Art

ലിജോക്കോട്ടൈ ലാലിബൻ / ലിജീഷ് കുമാർ

Published

on

ലിജോ ജോസ് പല്ലിശേരിയുടെ മോഹൻലാൽ ചിത്രം മലൈക്കോട്ടൈ വാലിബൻ പ്രേക്ഷകപ്രീതിയും നിരീക്ഷകപ്രശംസയും നേടി വിജയക്കുതിപ്പ് തുടരുകയാണ്. ചിത്രത്തെക്കുറിച്ച് ലിജീഷ് കുമാർ പങ്കുവെച്ച നിരീക്ഷണം ശ്രദ്ധേയമാണ്.
പോസ്റ്റിന്റെ പൂർണ്ണരൂപം:
ഇതാണ് മലയാളത്തിൻ്റെ മോഹൻലാൽ, ലിജോക്കോട്ടൈ ലാലിബൻ!!!
“എനിക്കിനി ജയിക്കാനെന്താണുള്ളത്?”
വാലിബൻ അയ്യനാരോട് ഈ ചോദ്യം ചോദിച്ച നേരത്താണ്, കണ്ടുകൊണ്ടിരിക്കുന്നത് മോഹൻലാലിനെയാണ് എന്ന് പെട്ടന്നോർമ്മവന്നത്. മലൈക്കോട്ടൈ വാലിബൻ പൊയ്യാവുകയും, നിജം മോഹൻലാലാവുകയും ചെയ്ത നിമിഷമാണത്. എനിക്കിനി ജയിക്കാനെന്താണുള്ളത് എന്ന ചോദ്യം ലാലിൻ്റെ മാത്രം ചോദ്യമാണ്. കാരണം മലൈക്കോട്ടൈ വാലിബൻ്റെ ടൈറ്റിലിലുണ്ട്; മലയാളത്തിൻ്റെ മോഹൻലാൽ എന്ന രണ്ടേ രണ്ടുവരി വിലാസത്തിലുണ്ട്. നാളിന്നോളമുള്ള മലയാളിയുടെ സിനിമാക്കാഴ്ചയുടെ അടിയിൽ ചെന്നുതൊടുന്ന പ്രയോഗമാണത്. നൂറാനത്തലയൂരിലെ ഒരു വാതുവെപ്പ് കേന്ദ്രത്തിൽ വെച്ച് സിനിമയിലേക്ക് കയറിവരുന്ന മോഹിപ്പിക്കുന്ന ഒരാട്ടക്കാരിയുണ്ട് വാലിബനിൽ; മറാത്തി നടി സോനാലി കുൽക്കർണി അവതരിപ്പിച്ച രംഗപട്ടണം രംഗറാണി. വലിയ പോരാട്ടങ്ങൾ ജയിക്കാനറിയുന്ന യോദ്ധാവ് എന്ന് വാലിബനെ വാഴ്ത്തുന്നത് അവളാണ്. സങ്കല്പിക്കുന്നതിനെക്കാൾ വലിയ പോരാട്ടങ്ങൾ ജയിക്കാനറിയുന്ന ഒറ്റയോദ്ധാവേ മലയാളസിനിമക്കുള്ളൂ. എനിക്കിനി ജയിക്കാനെന്താണുള്ളത് എന്നത് അയാളുടെ ചോദ്യമാണ്. ആ ചോദ്യത്തിന് ലിജോ ജോസ് പെല്ലിശ്ശേരി പറയുന്ന ഉത്തരമാണ് ഒറ്റവാക്കിൽ മലൈക്കോട്ടൈ വാലിബൻ.
