Crime

പ്രൊഫ. ടി.ജെ. ജോസഫിന്റെ കൈവെട്ടിയ കേസിലെ ഒന്നാംപ്രതി 13 വർഷത്തിന് ശേഷം പിടിയിൽ

Published

on

മതനിന്ദ ആരോപിച്ച് പ്രൊഫ. ടി.ജെ.ജോസഫിന്റെ കൈവെട്ടിയ കേസിലെ ഒന്നാംപ്രതി അശമന്നൂർ നൂലേലി മുടശേരി സവാദ് (38)നെ കണ്ണൂരിൽ നിന്ന് 13 വർഷത്തിന് ശേഷം ദേശീയ അന്വേഷണ ഏജൻസി പിടികൂടി. 13 വർഷം രഹസ്യാന്വേഷണവിഭാഗങ്ങൾ നടത്തിയ അന്വേഷണത്തിൽ ഇയാളെ കണ്ടെത്താൻ കഴിയാത്തതിനെത്തുടർന്നു പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു. 2010 ജൂലൈ 4നാണ് തൊടുപുഴ ന്യൂമാൻ കോളജ് മലയാളം അധ്യാപകനായിരുന്ന ടി.ജെ.ജോസഫിന്റെ കൈവെട്ടിയത്.

കൃത്യം നടന്ന ദിവസം തന്നെ സവാദ് ബെംഗളൂരുവിലേക്കു കടന്നതായി അന്ന് കേസന്വേഷിച്ച ക്രൈംബ്രാഞ്ച് കണ്ടെത്തി. എന്നാൽ 13 വർഷം രഹസ്യാന്വേഷണ വിഭാഗങ്ങൾ നടത്തിയ അന്വേഷണത്തിനും സവാദിനെ കണ്ടെത്താനായിരുന്നില്ല. സവാദിനെ കണ്ടെത്താനുള്ള സാധ്യത വിരളമാണെന്ന് കരുതിയിരിക്കെയാണ് കണ്ണൂരിൽനിന്ന് ഇയാൾ പിടിയിലായത്. അധ്യാപകന്റെ കൈവെട്ടാൻ ഉപയോഗിച്ച മഴുവുമായാണു സവാദ് അന്ന് കടന്നുകളഞ്ഞത്. ക്രൈംബ്രാഞ്ചിനും എൻഐഎക്കും ഈ മഴുവും ഇതുവരെ വീണ്ടെടുക്കാൻ കഴിഞ്ഞില്ല.

സവാദിനെ കണ്ടെത്താൻ സഹായിക്കുന്നവർക്ക് ദേശീയ അന്വേഷണ ഏജൻസി കഴിഞ്ഞ വർഷം മാർച്ചിൽ 10 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. ആദ്യം നാലു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചെങ്കിലും സൂചനകളൊന്നും ലഭിക്കാതിരുന്ന സാഹചര്യത്തിൽ തുക 10 ലക്ഷമാക്കി ഉയർത്തി. സവാദിനെ വിദേശത്തു കണ്ടതായുള്ള രഹസ്യവിവരത്തെ തുടർന്ന് എൻഐഎ അന്വേഷണം ശക്തമാക്കിയിരുന്നു.

കേസിലെ കൂട്ടുപ്രതികളുമായും സംഭവത്തിനു ശേഷം സവാദ് ബന്ധപ്പെട്ടിരുന്നില്ല. കേസിൽ കേരള പൊലീസിന്റെ ക്രൈംബ്രാഞ്ച് വിഭാഗം അന്വേഷണം നടത്തിയ ആദ്യഘട്ടത്തിൽ സവാദിനെ ബെംഗളൂരുവിൽ നിന്നു കർണാടക പൊലീസ് കസ്റ്റഡിയിലെടുത്തതായി സൂചനയുണ്ടായിരുന്നെങ്കിലും ഇതുസംബന്ധിച്ച സ്ഥിരീകരണം പിന്നീടുണ്ടായില്ല. നേപ്പാളിൽ ഏറെക്കാലം ഒളിവിൽ താമസിച്ച പ്രതി എം.കെ.നാസറിനൊപ്പം സവാദുണ്ടെന്നായിരുന്നു നാട്ടിലുള്ള അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും അനുമാനം. എന്നാൽ നാസർ കീഴടങ്ങിയ ശേഷം വിശദമായി ചോദ്യം ചെയ്യപ്പെട്ടെങ്കിലും സവാദിനെ സംബന്ധിച്ച വിവരം അന്വേഷണസംഘത്തിനു ലഭിച്ചില്ല.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version