Art

പഴക്കം 100 വര്‍ഷം; വിസ്‌കിക്ക് വില 22 കോടി രൂപ!

Published

on

97 വര്‍ഷം പഴക്കമുള്ള ഒരു കുപ്പി മക്കാലന്‍ അദാമി സ്കോച്ച് വിസ്കി 22.7 കോടി രൂപ(2.2 മില്യണ്‍ പൗണ്ട്)യുടെ റെക്കോര്‍ഡ് വിലയ്ക്ക് ലേലത്തില്‍ വിറ്റുപോയി! ലണ്ടനിലെ സോത്തെബിസ് ഓക്ഷന്‍ ഹൌസിലാണ് ഈ വിസ്കി ലേലത്തിനു വെച്ചത്.

1926ലാണ് ഈ മദ്യം വാറ്റിയത്. പിന്നീട് 1986 ല്‍ 40 കുപ്പികളിലേക്ക് മാറ്റി. 2019ല്‍ ഒരു കുപ്പി ലേലത്തില്‍ പോയതൊഴികെ മറ്റുള്ള കുപ്പികള്‍ ഇനിയും വില്പനയ്ക്ക് എത്തിയിട്ടില്ല. ചില കുപ്പികള്‍ ദി മക്കാലന്‍റെ മുൻനിര ക്ലയന്‍റുകൾക്ക് വാഗ്ദാനം ചെയ്തെന്ന് റിപ്പോര്‍ട്ടുണ്ട്. 1.2 മില്യൺ പൗണ്ട് വരെ വില പ്രതീക്ഷിക്കുന്നുവെന്നാണ് ലേലസ്ഥാപനം നേരത്തെ പറഞ്ഞത്. എന്നാല്‍ വിസ്കി ലേലത്തില്‍ പോയതാകട്ടെ 2.2 മില്യണ്‍ പൗണ്ടിനും. നേരിട്ടും ഫോണിലൂടെയും നിരവധി പേര്‍ ലേലത്തില്‍ പങ്കെടുത്തു.

‘എല്ലാ ലേലക്കാരും വില്‍ക്കാന്‍ ആഗ്രഹിക്കുന്നതും മദ്യം വാങ്ങുന്നവരെല്ലാം സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നതുമായ ഒരേയൊരു വിസ്കിയാണ് മക്കാലൻ 1926’ എന്നാണ് സോത്തെബിയുടെ തലവൻ ജോണി ഫോൾ അവകാശപ്പെട്ടത്.

മക്കാലന്‍റെ സമാനമായ ഒരു കുപ്പി വിസ്കി 2019 ല്‍ 1.5 മില്യൺ പൗണ്ടിന്(12.45 കോടി രൂപ) വിറ്റിരുന്നു. പിന്നീട് ഇപ്പോഴാണ് അതേ പെട്ടിയില്‍ നിന്നും ഒരു കുപ്പി ലേലത്തിനായി എത്തിയത്. 1926 ലെ പെട്ടിയിൽ നിന്നുള്ള 40 കുപ്പികളും വ്യത്യസ്തരീതികളിലാണ് ലേബൽ ചെയ്തിട്ടുള്ളത്. 12 എണ്ണം പോപ്പ് ആർട്ടിസ്റ്റ് സർ പീറ്റർ ബ്ലെയ്ക്കും മറ്റൊരു 12 കുപ്പികൾ ഇറ്റാലിയൻ ചിത്രകാരനായ വലേരിയോ അദാമിയും രൂപകല്പന ചെയ്തു. അവയില്‍ രണ്ടെണ്ണമാണ് 2019 ലും കഴിഞ്ഞ ദിവസവും റെക്കോര്‍ഡ് വിലയ്ക്ക് വിറ്റുപോയത്.

ബ്ലാക്ക് ചെറി, ഈന്തപ്പഴം, ഓക്ക് എന്നിങ്ങനെയുള്ള കൂട്ടുകളാണ് ഈ വിസ്കിയിലുള്ളത്. ലേലത്തിന് മുന്‍പ് രുചി നോക്കാന്‍ അവസരം ലഭിച്ചിരുന്നുവെന്നും ആ അനുഭവം അസാധ്യമായിരുന്നുവെന്നും സോത്തെബി തലവൻ ജോണി ഫോൾ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version