ഊരു വിറപ്പിച്ച മല്ലൻ കേളുവിനെ ഒരു കഷണം ചെമന്ന തുണിയിൽ ചുറ്റിയാണ് വാലിബൻ തൂക്കിയെറിയുന്നത്. ബോക്സോഫീസിനെ പലവട്ടം ഇങ്ങനെ തൂക്കിയെറിഞ്ഞിട്ടുണ്ട് മോഹൻലാൽ. ഒരു മലയാളപടം ആദ്യമായി തീയേറ്ററിൽ നിന്ന് 100 കോടി വാരുന്നത് 2016 ലാണ്. പിന്നീടിങ്ങോട്ടാണ് മലയാളിയുടെ സിനിമ വലിയ ബഡ്ജറ്റിൽ സ്വപ്നങ്ങൾ കണ്ടുതുടങ്ങിയത്. യോജിച്ചാലും വിയോജിച്ചാലും അതുവരെ കാണാത്ത ഒരിൻഡസ്ട്രിയെ നിർമ്മിച്ചുതന്നെയാണ് പുലിമുരുകൻ അന്നു തീയേറ്റർ വിട്ടത്. “ഞാൻ എത്ര സിനിമകൾ സംവിധാനം ചെയ്‌താലും, ഇനിയൊരിക്കലും ഞാൻ സംവിധാനം ചെയ്‌തില്ലെങ്കിലും, നിങ്ങളെ സംവിധാനം ചെയ്യുന്നത് എൻ്റെ കരിയറിലെ സമ്പൂർണ ഹൈലൈറ്റാണ്!” എന്നെഴുതി പ്രിഥ്വിരാജ് പാക്കപ്പ് പറഞ്ഞ ലൂസിഫറാണ് 200 കോടിയിൽ ചെന്നു തൊട്ട ആദ്യമലയാള പടം. ഹരീഷ് പേരടി അഴിഞ്ഞാടിയ അയ്യനാർ വേഷം, ആകാശത്തേക്ക് നോക്കി അത്ഭുതപ്പിറവി എന്നലറുന്ന ഒരു രംഗമുണ്ട്.
പി.എസ്.റഫീഖിൻ്റെ വാലിബൻ തിരക്കഥയിൽ യോജിച്ചാലും വിയോജിച്ചാലും മലയാളിയുടെ സിനിമാവിപണിക്ക് അത്ഭുതപ്പിറവിയാണ് മോഹൻലാൽ. അയാളെക്കടന്ന് സഞ്ചരിച്ചിട്ടില്ല ഇതുവരെയും നമ്മുടെ കോമേഴ്സ്യൽ സിനിമ. ഇതുവരെ ജയിച്ച ജയമല്ല വലിയ ജയം എന്ന് എൽ.ജെ.പി പറയുന്നത് അയാളോടാണ്, മലയാളത്തിൻ്റെ മോഹൻലാലിനോട്; കേവലം നൂറ് കോടിയുടെയോ ഇരുന്നൂറ് കോടിയുടെയോ താരമൂല്യമുള്ള ശരീരമല്ല ലാലെന്ന്. നിങ്ങൾ കാണുന്ന മോഹൻലാലല്ല മോഹൻലാൽ, അത് പൊയ്യാണ്. ഒട്ടുമേ റിയലിസ്റ്റിക്കല്ലാത്ത ഒരു ഫാൻ്റസി കാഴ്ചയുടെ പേരാണ് സത്യത്തിൽ മോഹൻലാൽ എന്ന്. പെട്ടന്ന് മഴ പെയ്യുന്ന പോലെയോ, ഒരു പൂ വിടരുന്നതു പോലെയോ സംഭവിക്കുന്ന കാഴ്ച മാത്രമാണത്, മനുഷ്യനല്ല. ഇന്നോളം മോഹൻലാലിന് പോലും അറിഞ്ഞുകൂടാത്ത ആ അത്ഭുതക്കാഴ്ചയാണ് നിജം. പലപ്പോഴും ആ കാഴ്ചവസ്തു നമ്മുടെ തീയേറ്ററിൽ വന്നു പോയിട്ടുണ്ട്. ആ വരവുകളുടെ പട്ടികയിൽ ഒരേട് അവിസ്മരണീയമായി എഴുതിച്ചേർത്തു തന്നെയാണ് വാലിബചരിതം ഒന്നാം ഭാഗം എൽ.ജെ.പി അവസാനിപ്പിക്കുന്നത്.
