Kerala

ലീഗിനെ ഭയപ്പെടുത്തി നിറുത്തുന്ന കോണ്‍ഗ്രസ് നീക്കം അധികകാലം തുടരാനാകില്ല; ഇപി ജയരാജന്‍

Published

on

കണ്ണൂര്‍: പല തരത്തിൽ സമ്മർദ്ദങ്ങളിൽപ്പെടുത്തി ലീഗിനെ ഭയപ്പെടുത്തി നിര്‍ത്താൻ കോണ്‍ഗ്രസ് നടത്തുന്ന അമിതശ്രമം മൂലം ലീഗിന് കോൺഗ്രസിനോട് പഴയകാലത്തുളള അടുപ്പം മാറിയെന്നും അതുകൊണ്ടുതന്നെ മുസ്ലിം ലീഗ് യുഡിഎഫിൽ നിന്ന് അകന്നുപോകുമെന്നും എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജൻ. തെറ്റായ വഴിയിൽ നീങ്ങുന്ന കോൺഗ്രസ്സിനോടുള്ള അതൃപ്തി ലീഗ് പരസ്യമായി പ്രകടിപ്പിക്കുന്നില്ല എന്നേയുളളൂ. പലസ്തീൻ വിഷയത്തില്‍ ശശി തരൂര്‍ നടത്തിയ പ്രസംഗം ലീഗ് മഹാറാലിയുടെ ശോഭ കെടുത്തി. ആര്യാടൻ ഷൗക്കത്തിനെതിരായ കോൺഗ്രസ് നടപടിയിൽ ന്യൂനപക്ഷങ്ങൾക്ക് വലിയ എതിര്‍പ്പുണ്ട്. ഇനിയും കോൺഗ്രസിനൊപ്പം നിൽക്കണോ എന്ന് ലീഗ് തീരുമാനിക്കണം. സിപിഎം നയങ്ങളോട് ലീഗ് അണികളിലും നേതാക്കളിലും അനുകൂലമായ മാറ്റമുണ്ട്. എൽഡിഎഫിലേക്ക് ലീഗിനെ പ്രത്യേകം ക്ഷണിക്കേണ്ടതില്ലെന്നും ഇപി ജയരാജന്‍ വ്യക്തമാക്കി.

മന്ത്രിസഭാ പുനഃസംഘടന നേരത്തെ തീരുമാനിച്ചത് പോലെ നടക്കുമെന്നും ഇപി ജയരാജൻ പറഞ്ഞു. ഗണേഷ് കുമാറും കടന്നപ്പള്ളിയും മന്ത്രിമാരാകും. ഗണേഷിന് മന്ത്രിയാകുന്നതിൽ തടസ്സങ്ങളില്ല. വിചാരണ നേരിടുന്നത് കൊണ്ട് ഗണേഷ് കുറ്റക്കാരൻ ആകുന്നില്ല. നവകേരള സദസ്സിന് മുൻപ് മന്ത്രിസഭാ പ്രവേശം വേണമെന്ന് കേരള കോൺഗ്രസ്‌ ബി ആവശ്യപ്പെട്ടിട്ടില്ല. കേരളീയത്തിന് ചെലവായ തുകയുടെ പതിന്മടങ്ങ് വ്യാപാരമുണ്ടായി. ബാഹ്യസമ്മർദ്ദത്തെ തുടർന്നാണ് ജനകീയ ഹോട്ടൽ നടത്തിപ്പുകാരുടെ സമരം. കുടുംബശ്രീക്കാരെ പിടിച്ചുകൊണ്ടുവന്ന് സമരം ചെയ്യിക്കുന്നതിന് പിന്നിൽ യുഡിഎഫും ബിജെപിയുമാണെന്നും ഇപി ജയരാജൻ കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version