Kerala

പങ്കാളിത്ത പെൻഷൻ പുന:പരിശോധന സമിതി റിപ്പോർട്ട് പുറത്തുവിട്ടു

Published

on

തിരുവനന്തപുരം: സുപ്രീംകോടതിയുടെ ഉത്തരവിന് പിന്നാലെ പങ്കാളിത്ത പെൻഷൻ പുന:പരിശോധന സമിതി റിപ്പോർട്ട് പുറത്തുവിട്ടു. ജോയിന്റ് കൗൺസിൽ ജനറൽ സെക്രട്ടറി ജയശ്ചന്ദ്രൻ കല്ലിംഗലിനാണ് പങ്കാളിത്ത പെൻഷൻ പുനഃപരിശോധനാ കമ്മിറ്റി റിപ്പോർട്ട് നൽകിയത്. ധനകാര്യ വകുപ്പിലെ ഉദ്യോഗസ്ഥൻ ജോയിന്റ് കൗൺസിൽ ആസ്ഥാനത്ത് നേരിട്ടെത്തി 116 പേജുള്ള റിപ്പോർട്ട് കൈമാറി. ജയശ്ചന്ദ്രൻ കല്ലിംഗൽ സിവിൽ സർവീസ് സംരക്ഷണയാത്രയുമായി ബന്ധപ്പെട്ട് വയനാട് ആയതിനാൽ സംസ്ഥാന സെക്രട്ടറി എസ്.സജീവ് ജനറൽ സെക്രട്ടറിക്കു വേണ്ടി റിപ്പോർട്ട് ഒപ്പിട്ടു വാങ്ങി.

നീണ്ട വർഷത്തെ കാത്തിരിപ്പുകൾക്കൊടുവിലാണ് പങ്കാളിത്ത പെൻഷൻ പുന:പരിശോധന സമിതി റിപ്പോർട്ട് പ്രസിദ്ധീകരിക്കുന്നത്. ഉമ്മൻചാണ്ടി സർക്കാർ പങ്കാളിത്ത പെൻഷൻ പദ്ധതി നടപ്പിലാക്കിയപ്പോൾ ഉൾപ്പെടുത്തിയ പ്രതിലോമകരമായ നിർദ്ദേശങ്ങൾ മുഴുവനും പുനഃപരിശോധനാ സമിതി തള്ളിക്കളഞ്ഞിട്ടുണ്ട്. പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിക്കാൻ നിയമതടസ്സമുണ്ടെന്ന് റിപ്പോർട്ട് പറയുന്നില്ല. ജോയിന്റ് കൗൺസിൽ മുന്നോട്ടു വെച്ച നിർദ്ദേശങ്ങളെല്ലാം പുന:പരിശോധനാ കമ്മിറ്റി പരിഗണിച്ചിട്ടുണ്ട്. പങ്കാളിത്ത പെൻഷൻ പിൻവലിക്കാൻ സാധിക്കില്ല എന്ന ഇതുവരെയുള്ള നിലപാടുകൾക്ക് തിരിച്ചടിയാണ് റിപ്പോർട്ട്. മിനിമം പെൻഷൻ ഉറപ്പാക്കണമെന്നും ഡിസിആർജി അനുവദിക്കണമെന്നും 2013 ഏപ്രിൽ ഒന്നിന് മുമ്പ് റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർക്ക് പഴയ പെൻഷൻ ഓപ്റ്റ് ചെയ്യുവാൻ അവസരം ഉണ്ടാകണമെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. 2040 വരെ സർക്കാരിന് സാമ്പത്തിക നേട്ടമുണ്ടാകില്ലെന്നും റിപ്പോർട്ട് പറയുന്നു.

സുപ്രീംകോടതിയുടെ ഉത്തരവ് പ്രകാരം പങ്കാളിത്ത പെൻഷൻ പുനഃപരിശോധനാ കമ്മിറ്റി റിപ്പോർട്ട് ജോയിന്റ് കൗൺസിൽ ജനറൽ സെക്രട്ടറി ജയശ്ചന്ദ്രൻ കല്ലിംഗലിന് കൈമാറിയ സർക്കാർ നടപടി സ്വാഗതാർഹമെന്ന് ജനറൽ സെക്രട്ടറി ജയശ്ചന്ദ്രൻ കല്ലിംഗലും ചെയർമാൻ കെ.ഷാനവാസ് ഖാനും വ്യക്തമാക്കി. സുപ്രീം കോടതിവിധി മാനിച്ച് റിപ്പോർട്ട് കൈമാറിയ സർക്കാരിന് അഭിവാദ്യങ്ങൾ അർപ്പിക്കുന്നുവെന്നും ഇരുവരും പറഞ്ഞു. റിപ്പോർട്ട് സർവീസ് സംഘടനാ പ്രതിനിധികൾ ഉൾപ്പെടെയുള്ളവരുമായി ചർച്ച ചെയ്ത് പഴയ പെൻഷൻ പുന:സ്ഥാപിക്കണമെന്ന് ജോയിന്റ് കൗൺസിൽ സർക്കാരിനോട് അഭ്യർത്ഥിച്ചു. പഴയ പെൻഷൻ പുന:സ്ഥാപിക്കുന്നതുവരെ പ്രക്ഷോഭപരിപാടികൾ തുടരുമെന്നും നേതാക്കൾ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version