Kerala

പുതിയ മന്ത്രി വരുന്നതിനുമുമ്പ് മോട്ടോര്‍ വാഹനവകുപ്പിൽ കൂട്ടസ്ഥലംമാറ്റം; പുറത്തിറക്കിയ ഉദ്യോ​ഗക്കയറ്റ ഉത്തരവ് മരവിപ്പിച്ചു

Published

on

ആന്റണി രാജു രാജിവെച്ച് കെ ബി ​ഗണേഷ് കുമാർ മന്ത്രിയായി ചുമതല ഏൽക്കുന്നതിന് ഇടയിലുള്ള സമയത്ത് ട്രാൻസ്‌പോർട്ട് കമ്മിഷണർ എസ്.ശ്രീജിത്ത് പുറത്തിറക്കിയ കൂട്ടസ്ഥലംമാറ്റ-ഉദ്യോഗക്കയറ്റ ഉത്തരവ് മരവിപ്പിച്ചു. 57 പേർക്കുള്ള സ്ഥലംമാറ്റ ഉത്തരവിൽ 18 ആർ.ടി.ഒ-മാർക്ക് സ്ഥാനക്കയറ്റത്തോടെയുള്ള സ്ഥലം മാറ്റവും നൽകിയിരുന്നു. ​ഗണേഷ് കുമാറിന്റെ സത്യപ്രതിജ്ഞക്ക് അര മണിക്കൂർ മുമ്പ് മാത്രം ഇറങ്ങിയ ഉത്തരവ് മന്ത്രി തന്നെ ഇടപെട്ട് മരവിപ്പിക്കുകയായിരുന്നു.

നേരത്തെ ആന്റണി രാജു മന്ത്രിയായിരുന്നപ്പോൾ മോട്ടോർ വാഹനവകുപ്പിൽ വിചിത്രമായ മാനദണ്ഡങ്ങളോടെ അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർമാരുടെ സ്ഥലം മാറ്റ ഉത്തരവ് പുറത്തിറങ്ങിയിരുന്നു. ഇത് ചോദ്യംചെയ്ത് ചില ഉദ്യോഗസ്ഥർ അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിച്ചതോടെ ഉത്തരവ് മരവിപ്പിച്ചതിനുശേഷം ഇറക്കിയ സ്ഥലം മാറ്റ ഉത്തരവിൽ ചില ഉദ്യോഗസ്ഥർ ഒഴിവായിരുന്നു. അന്ന് ദൂരേക്ക് സ്ഥലം മാറി പോകേണ്ടിവന്നിരുന്ന ചില ഉദ്യോഗസ്ഥർക്ക് താത്പര്യമുള്ള ഇടങ്ങളിലേക്ക് മാറ്റം നൽകിയുള്ള ഉത്തരവായിരുന്നു വെള്ളിയാഴ്ച ഗതാഗത കമ്മിഷണർ പുറത്തിറക്കിയത്.

സത്യപ്രതിജ്ഞ ചെയ്ത് മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥലംമാറ്റ ഉത്തരവിൽ മന്ത്രി ഇടപെട്ടു. ഉത്തരവ് പിൻവലിക്കാനല്ല, മരവിപ്പിക്കാനാണ് മന്ത്രി കെ.ബി ​ഗണേഷ് കുമാർ നിർദ്ദേശം നൽകിയത്.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version