Kerala

ലീഗിനെ ചൂണ്ടയെറിഞ്ഞ് മുഖ്യമന്ത്രിയും എൽഡിഎഫ് കൺവീനറും

Published

on

മുന്നണിമാറ്റം ഇപ്പോൾ അജണ്ടയിലില്ലെന്ന് ലീ​ഗ് നേതാക്കൾ ആവർത്തിക്കുമ്പോഴും ലീ​ഗിനായി ഇലയിട്ട് സിപിഎം കാത്തിരിക്കുന്നതിന് കാരണം കേരളത്തിൽ തങ്ങൾക്ക് അത്രകണ്ട് സ്വാധീനമില്ലാത്ത പ്രദേശങ്ങളിലാണ് ലീ​ഗിന്റെ ശക്തിദുർ​ഗങ്ങൾ എന്നതാണ്.

സിപിഎമ്മും കോൺ​ഗ്രസും കഴിഞ്ഞാൽ സ്വന്തമായി സ്ഥാനാർത്ഥികളെ നിർത്തി വിജയിപ്പിക്കാൻ കഴിയുന്ന പാർട്ടി മുസ്ലീം ലീ​ഗാണെന്ന് സിപിഎം തിരിച്ചറിയുന്നു. ഒന്നും ഒന്നും രണ്ടല്ല എന്ന രാഷ്ട്രീയഗണിതശാസ്ത്രവും ലീ​ഗിനായി കാത്തിരിക്കാൻ പിണറായി വിജയനെയും ​എംവി ​ഗോവിന്ദനെയും ഇപി ജയരാജനെയും പ്രേരിപ്പിക്കുന്നുണ്ട്. മുസ്ലീം ലീ​ഗ് കൂടി ഇടതുമുന്നണിയിലെത്തിയാൽ മുസ്ലീം ലീ​ഗിന്റെ 15 സീറ്റുകളുടെ വർധനവല്ല ഇടതുമുന്നണിക്കുണ്ടാവുക. ലീ​ഗിന്റെയും ഇടതുമുന്നണിയുടെയും വോട്ടുകൾ കൂടിച്ചേർന്നാൽ നൂറിലേറെ സീറ്റുകളിൽ വിജയിച്ച് തുടർച്ചയായി ഭരണത്തിലിരിക്കാം എന്ന് സിപിഎം കണക്കുകൂട്ടുന്നു.

മുസ്ലിംലീഗിന്റെ പിന്തുണയില്ലെങ്കിൽ 140 നിയമസഭാ മണ്ഡലങ്ങളിൽ ഒന്നിൽ പോലും കോൺഗ്രസിന് ജയിക്കാൻ കഴിയില്ലെന്ന് സിപിഎം ചിന്തിക്കുന്നു. കോൺ​ഗ്രസ് മുക്തകേരളനിയമസഭയെന്ന് പരസ്യമായി പറയുന്നില്ലെങ്കിലും സിപിഎമ്മിന്റെ ലീ​ഗ് പ്രണയത്തിന് പിന്നിലെ ആ​ഗ്രഹമതാണ്.

സംഘപരിവാർ കേരളത്തിൽ ശക്തമാകുന്നതാണ് ലീ​ഗിനെ ഇടതുചേരിയിലേക്ക് ആകർഷിക്കാൻ സിപിഎമ്മിനെ പ്രേരിപ്പിക്കുന്ന മറ്റൊരു ഘടകം. സിപിഎമ്മിന്റെ വോട്ടുബാങ്കിൽ ബഹുഭൂരിപക്ഷവും മതവിശ്വാസം മുറുകെ പിടിക്കുന്ന ഹിന്ദുക്കളാണ്. വിശ്വാസവും ഇടതുമുന്നണിയും തമ്മിൽ സംഘർഷമുണ്ടായാൽ ഈ വോട്ടുബാങ്കിൽ നല്ലൊരുഭാ​ഗം വിശ്വാസത്തിനൊപ്പം നിൽക്കുമെന്ന് കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ തന്നെ സിപിഎമ്മിന് ബോധ്യപ്പെട്ടു. ഇന്നല്ലെങ്കിൽ നാളെ കേരളത്തിൽ ബിജെപിയും സംഘപരിവാറും ശക്തമാകുമെന്ന് സിപിഎമ്മിനറിയാം. ശക്തമായ എതിർചേരിയാവുക മുസ്ലീം മതന്യൂനപക്ഷത്തെ പ്രതിനിധീകരിക്കുന്ന മുസ്ലീം ലീ​ഗ് ഉൾപ്പെടുന്ന മുന്നണിയാണ്. അത് നിലവിൽ യുഡിഎഫായതിനാൽ അത്തരമൊരു സാഹചര്യത്തിൽഎൽഡിഎഫ് അപ്രസക്തമാവും.

അതുകൊണ്ട് തന്നെ കേരളത്തിലെ ഹിന്ദു വോട്ടുകളുടെ ധ്രുവീകരണം ഉണ്ടാകും മുമ്പ് പ്ലാൻ ബി എന്ന നിലയിൽ മുസ്ലീം ലീ​ഗിനെ ഒപ്പം കൂട്ടുകയാണ് സിപിഎം ലക്ഷ്യമിടുന്നത്. സിപിഎമ്മിനോടും ഇടതുമുന്നണിയോടും എക്കാലവും അകലം പാലിച്ച ക്രൈസ്തവരെ കേരള കോൺ​ഗ്രസ് എമ്മിലൂടെ ഇടത് പാളയത്തിലെത്തിക്കാൻ സിപിഎമ്മിന് കഴിഞ്ഞു. ഇതേ മാതൃകയിൽ ലീ​ഗും ഇടതുപാളയത്തിലെത്തിയാൽ രാഷ്ട്രീയകാലാവസ്ഥ എങ്ങനെ മാറിയാലും ഭരണം തങ്ങളുടെ കൈകളിൽ ഭ​ദ്രമായിരിക്കും എന്ന് സിപിഎം കണക്കുകൂട്ടുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version