Art

കേരളീയത്തിൽ ആദിവാസികളെ പ്രദർശനവസ്തുവാക്കിയതിൽ പ്രതിഷേധം

Published

on

തിരുവനന്തപുരം: കേരളീയത്തിൽ ആദിവാസികളെ പ്രദർശനവസ്തുവാക്കിയതിൽ പ്രതിഷേധം ശക്തമാകുന്നു. കേരളീയം എന്ന പേരിൽ തിരുവനന്തപുരം കനകക്കുന്നിൽ ഒരുക്കിയിരിക്കുന്ന സാംസ്‌കാരിക പരിപാടിയിലാണ് ഇടുക്കിയിലെ ഈ ആദിവാസി യുവതീയുവാക്കളെ ആറ് ദിവസമായി മുഖത്ത് പെയിന്റ് അടിച്ച് ഇങ്ങനെ ഇരുത്തിയിരിക്കുന്നത്. നാളെ കൂടി ഈ മനുഷ്യപ്രദർശനം തുടരും. സമൂഹമാധ്യമങ്ങളിൽ പലരും ഇത് മനുഷ്യത്വവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടുന്നുണ്ട്.

സംവിധായിക ലീല സന്തോഷ് ഉൾപ്പെടെയുള്ളവർ സമൂഹമാധ്യമത്തിൽ പ്രതിഷേധം രേഖപ്പെടുത്തി. മനുഷ്യരെ പ്രദർശനവസ്തുവാക്കി നിർത്തുന്നത് വേദനയുണ്ടാക്കുന്നതാണെന്ന് ലീല സന്തോഷ് പറഞ്ഞു. വേറെ ഏതെങ്കിലും സമുദായക്കാരെ അവിടെ അങ്ങനെ നിർത്തിയിട്ടുണ്ടോ എന്നും അവർ ചോദിക്കുന്നു.

മുതിർന്ന മാധ്യമപ്രവർത്തകൻ കെ.എ ഷാജിയും സംഭവത്തിൽ പ്രതിഷേധിച്ചു. ഫോക്ലോർ അക്കാദമിയിലെ മുതിർന്ന ഉദ്യോഗസ്ഥർ കൂലിയും ചെലവും കൊടുത്താണ് ഇവ​രെ ഇങ്ങനെ ഇരുത്തിയിരിക്കുന്നതെന്നും നവോത്ഥാന സെൽഫികളിലെ ഏറ്റവും വലിയ അശ്ലീലമാണ് ഫോക്‌ലോർ അക്കാദമിയിലെ വംശവെറിയർ ഉറപ്പുവരുത്തുന്നതെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

ഇതോടെ സംസ്ഥാനസർക്കാരിന്റെ കേരളീയം പദ്ധതി വലിയ വിവാദമാകുകയാണ്. ദളിത്-ആദിവാസി വിഭാ​ഗങ്ങളോട് സർക്കാരിനുള്ള കാഴ്ച്ചപ്പാട് വ്യക്തമാക്കുന്നതാണ് ഈ പ്രദർശനമെന്ന വിമർശനമാണ് ഉയരുന്നത്. ഇടതു സർക്കാരിന് നേതൃത്വം നൽകുന്നവരുടെ മനസിലെ സവർണചിന്തകളാണ് ഇത്തരത്തിൽ ആദിവാസികളെ പെയിന്റടിച്ച് കാഴ്ച്ചവസ്തുക്കളാക്കി മാറ്റുന്നതെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version