Tech

നിർമ്മിതബുദ്ധിയെ ഭയക്കേണ്ടതില്ല: സത്യ നദെല്ല

Published

on

 

നിർമ്മിത ബുദ്ധിയെ ഭയക്കേണ്ടതില്ലെന്ന് മൈക്രോസോഫ്റ്റ് മേധാവി സത്യ നദെല്ല. എഐയുടെ പ്രവർത്തനം ശരിയായ ദിശയിലാണ് നടക്കുന്നത്. സിഎൻബിസിയുടെ ആൻഡ്രു റോസ് സോർകിന് നൽകിയ അഭിമുഖത്തിലാണ് നദെല്ല ഇതെക്കുറിച്ച് സംസാരിച്ചത്. ന്യൂസ്ഫീഡിൽ മാത്രമല്ല സമൂഹ മാധ്യമ ഫീഡുകളിലും എഐ ടച്ചുണ്ട്. ഓട്ടോ-പൈലറ്റ് എഐ യുഗത്തിൽ നിന്ന് കോ-പൈലറ്റ് എഐ യുഗത്തിലേക്ക് ആണ് നാമിന്ന് സഞ്ചരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ടെക്നോളജി വിദ​ഗ്ധരുടെ നിയന്ത്രണത്തിൽ തന്നെയാണ് എഐ ഉള്ളത്. മനുഷ്യരാണ് അതിന്റെ നിയന്ത്രണമേറ്റെടുത്തിരിക്കുന്നത്. എഐയെ പരമാവധി പ്രയോജനപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു. ഓരോ തവണയും ഒരു പുതിയ വിനാശകരമായ സാങ്കേതികവിദ്യ ഉയർന്നുവരുമ്പോൾ തൊഴിൽ വിപണിയിൽ സംഭവിക്കാവുന്ന ‘ചലനം’ ഇവിടെയുമുണ്ടെന്ന് നദെല്ല പറഞ്ഞു. എഐ പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് വിശ്വസിക്കുന്നതായും അദ്ദേഹം പറഞ്ഞു.

കാലാവസ്ഥാ വ്യതിയാനത്തെക്കാൾ വലിയ ഭീഷണിയാണ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കൊണ്ട് മനുഷ്യരാശി നേരിടുകയെന്ന് എഐയുടെ ഗോഡ്ഫാദർമാരിലായ ജോഫ്രി ഹിന്റൺ നേരത്തെ പറഞ്ഞിരുന്നു. എഐ ഉയർത്തുന്ന ഭീഷണികളെക്കുറിച്ച് തുറന്ന് സംസാരിക്കാൻ ആഗ്രഹമുണ്ടെന്ന് അറിയിച്ചുകൊണ്ട് അടുത്തിടെയാണ് ഹിന്റൺ ഗൂഗിളിൽ നിന്ന് രാജിവെച്ചത്. ഹിന്റണിൻറ കണ്ടെത്തലുകളാണ് നിലവിലെ എഐ സംവിധാനങ്ങൾക്ക് അടിസ്ഥാനമായിരിക്കുന്നത്. 1986 ൽ ഡേവിഡ് റുമെൽഹാർട്ട്, റൊണാൾഡ് വില്യംസ് എന്നിവരുമായി ചേർന്ന് ഹിന്റൺ ‘ലേണിങ് റെപ്രസെന്റേഷൻസ് ബൈ ബാക്ക് പ്രൊപ്പഗേറ്റിങ് ഇറേഴ്‌സ്’ എന്നൊരു പ്രബന്ധം എഴുതിയിരുന്നു. എഐയ്ക്ക് അടിസ്ഥാനമായ ന്യൂറൽ നെറ്റ്‌വർക്കുകളുടെ ഡവലപ്പ്മെന്റിലെ നാഴികക്കല്ലായാണ് ഈ പ്രബന്ധത്തെ കണക്കാക്കുന്നത്. വർഷങ്ങൾക്ക് മുൻപ് തന്നെ എഐയ്ക്കായി പ്രവർത്തിച്ച് തുടങ്ങിയവരുടെ കൂട്ടത്തിലെ ഒരാളാണ് ഹിന്റൺ.

അതേസമയം തന്നെ എഐയുടെ വളർച്ച സംബന്ധിച്ച് ആശങ്ക പ്രകടിപ്പിക്കുന്നവരുടെ കൂട്ടത്തിലും അദ്ദേഹമുണ്ട് എന്നത് ശ്രദ്ധയമാണ്. മനുഷ്യബുദ്ധിയെ മറികടന്ന് ഭൂമിയുടെ നിയന്ത്രണം തന്നെ എഐ ഏറ്റെടുത്തേക്കുമോ എന്നതാണ് ഹിന്റൺ ഉൾപ്പെടെയുള്ളവരുടെ സംശയം. കാലാവസ്ഥ വ്യതിയാനം വലിയ ഭീഷണിയാണെന്നും എന്നാൽ അടിയന്തിരമായി പരിഗണിക്കപ്പെടേണ്ട ഭീഷണി എഐയാണെന്നുമാണ് അദ്ദേഹം റോയിട്ടേഴ്സിനോട് പറഞ്ഞത്. കാലാവസ്ഥാ വ്യതിയാനത്തെ നിയന്ത്രിക്കാൻ എന്തൊക്കെ ചെയ്യണമെന്ന് നിർദേശിക്കാൻ പ്രയാസമില്ലെന്നും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഭീഷണി കൈകാര്യം ചെയ്യാൻ എന്തുചെയ്യണമെന്ന് യാതൊരു വ്യക്തതയുമില്ലെന്നും അദ്ദേഹം പറഞ്ഞു.

എഐ മാനവരാശിയ്ക്ക് ഭീഷണിയാണെന്ന് ചൂണ്ടിക്കാട്ടി എലോൺ മസ്‌ക് ഉൾപ്പടെയുള്ള സാങ്കേതികവിദ്യാരംഗത്തെ പ്രമുഖർ നേരത്തെ ഒരു തുറന്ന കത്തെഴുതിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version