അടിവാരത്തൂരിൻ്റെ ചരിത്രത്തിൽ നിന്ന് കേളുമല്ലനെ തൂക്കിയെറിഞ്ഞ ശേഷം, ചിന്നൻ കൊട്ടുകൊട്ടി പറയുന്ന വീരകഥയിലൂടെ വാലിബൻ നടന്നുചെല്ലുന്നത് മാതംഗിയുടെ മാങ്കൊമ്പൊടിഞ്ഞൂരിലേക്കാണ്. സുചിത്ര നായരാണ് മാതംഗി. “എനിക്കാ കഥ പറഞ്ഞുതരാമോ, കുതിരയെ നഷ്ടപ്പെട്ട യോദ്ധാവിൻ്റെ കഥ?” എന്ന് വാലിബൻ ചോദിക്കുന്നത് അവളോടാണ്. “കാണാൻ കൊതിയുള്ളവർ പലരില്ലേ, പലയിടത്തും?” എന്ന അവളുടെ ചോദ്യവും, “പല പേരുണ്ട് പലയിടത്തും, പക്ഷേ നിന്നെപ്പോലൊരാൾ വേറെയില്ല.” എന്ന ഉത്തരവും വാലിബനിൽ വിരിയുന്ന നേരം മാങ്കൊമ്പൊടിഞ്ഞൂരിലെ മാതംഗിയുടെ അന്ത:പുരത്തിലെ നേരമാണ്. കാണാൻ കൊതിയുള്ളവർ പലരുണ്ട്, പലയിടത്തും – പക്ഷേ നിങ്ങളെപ്പോലൊരാൾ വേറെയില്ല എന്നു പറഞ്ഞാണ് മലയാളി പ്രേക്ഷകൻ പലപ്പോഴും ലാൽപ്പടങ്ങൾക്ക് കയറിയിട്ടുള്ളത്. അവരോടാണ് ഇനി പറയാനുള്ളത്.
നോക്കൂ, ഒറ്റരാത്രി കൊണ്ട് ഒരു ചേരി മുഴുവൻ ഒഴിപ്പിക്കുന്ന ജഗന്നാഥന്മാരെ കാണാനല്ല – അവതാരപ്പിറവികളുടെ മുഴുവൻ രൗദ്രരൂപവും ആവാഹിച്ച നരസിംഹങ്ങളെ കാണാനല്ല – പുലിയെ അതിൻ്റെ മടയിൽ ചെന്ന് കൊല്ലുന്ന മുരുകന്മാരെ കാണാനല്ല – ഏതൊഴുക്കിനോടും മല്ലടിക്കാൻ കെല്പുള്ള മുള്ളൻകൊല്ലി വേലായുധന്മാരെ കാണാനല്ല – കൂളിഗ് ഗ്ലാസ് വെച്ച് ഡബിൾ ബാരൽ ഗണ്ണിൽ സവാരി ഗിരിഗിരി നടത്തുന്ന രാവണന്മാരെ കാണാനല്ല – താടി വെച്ച ആടുതോമയെ കാണാനുമല്ല എൽ.ജെ.പി വിളിക്കുന്നത്. ആയിരം കോടിയുടെ ആൾപ്പെരുപ്പമുള്ള ഒരു സുന്ദരപുരുഷൻ്റെ പേരല്ല മോഹൻലാൽ – ലോകസിനിമയ്ക്ക് ചെക്കുവെക്കാൻ കെല്പുള്ള മലയാളിയുടെ തുരുപ്പുചീട്ടിനെ അത്ര കേവലമായി അവസാനിപ്പിച്ചുകളയരുത് എന്നു പറഞ്ഞ് പഠിപ്പിച്ചേ അയാൾ നിങ്ങളെ തീയേറ്റർ വിടാനനുവദിക്കൂ. അത് ചിലപ്പോൾ നിങ്ങളുടെ ശീലങ്ങളെ കുത്തും. അപ്പോൾ നിങ്ങൾക്ക് കൂക്കിവിളിക്കാം, കലമ്പിക്കാം.
പക്ഷേ എന്തിനെയെല്ലാം കൂക്കും! പൊന്നുവിളയിച്ചെടുത്ത മധു നീലകണ്ഠന്റെ ക്യാമറയെ എങ്ങനെ കൂക്കും? പൊന്നുരുക്കുന്ന ജാഗ്രതയോടെ കാഴ്ചയെ വിളക്കിയ ദീപു എസ്. ജോസഫിന്റെ എഡിറ്റിംഗിനെ എങ്ങനെ കൂക്കും? അങ്ങനെയൊന്നും ചോദിക്കുന്നതിൽ കാര്യമില്ല. ചുമ്മാ കൂക്കുന്ന ചില സൈക്കിക്ക് മനുഷ്യരുമുണ്ട്. വാലിബനിലുമുണ്ട് അങ്ങനൊരാൾ, ചമതകൻ. പിൽക്കാലം കന്നട സിനിമയ്ക്ക് കൊമേഡിയനായിത്തീർന്ന ഫീവർ 104 ലെ പഴയ റേഡിയോ ജോക്കി ഡാനിഷ് സെയ്താണ് വാലിബനിലെ ചമതകൻ. ചമതകൻ ഒളിഞ്ഞിരിക്കുന്ന കൊട്ടാരത്തിൽ വെച്ചാണ് പറങ്കിച്ചെമപ്പിൽ ദീപാലി വസിഷ്ഠ ബെല്ലി നൃത്തമാടുന്നത്. ആൻഡ്രിയ റവേരയുടെ മക്കാളെ മഹാരാജും ഡയാന നസോനോവയുടെ ലേഡി മക്കാളെയും വാലിബനോട് കൊമ്പുകോർക്കുന്ന വേൾഡ് ക്ലാസ് തീയേറ്റർ കാഴ്ചയ്ക്ക് ഇങ്ങനെ ബി.ജി.എം ഒരുക്കാൻ പ്രശാന്ത് പിള്ളയ്ക്കല്ലാതെ ആർക്കു കഴിയും?
