Health

പ്ലാസ്റ്റിക് മാലിന്യത്തിന് ചൈനീസ് പരിഹാരം

Published

on

ലോകമെങ്ങും ആശങ്കയായി മാറിയ പ്ലാസ്റ്റിക് മാലിന്യസംസ്കരണത്തിന് പതിയ സാധ്യതകള്‍ വെളിപ്പെടുത്തി ചൈനീസ് ഗവേഷകര്‍. നിലവില്‍ ലോകത്ത് പ്ലാസ്റ്റിക് മാലിന്യം പുനരുപയോഗസാധ്യമാക്കുകയോ താപോര്‍ജ്ജമായി മാറ്റുകയോ ആണ് ചെയ്യുന്നത്. അപ്പോഴും അതിന്‍റെ ഇരട്ടിയിലേറെ പ്ലാസ്റ്റിക്കുകള്‍ മാലിന്യമായി കരയിലും കടലിലും അവശേഷിക്കുന്നത് ഭാവിയില്‍ വലിയൊരു വിപത്തായി മാറുമെന്ന് ഈ രംഗത്തെ വിദഗ്ദര്‍ സൂചനകള്‍ നല്‍കിയിട്ടുണ്ടെങ്കിലും ശാസ്ത്രീയമായ പരിഹാരശ്രമങ്ങളൊന്നും ഇതുവരെ വിജയിച്ചിട്ടില്ല. ഇന്ന് ഈ രംഗത്ത് സജീവമായി ഗവേഷണങ്ങള്‍ നടക്കുന്നതിനിടെയാണ് തങ്ങള്‍ പ്ലാസ്റ്റിക് ഭക്ഷിക്കുന്ന ഫംഗസുകളെ കണ്ടെത്തിയെന്ന് വെളിപ്പെടുത്തലുമായി ചൈനീസ് ഗവേഷകര്‍ രംഗത്തെത്തിയത്.

ചൈനീസ് തീരദേശത്തെ ഉപ്പ് ചതുപ്പുകളിൽ നിന്നാണ് പ്ലാസ്റ്റിക് ഭക്ഷിക്കുന്ന ബാക്ടീരിയകളെയും ഫംഗസുകളെയും കണ്ടെത്തിയതെന്ന് ക്യൂവിലെ റോയൽ ബൊട്ടാണിക് ഗാർഡൻസ് അറിയിച്ചു. ചൈനയുടെ ഡാഫെങ്, മഞ്ഞക്കടലിന്‍റെ തീരത്തിനടുത്തുള്ള യുനെസ്‌കോ സംരക്ഷിത സൈറ്റാണ്. അവിടെ നിന്നാണ് ഈ പ്രത്യേക ‘ഭൗമ പ്ലാസ്റ്റിഫിയർ’ കണ്ടെത്തിയത്. ഈ പ്രദേശത്തെ ‘മനുഷ്യനിർമ്മിത പാരിസ്ഥിതിക കേന്ദ്രം’ എന്നാണ് വിശേഷിപ്പിക്കുന്നത്. ഇത് സജീവമായ തീരപ്രദേശത്തിന്‍റെ സാന്നിധ്യത്തിൽ ജീവിക്കാനാകുന്ന തരത്തിലേക്ക് വന്യമൃഗങ്ങള്‍ പരിണമിച്ച ഒരു ആവാസവ്യവസ്ഥയാണ്. ചൈനയിലെയും യുകെയിലെയും ഗവേഷകർ 2021 മെയ് മാസത്തിൽ പ്രദേശത്തെ സൂക്ഷ്മാണുക്കളെ പരിശോധിച്ചിരുന്നു. ഇരു ഗവേഷകസംഘങ്ങളും ചേര്‍ന്നാണ് പുതിയ കണ്ടെത്തല്‍ നടത്തിയത്. പ്ലാസ്റ്റിക് മലിനീകരണത്തിന്‍റെ വേലിയേറ്റം ഉൾപ്പെടെ ആധുനികയുഗത്തിലെ ഏറ്റവും കടുത്ത വെല്ലുവിളികളെ നേരിടാൻ ശാസ്ത്രജ്ഞർ ഫംഗസും ബാക്ടീരിയയും പോലുള്ള സൂക്ഷ്മാണുക്കളെ കൂടുതലായി പരിഗണിക്കുനു എന്ന് ക്യൂ ഗാർഡൻസ് പറഞ്ഞു. ഇതുവരെയായി പ്ലാസ്റ്റിക്കിനെ ഇല്ലാതാക്കാന്‍ ശേഷിയുള്ള 436 ഇനം ഫംഗസുകളെയും ബാക്ടീരിയകളെയും കണ്ടെത്തിയെന്നും ക്യൂ ഗാര്‍ഡന്‍സ് അവകാശപ്പെട്ടു.

യുഎന്‍ പാരിസ്ഥിതിക പദ്ധതി പുറത്തിറക്കിയ റിപ്പോര്‍ട്ട് അനുസരിച്ച് 2020-ൽ മാത്രം ഏകദേശം 238 ദശലക്ഷം മെട്രിക് ടൺ പ്ലാസ്റ്റിക്കാണ് ലോകത്ത് ഉത്പാദിപ്പിക്കപ്പെട്ടത്. ഇതില്‍ പകുതിയില്‍ അധികവും ഭൂമിയിലും കടലിലുമായി ഉപേക്ഷിക്കപ്പെടുന്നു. വലിയൊരു ശതമാനം കത്തിക്കുന്നതിലൂടെ അന്തരീക്ഷമലിനീകരണമുണ്ടാകുന്നു. ഈയൊരു വെല്ലുവിളിയെ മറികടക്കാനുള്ള ശ്രമത്തിലാണ് പാരിസ്ഥിതിക സംഘടനകളും ഗവേഷകരും. ഇതുസംബന്ധിച്ച് അടുത്ത വര്‍ഷം 200-ഓളം രാജ്യങ്ങളെ പങ്കെടുപ്പിച്ച് പ്ലാസ്റ്റിക് മലിനീകരണം അവസാനിപ്പിക്കാനായി നിയമപരമായ കരാറിലെത്താൻ പാരീസില്‍ യോഗം സംഘടിപ്പിക്കാനുള്ള തയ്യൊറെടുപ്പിലാണ് യുഎന്‍.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version