Automobile

റോബിൻ ബസ്സിനെ മാത്രം ലക്‌ഷ്യം വെച്ച് സംസ്ഥാനത്തെ എംവിഡി ക്രൂരത; എംവിഡിയുടെ സമഗ്രനിയമപാലനത്തിലെ അഭാവത്തിൽ ജനരോഷം പുകയുന്നു

Published

on

മോട്ടോര്‍ വാഹനവകുപ്പിന്റെ നടപടികളെ കോടതിയിൽ ചോദ്യം ചെയ്ത് കേന്ദ്രസർക്കാർ നിയമം അനുസരിച്ചുള്ള രെജിസ്ട്രേഷനിൽ പത്തനംതിട്ടയിൽനിന്നും കോയമ്പത്തൂരിലേക്ക് സര്‍വീസ് തുടരുന്ന റോബിന്‍ ബസിനെ കഴിഞ്ഞ ദിവസവും തടഞ്ഞ് പരിശോധന നടത്തി. എംവിഡിയുടെ നടപടിയെ പുതുക്കാട് സംഘടിച്ചെത്തിയ നാട്ടുകാര്‍ കൂവി വിളിച്ചു. തുടര്‍ച്ചയായ പരിശോധന തങ്ങളെ ജനങ്ങളെ ബുദ്ധിമുട്ടിക്കുകയാണെന്ന് യാത്രക്കാർ പ്രതികരിച്ചു. സര്‍വീസ് തുടരാനാണ് തീരുമാനമെന്ന് ബസ് ജീവനക്കാര്‍ പറഞ്ഞു.

നേരത്തെ മൂന്നു തവണ ബസ് എംവിഡി ഉദ്യോഗസ്ഥര്‍ തടഞ്ഞ് പരിശോധന നടത്തിയിരുന്നു. രാവിലെ അഞ്ച് മണിക്ക് പത്തനംതിട്ട ബസ് സ്റ്റാന്‍ഡില്‍ നിന്ന് പുറപ്പെട്ട ബസ് 200 മീറ്റര്‍ പിന്നിട്ടപ്പോഴേക്കും മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തി. പെര്‍മിറ്റ് ലംഘനത്തിന് 7500 രൂപ പിഴ ചുമത്തിയെങ്കിലും ബസ് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തില്ല. തുടര്‍ന്ന് പാലായിലും അങ്കമാലിയും ബസ് തടഞ്ഞ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി. അങ്കമാലിയിലും സംഘടിച്ചെത്തിയ നാട്ടുകാര്‍ എംവിഡി ഉദ്യോഗസ്ഥരെ കൂവി വിളിച്ചു.

ഹൈക്കോടതിയുടെ സംരക്ഷണം വാങ്ങിയാണ് നിരത്തിലിറങ്ങുന്നതെന്ന് കഴിഞ്ഞ ദിവസം ഉടമ ഗിരീഷ് വ്യക്തമാക്കിയിരുന്നു. നിയമലംഘനം ചൂണ്ടിക്കാട്ടി മുമ്പ് രണ്ട് തവണ ബസ് എംവിഡി പിടികൂടിയിരുന്നു. പിന്നീട് കോടതി കയറിയാണ് ബസ് പുറത്തിറക്കിയത്. എന്നാല്‍ ടൂറിസ്റ്റ് പെര്‍മിറ്റുള്ള ബസ് സ്റ്റേജ് ക്യാരേജ് ആയി ഓടാന്‍ അനുവദിക്കില്ലെന്ന നിലപാടിലാണ് മോട്ടോര്‍ വാഹന വകുപ്പ്. പിഴ ചുമത്തിയതിനുശേഷവും യാത്ര തുടരുന്ന ബസിനെ വഴിയില്‍ ഇടതടവില്ലാതെ എംവിഡി സംഘങ്ങള്‍ തടഞ്ഞേക്കുമെന്നാണ് സൂചന. സാധുതയുള്ള സ്റ്റേജ് ക്യാരേജ് പെര്‍മിറ്റില്ലാതെ യാത്രക്കാരില്‍ നിന്ന് പ്രത്യേകം യാത്രക്കൂലി ഈടാക്കി സ്റ്റേജ് ക്യാരേജായി ഓടിയതിനുള്ള പിഴയായാണ് 7500 രൂപ ചുമത്തുന്നതെന്ന് എംവിഡി നല്‍കിയ ചെലാനില്‍ രേഖപ്പെടുത്തിയിരിക്കുന്നു.

കോവിഡിനുശേഷം തകർന്നടിഞ്ഞ ബസ് സർവീസ് മേഖല ഒരുപാട് വൈകിയാണ് കുറേശെ ഉണർവ്വിലേക്ക് നീങ്ങാൻ തുടങ്ങിയത്. പക്ഷെ സംസ്ഥാനസർക്കാരിന്റെ ഭാഗത്തുനിന്നുള്ള തുടർച്ചയായ അസംബന്ധപരിഷ്കാരങ്ങളും ഉദ്യോഗസ്ഥദുഷ്പ്രഭുത്വവും മൂലം ഈ വ്യവസായമേഖലയെ ഇല്ലാതാക്കാൻ ഏതൊക്കെയോ കേന്ദ്രങ്ങളിലെ ആരെങ്കിലും അവിശുദ്ധധാരണയിലെത്തിയതിന്റെ ലക്ഷണങ്ങളാണോ എന്ന് പൊതുജനം സംശയിക്കാൻ തുടങ്ങിയിട്ടുണ്ട്. ടൂറിസ്റ്റ് ബസ് മേഖലയെയും യാത്രാബസ് മേഖലയെയും ഒരുമിച്ച് തകർക്കാൻ നീക്കങ്ങൾ മണക്കുന്നതാണ് ഇത്തരം സംശയങ്ങൾ ഉയരുന്നതിന്റെ കാരണം.

നിലവിൽ കേരളത്തിലെ പല ടൂറിസ്റ്റുബസുകാരും മറ്റു സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ചുള്ള പ്രവർത്തനരീതികളിലേക്ക് മാറിക്കഴിഞ്ഞുവെന്നിരിക്കേ യാത്രാബസ് സർവീസുകൾക്കുനേരെ കെ എസ് ആർ ടി സി-ക്കുവേണ്ടിയും അല്ലാതെയും നടത്തുന്ന പരാക്രമങ്ങളിൽ സോഷ്യൽ മീഡിയയിൽ ശക്തമായ വിമർശനങ്ങൾ ഉയരുന്നു. നിയമലംഘനങ്ങളുടെ ലിസ്റ്റ് തരാം; എംവിഡി കഴിവുണ്ടെങ്കിൽ തടയൂ എന്നുള്ള വെല്ലുവിളികളും വ്യാപകമായി രൂപപ്പെടുന്നുണ്ട്. ബസ് സർവ്വീസുകളോടുള്ള പരാക്രമം ഫലത്തിൽ ജനങ്ങളോട് നേരിട്ടുള്ള ആക്രമണമാവുന്നതാണ് ഉദ്യോഗസ്ഥർക്ക് നേരെ ജനരോഷം ഉയരാൻ കാരണം.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version