ശബ്ദത്തെ അമ്പരപ്പിക്കുംവിധം സംവിധാനം ചെയ്യാൻ ഇന്ത്യൻ സിനിമയ്ക്ക് ഇതുപോലൊരാൾ വേറെയില്ലെന്ന് എത്രവട്ടം തെളിയിച്ചു കഴിഞ്ഞു രംഗനാഥ് രവി. രംഗയുടെ മകൻ്റെ പേരാണ് സത്യത്തിൽ അയാൾക്കിടേണ്ടത് – ഏകനാഥ് രവി! എൽ.ജെ.പി തൊട്ടിങ്ങോട്ടുള്ള ഏകനാഥന്മാരുടെ വിളയാട്ടമാണ് മലൈക്കോട്ടൈ വാലിബൻ. ആർട്ടാണ് വാലിബൻ, അതറിഞ്ഞു പണിത ആർട്ട് ഡയറക്ടറായി ഗോകുൽ ദാസ് അടയാളപ്പെടുത്തപ്പെടുക തന്നെ ചെയ്യും. കെ.ജി.എഫിനെ മറികടക്കാൻ ഇനി എന്നു കഴിയും എന്ന ചോദ്യത്തിന് കാന്താര കൊണ്ട് മറുപടി പറഞ്ഞ സ്റ്റണ്ട് മാസ്റ്ററായിരുന്നു ഇന്ത്യൻ സിനിമക്കിതേവരെ വിക്രം മോർ. വാലിബനിലെ സ്റ്റണ്ട് അയാളിലെ മാസ്റ്ററെ ദൂരെയൊരിടത്ത് കൊണ്ടുപോയി നിർത്തിയിട്ടുണ്ട്. മലൈക്കോട്ടൈ വാലിബനെ മറികടക്കാൻ വിക്രം മോറിന് ഇനി എന്നു കഴിയും? നൂറ്റമ്പത് രൂപ മുടക്കി, രണ്ടര മണിക്കൂർ തീയേറ്ററിലിരുന്ന് കാണാൻ മാത്രം വാലിബനില്ലെന്ന് തോന്നുന്ന ആസ്വാദനപ്പൊക്കത്തെ മാനിച്ചു പറയട്ടെ, കൂക്കുമ്പോൾ മേപ്പറഞ്ഞ ചോദ്യങ്ങളോരോന്നും ഓർത്ത് കൂക്കിയാൽ നല്ലതാണ്.
‘മുത്തമെന്നുള്ളിന്റെ ഉള്ളിൽ നിന്നും / മുത്തെടുക്കും പോൽ പുറത്തെടുക്കൂ’ എന്നു പാടി മനോജ് മോസസിൻ്റെ ചിന്നപ്പയ്യനു മുമ്പിൽ വിരിയുന്ന ഒരു ജമന്തിപ്പൂവുണ്ട് വാലിബനിൽ; ബംഗാളി നടി കഥ നന്ദി. തലൈക്കൂത്തലിലെ പേച്ചിയായാണ് ഇതിനുമുമ്പ് അവളെ കണ്ടത്. വാലിബൻ കണ്ടിറങ്ങുമ്പോൾ മനസ്സിൽ അവളുടെ പേരായിരുന്നു, കഥ നന്ദി. പ്രിയപ്പെട്ട ലിജോ, ഇക്കഥ നന്ദിയോടെ ഓർക്കാതെ എന്നിലെ സിനിമാഭ്രാന്തനായ പ്രേക്ഷകന് കടന്നുപോകാനാവില്ല എന്നതുകൊണ്ട് മാത്രമാണ് ഇത്രയുമെഴുതിയത്.
