Kerala

പണം തികയുന്നില്ല; കേരളത്തിൽ ക്ഷേമപെൻഷൻ ഇനിയും വൈകും

Published

on

തിരുവനന്തപുരം: കുടിശികയുള്ള ക്ഷേമപെൻഷനിൽ ഒരുമാസത്തെ പണം ഉടൻ നൽകുമെന്ന് സർക്കാർ പ്രഖ്യാപിച്ചെങ്കിലും ഖജനാവിൽ പണമില്ലാത്ത അവസ്ഥയിൽ പെൻഷൻ ലഭിക്കാൻ ജനങ്ങൾ ഇനിയും കാത്തിരിക്കേണ്ടി വരും.

നാലു മാസത്തെ കുടിശികയിനത്തിൽ 6400 രൂപ വീതമാണ് ഓരോ പെൻഷൻ ​ഗുണഭോക്താക്കൾക്കും ലഭിക്കാനുള്ളത്. ഇതിൽ ഒരുമാസത്തെ പണം നൽകണമെങ്കിൽ തന്നെ 900 കോടി രൂപ വേണം. ഇത്രയും പണം ഇനിയും കണ്ടെത്താനാകാത്തതാണ് പെൻഷൻ വിതരണം പ്രതിസന്ധിയിലാക്കുന്നത്.

ക്ഷേമപെൻഷൻ ഉൾപ്പടെ അടിസ്ഥാനവിഭാഗങ്ങൾക്ക് ആശ്രയമായ ആനുകൂല്യങ്ങൾ മുടങ്ങുന്നതിനെതിരെ സിപിഎം സംസ്ഥാനസമിതിയിൽ വിമർശനം ഉയർന്നതിന് പിന്നാലെ ഒരു മാസത്തെ തുകയെങ്കിലും കൊടുക്കാൻ ധനവകുപ്പ് തിരക്കിട്ട നീക്കം തുടങ്ങുകയും 900 കോടി ഇതിനായി മാറ്റിവയ്ക്കുമെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ വാർത്താക്കുറിപ്പിറക്കുകയും ചെയ്തെങ്കിലും എന്ന് വിതരണം തുടങ്ങുമെന്ന് വ്യക്തമാക്കിയിരുന്നില്ല. ഈയാഴ്ച ക്ഷേമപെൻഷനു വേണ്ട പണം അനുവദിച്ച് വിതരണം തുടങ്ങാൻ സാധിക്കാത്ത സ്ഥിതിയുണ്ട്. റിസർവ് ബാങ്ക് വഴി വായ്പയെടുക്കാൻ അവശേഷിക്കുന്നത് ഇനി 52 കോടി മാത്രമാണ്.

ട്രഷറി നിയന്ത്രണം കടുപ്പിച്ചും ചെലവുകൾ മാറ്റിവച്ചും പണം കണ്ടെത്താനാണ് ശ്രമിക്കുന്നത്. ഇതുവരെ 900 കോടി തികച്ച് സമാഹരിക്കാൻ സാധിച്ചിട്ടില്ല. അതിനാൽ അടുത്തയാഴ്ചയേ ക്ഷേമപെൻഷൻ വിതരണം നടത്താൻ സാധിക്കൂ എന്നതാണ് സ്ഥിതി.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version