിക്ഷേപം. മുതിർന്ന പൗരൻമാർക്കായുള്ള ചെറുകിട നിക്ഷേപപദ്ധതിയായ സീനിയർ സിറ്റിസൺ സേവിംഗ് സ്കീമിലേക്കാണ് വൻ നിക്ഷേപം എത്തിയത്. ഏപ്രിൽ മാസത്തിൽ സാധാരണഗതിയിൽ ഏകദേശം 3000 കോടിയാണ് നിക്ഷേപമായി ലഭിക്കാറുള്ളത്. എന്നാൽ ഇത്തവണ ഏപ്രിൽ മാസനിക്ഷേപം 10000 കോടി രൂപയായി വർധിച്ചതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഇക്കഴിഞ്ഞ കേന്ദ്രബജറ്റിൽ മുതിർന്ന പൗരൻമാർക്കുള്ള സീനിയർ സിറ്റിസൺ സേവിംഗ്സ് സ്കീമിന് കീഴിലുള്ള നിക്ഷേപ പരിധി 15 ലക്ഷത്തിൽ നിന്ന് 30 ലക്ഷമായി ഉയർത്തിയിരുന്നു. ഏപ്രിൽ- ജൂൺ പാദത്തിൽ 8.2 ശതമാനമെന്ന ആകർഷകമായ പലിശനിരക്കും വാഗ്ദാനം ചെയ്തു. 8 ശതമാനമായിരുന്നു ജനുവരി-ഏപ്രിൽ പാദത്തിലെ പലിശനിരക്ക്.

മുതിര്‍ന്നവര്‍ക്ക് അവരുടെ വിരമിക്കലിന് ശേഷമുള്ള വര്‍ഷങ്ങളില്‍ സുരക്ഷിതമായ വരുമാനമാര്‍ഗ്ഗം നല്‍കുകയെന്ന ലക്ഷ്യത്തോടെ 2004 ലാണ് സര്‍ക്കാര്‍ പിന്തുണയില്‍ സീനിയര്‍ സിറ്റിസണ്‍ സേവിംഗ്‌സ് സ്‌കീം (എസ്സിഎസ്എസ്) തുടങ്ങിയത്. ഒരു മുതിർന്ന പൗരന് ഒരു ബാങ്കിലോ പോസ്റ്റ് ഓഫീസിലോ സീനിയർ സിറ്റിസൺ സേവിംഗ്‌സ് സ്‌കീമിൽ അക്കൗണ്ട് ഓപ്പൺ ചെയ്യാം. ആയിരം രൂപയാണ് കുറഞ്ഞ നിക്ഷേപം. പരമാവധി 30 ലക്ഷം രൂപവരെ പദ്ധതിയിൽ നിക്ഷേപിക്കാം. ഒരു അക്കൗണ്ടിൽ നിന്ന് ഒന്നിലധികം തവണ പിൻവലിക്കൽ അനുവദനീയമല്ല. 8.2 ശതമാനമാണ് നിലവിലെ പലിശ നിരക്ക് .കാലാവധി പൂർത്തിയാകുമ്പോൾ അഞ്ച് വർഷത്തെ കാലാവധി പുതുക്കാം.

പദ്ധതിയിൽ അംഗമാകുന്നതിനുള്ള മാനദണ്ഡങ്ങൾ:

സിംഗിൾ ആയും ജോയിന്റ് ആയും അക്കൗണ്ട് തുറക്കാം. അതായത് ഒരു നിക്ഷേപകന് വ്യക്തിഗതമായും ദമ്പതികൾക്ക് പങ്കാളിയുമായി ചേർന്നും ഒരു അക്കൗണ്ട് തുറക്കാം. ഒരു ജോയിന്റ് അക്കൗണ്ടിലെ നിക്ഷേപത്തിന്റെ മുഴുവൻ തുകയും ആദ്യ അക്കൗണ്ട് ഉടമയ്ക്ക് മാത്രമായിരിക്കും. അഞ്ച് വർഷമാണ് പദ്ധതി കാലാവധി. ആവശ്യമെങ്കിൽ 3 വർഷം കൂടി കാലാവധി ഉയർത്താം. ഏപ്രിൽ/ജൂലൈ/ഒക്ടോബർ/ജനുവരി മാസങ്ങളിലെ ഒന്നാം പ്രവൃത്തി ദിനത്തിലാണ് പലിശ ലഭിക്കുക. 2023 ജൂൺ 30-ന് അവസാനിക്കുന്ന പാദത്തിൽ, സീനിയർ സിറ്റിസൺസ് സേവിംഗ്‌സ് സ്‌കീമിന്റെ പലിശ നിരക്ക് 8.2% ആണ്. അത്യാവശ്യഘട്ടത്തിൽ വ്യവസ്ഥകൾക്ക് വിധേയമായി പണം പിൻവലിക്കാം. എസ് സിഎസ്എസിലെ നിക്ഷേപങ്ങൾക്ക് ആദായനികുതി നിയമത്തിന്റെ സെക്ഷൻ 80-ഇ പ്രകാരം നികുതി ഇളവ് ലഭിക്കും.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version