International

ജനപിന്തുണ നഷ്ടമായ സിപിഎം ഇപ്പോൾ ലീഗിന് പിന്നാലെയാണ്: വി ഡി സതീശൻ

Published

on

കൊച്ചി: സി.പി.എമ്മിനെക്കാൾ ശക്തമായി പ്രവർത്തിക്കുന്ന കേഡർ പാർട്ടിയായ മുസ്ലിം ലീഗിൽ നേതൃത്വം ഒരു തീരുമാനം പറഞ്ഞാൽ താഴേത്തട്ടിലുള്ള അണികൾ വരെ അതിനൊപ്പം നിൽക്കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. പാണക്കാട് സാദിഖ് അലി തങ്ങൾ ഉൾപ്പെടെയുള്ളവർ ചർച്ച ചെയ്‌തെടുത്ത ഒരു തീരുമാനത്തെ ധിക്കരിച്ച് ഒരു ലീഗ് പ്രവർത്തകനും സിപിഎം പരിപാടിയിൽ പങ്കെടുക്കില്ല. കോൺഗ്രസിനെ ക്ഷണിക്കാത്ത പരിപാടിക്ക് ഞങ്ങൾ ഇല്ലെന്ന് രണ്ട് തവണ ലീഗ് പറഞ്ഞിട്ടുണ്ട്. സർക്കാരിനും എൽഡിഎഫിനും ആത്മവിശ്വാസം നഷ്ടപ്പെടുകയും ജനപിന്തുണ നഷ്ടമായെന്ന് തിരിച്ചറിയുകയും ചെയ്‌തതുകൊണ്ടാണ് ലീഗിന് പിന്നാലെ ഇങ്ങനെ നടക്കുന്നതെന്നും പ്രതിപക്ഷ നേതാവ് മാധ്യമപ്രവർത്തകരോട് പറഞ്ഞു.

ക്ഷണം കിട്ടിയപ്പോൾ ലീഗ് നേതാക്കൾ കൂടിയാലോചിച്ച് 48 മണിക്കൂറിനകം തീരുമാനം പറഞ്ഞു. ഇ.ടി മുഹമ്മദ്ബഷീർ അങ്ങനെ സംസാരിക്കാൻ ഇടയായ സാഹചര്യം എന്താണെന്നു കൂടി ലീഗ് നേതൃത്വം വ്യക്തമായി പറഞ്ഞിട്ടുണ്ട്. ജാള്യത മറയ്ക്കാനാണ് സിപിഎം ഇപ്പോൾ ശ്രമിക്കുന്നത്. പലസ്തീൻ ജനതയോടുള്ള ഐക്യദാർഢ്യമല്ല, രാഷ്ട്രീയലക്ഷ്യമാണ് സിപിഎമ്മിനുള്ളതെന്ന് സിപിഎം പറയാതെ പറയുകയാണ്. രാഷ്ട്രീയനേട്ടമുണ്ടാക്കുന്നതിനുവേണ്ടി പലസ്തീൻ വിഷയത്തെ സിപിഎം ദുരുപയോഗം ചെയ്യുന്നു. പലസ്തീൻ ഐക്യദാർഢ്യത്തിനിടയിലും ലീഗും സമസ്തയും യുഡിഎഫുമൊക്കെയാണ് സിപിഎമ്മിന്റെ ചർച്ചാവിഷയം. നിരവധി പേർ മരിച്ചു വീഴുകയും മനുഷ്യാവകാശലംഘനങ്ങളുണ്ടാകുകയും കുഞ്ഞുങ്ങളുടെ നിലവിളികൾ ഉയരുകയും ചെയ്യുന്ന ഗുരുതരപ്രശ്‌നത്തെ ഇടുങ്ങിയ രാഷ്ട്രീയത്തിലേക്ക് സിപിഎം വലിച്ചിഴക്കുകയാണ്. റാലി നടത്തുന്നത് പാലസ്തീന് വേണ്ടിയല്ലെന്നും രാഷ്ട്രീയലാഭമാണ് ലക്ഷ്യമെന്നും തെളിയുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version