Kerala

രാഹുൽ മാങ്കൂട്ടത്തിൽ ഇനി സംസ്ഥാനയൂത്ത് കോൺഗ്രസ്സിനെ നയിക്കും

Published

on

യൂത്ത് കോൺഗ്രസിന് പുതിയ സംസ്ഥാന അധ്യക്ഷനായി. അരലക്ഷം വോട്ടിന്‍റെ ലീഡിൽ എ ഗ്രൂപ്പ് സ്ഥാനാർത്ഥിയായ രാഹുൽ മാങ്കൂട്ടത്തിൽ യൂത്ത് കോൺഗ്രസ് അധ്യക്ഷ പദവിയിലെത്തി. കോൺഗ്രസിന് വേണ്ടി ചാനൽ ചർച്ചകളിൽ നിറഞ്ഞു നിന്ന രാഹുൽ രണ്ടാം സ്ഥാനത്തുള്ള അബിന്‍ വര്‍ക്കിയേക്കാള്‍ 53398 വോട്ടുകള്‍ നേടിയാണ് വിജയിയായത്.

നിലവിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയും കെപിസിസി അംഗവുമാണ് കോൺഗ്രസിന്‍റെ യുവനേതൃനിരയിലുള്ള രാഹുൽ. കെഎസ്‍യു സംസ്ഥാന ജനറൽ സെക്രട്ടറിയും എൻഎസ്‌യു ദേശീയ സെക്രട്ടറിയും ആയി ചുമതല വഹിച്ചിരുന്നു. ഡൽഹി സെന്റ് സ്റ്റീഫൻസിൽനിന്ന് ഹിസ്റ്ററിയിൽ ബിരുദാനന്തര ബിരുദം നേടയിട്ടുള്ള രാഹുൽ നിലവിൽ എംജി യൂണിവേഴ്സിറ്റിയിൽ പിഎച്ച്ഡി ചെയ്യുകയാണ്. പത്തനംതിട്ട അടൂർ സ്വദേശിയായ രാഹുൽ ചാനൽ ചർച്ചകളിലൂടെയാണ് കോണ്‍ഗ്രസിൽ ശ്രദ്ധേയനാകുന്നത്. സമൂഹമാധ്യമങ്ങളിൽ സജീവമായ രാഹുലിന് വലിയ പിന്തുണയുണ്ട്. പാർട്ടി പ്രതിസന്ധിയിൽ അകപ്പെടുമ്പോഴും രാഷ്ട്രീയവിവാദങ്ങളിലും സമൂഹമാധ്യമങ്ങളിലൂടെ കോൺഗ്രസിന് വേണ്ടി സജീവ ഇടപെടൽ നടത്തിയിരുന്ന രാഹുൽ തൃക്കാക്കരയിലെയും പുതുപ്പള്ളിയിലെയും ഉപതെരഞ്ഞെടുപ്പിൽ പ്രചാരണ രംഗത്ത് മുൻ നിരയിലുണ്ടായിരുന്നു.

രണ്ട് മാസം മുമ്പ് നടന്ന യൂത്ത് കോൺഗ്രസ് നേതൃത്വതെരഞ്ഞെടുപ്പിൽ പ്രസി‍ഡന്‍റ് സ്ഥാനത്തേക്ക് എ, ഐ ഗ്രൂപ്പുകള്‍ നേരിട്ട് മല്‍സരരംഗത്തുണ്ടായിരുന്നു. എ ഗ്രൂപ്പില്‍നിന്ന് രാഹുല്‍ മാങ്കൂട്ടത്തിലും ഐ ഗ്രൂപ്പില്‍നിന്ന് അബിന്‍ വര്‍ക്കിയുമാണ് യൂത്ത് കോൺഗ്രസ് അധ്യക്ഷപദവിയിലേക്ക് മത്സര രംഗത്തുണ്ടായിരുന്നത്. രാഹുലിന് എതിരായി കെസി വേണുഗോപാല്‍ പക്ഷവും സ്ഥാനാർത്ഥിയെ രംഗത്തിറക്കിയിരുന്നെങ്കിലും അവസാനനിമിഷം സ്ഥാനാർത്ഥിയെ പിൻവലിച്ച് അബിൻ വർക്കിക്ക് പിന്തുണ നൽകി.

തെരഞ്ഞെടുപ്പ് നടന്ന് രണ്ട് മാസങ്ങൾക്ക് ശേഷം ഫലം പ്രഖ്യാപിച്ചപ്പോള്‍ എതിരാളികളെ അമ്പരപ്പിച്ച് വലിയ ഭൂരിപക്ഷത്തിൽ രാഹുൽ വിജയിച്ചു. രണ്ടാം സ്ഥാനത്തുള്ള അബിന്‍ വര്‍ക്കിക്ക് 168588 വോട്ടുകളാണ് ലഭിച്ചത്. 1930 വോട്ടുകള്‍ നേടിയ അരിത ബാബുവാണ് മൂന്നാമത്.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version