തിയേറ്ററിൻ്റെ തലതൊട്ടപ്പനായി ലോകം വാഴ്ത്തിയ ജെയിംസ് ബ്രാൻഡർ മാത്യൂസ് ഒരു നാടകം കാണാൻ പോയ കഥയുണ്ട്, അതുകൂടെപ്പറഞ്ഞ് നിർത്താം. മാത്യൂസന്ന് അമേരിക്കയിൽ യൂണിവേഴ്സിറ്റി പ്രൊഫസറാണ്. കുട്ടികൾ ചുറ്റുംകൂടി കണ്ട നാടകത്തെക്കുറിച്ച് ചോദിച്ചു. മാത്യൂസ് പറഞ്ഞു, ”നാടകത്തിന് നാലങ്കമുണ്ട്. ഒന്നാമങ്കം കഴിഞ്ഞപ്പോള് പ്രേക്ഷകര് നിശ്ശബ്ദരായിരുന്നു, ഞാന് മാത്രം കൈയ്യടിച്ചു. രണ്ടാമങ്കം കഴിഞ്ഞപ്പോള് ഞാന് അനങ്ങിയില്ല, പ്രേക്ഷകര് പക്ഷേ കൂവി!” കുട്ടികൾ ചോദിച്ചു, ”എന്നിട്ട്?” മാത്യൂസ് ചിരിച്ചു, ”മൂന്നാമങ്കം കഴിഞ്ഞ് ഞാന് തിയേറ്ററിൽ നിന്നിറങ്ങിപ്പോയി. പിന്നെ തിരിച്ചുചെന്ന് ഞാനും കൂവി.” കുട്ടികൾ ആർത്തു ചിരിച്ചു.
എന്നിട്ട് എന്ന ചോദ്യം പിന്നെ ഉയർന്നില്ല; കുട്ടികളുടെ സംശയം അവിടെ തീർന്നിരുന്നു. ആ നാടകത്തെക്കുറിച്ച് എന്ത് നിഗമനത്തിലായിരിക്കും അവർ എത്തിച്ചേർന്നത്? എനിക്ക് ഒരു നിഗമനത്തിലും എത്താൻ പറ്റിയിരുന്നില്ല. ഉള്ളിൽ നിറയെ ചോദ്യങ്ങളായിരുന്നു. ‘നാലാമങ്കം കഴിയുമ്പോൾ തിയേറ്ററിൽ എന്തായിരുന്നു അവസ്ഥ, അപ്പോൾ നിങ്ങൾ എന്തു ചെയ്യുകയായിരുന്നു? അവർ കൂവുകയായിരുന്നോ, കൈയ്യടിച്ചിരുന്നോ? നിങ്ങളും അവർക്കൊപ്പം ചേർന്നിരുന്നോ? ഉത്തരം പറയാൻ മാത്യൂസിന്നില്ല. ഉണ്ടെങ്കിലും അയാളെ വിശ്വസിക്കരുത്. “ഞാൻ ബ്രാൻഡർ മാത്യൂസല്ലാത്തത് കൊണ്ട്, എൻ്റെയുള്ളിൽ മറ്റൊരു പ്രേക്ഷകനുള്ളതുകൊണ്ട് ഞാനാ നാടകം കാണാൻ പോകും!” എന്നു പറഞ്ഞ് പോകാൻ പറ്റണം. “ജെയിംസ് ബ്രാൻഡർ മാത്യൂസ് എനിക്കും തിയേറ്ററിൻ്റെ തലതൊട്ടപ്പനാണ്. പക്ഷേ ബ്രാൻഡർ മാത്യൂസ് കൂവുന്നതുകൊണ്ട് ഞാൻ കൂവില്ല, ബ്രാൻഡർ മാത്യൂസ് കൈയ്യടിക്കുന്നതുകൊണ്ട് ഞാൻ കൈയ്യടിക്കുകയുമില്ല. എൻ്റെ ഉള്ളിലെ പ്രേക്ഷകൻ മറ്റൊരാളാണ്!” എന്നുറച്ചു പറയാൻ പഠിക്കണം.
നെഗറ്റീവ് റിവ്യൂകൾക്കിടയിലൂടെ നടന്ന് വാലിബനെ കാണാൻ പോകേണ്ടത് മുൻവിധികളില്ലാത്ത, പ്രൊപ്പഗണ്ടകൾക്ക് ചെവികൊടുക്കാത്ത ആ പ്രേക്ഷകനാണ്. അങ്ങനെ പോയാൽ മലൈക്കോട്ടൈ വാലിബൻ നിങ്ങളെ നിരാശപ്പെടുത്തില്ല, ഉറപ്പാണ്!!!

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version