Uncategorized

വധശിക്ഷാ പുനപരിശോധനയിലേക്ക് ഹൈക്കോടതി

Published

on

കൊച്ചി: പെരുമ്പാവൂര്‍ ജിഷ കൊലക്കേസിലും ആറ്റിങ്ങൽ ഇരട്ട കൂട്ടക്കൊലക്കേസിലും വധശിക്ഷ പുനപരിശോധിക്കാനുള്ള നടപടി ഹൈക്കോടതി തുടങ്ങി. പ്രതികളുടെ സാമൂഹിക മാനസിക പശ്ചാത്തലം പരിശോധിക്കാൻ ഹൈക്കോടതി നിർദേശിച്ചു. ഈ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ വധശിക്ഷയിൽ ഇളവ് വരുത്തുന്നതിൽ ഹൈക്കോടതി തീരുമാനം എടുക്കും. ഏറെ ചർച്ചയായ പെരുമ്പാവൂര്‍ ജിഷാ കൊലക്കേസിലെ പ്രതി അമീറുൽ ഇസ്ലാം, ആറ്റിങ്ങൽ ഇരട്ടക്കൊലക്കേസിലെ പ്രതി നിനോ മാത്യു എന്നിവർക്ക് വധശിക്ഷയിൽ ഇളവ് വേണോ എന്നതിൽ തീരുമാനം എടുക്കാനാണ് മിറ്റിഗേഷൻ ഇൻവെസ്റ്റിഗേഷന് ഹൈക്കോടതി ഉത്തരവിട്ടത്. വധശിക്ഷ സംബന്ധിച്ച് സുപ്രീം കോടതിയുടെ സമീപകാലത്തെ നിർദ്ദേശങ്ങൾ പരിഗണിച്ചാണ് ഉത്തരവ്.

കുറ്റകൃത്യം നടത്തുന്നതിന് മുമ്പുള്ള കുറ്റവാളികളുടെ സാമൂഹിക-സാമ്പത്തിക പശ്ചാത്തലം, മാനസിക നില, ഇവർ നേരിട്ട പീഢനം എന്നിവ അന്വേഷണത്തിന്‍റെ ഭാഗമാവും. ദേശീയ നിയമസർവകലാശാലയിലെ പ്രൊജക്ട് 39 എ-യിലെ വിദഗ്ധരെ അന്വേഷണത്തിന് ചുമതലപ്പെടുത്തി. ശിക്ഷ വിധിച്ചതിന് ശേഷം കുറ്റവാളികളുടെ ജയിലിലെ പെരുമാറ്റവും പരിഗണനാവിഷയമാവും. ഇക്കാര്യത്തിൽ ജയിൽ ഡിജിപി നൽകുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ശിക്ഷാ ഇളവിൽ തീരുമാനം എടുക്കും.കോടതി നിയോഗിച്ച അമിക്കസ് ക്യൂറികളുടെ അഭിപ്രായം കൂടി പരിഗണിച്ചാണ് ഹൈക്കോടതി നടപടി. ജസ്റ്റിസ് അലക്സാണ്ടർ തോമസ്, ജസ്റ്റിസ് സി ജയചന്ദ്രൻ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിന്റേതാണ് ഉത്തരവ്.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version