Kerala

വൈദ്യുതി കുടിശ്ശിക സംബന്ധിച്ച് കെഎസ്ഇബി – കേരള പോലീസ് പോര്

Published

on

വൈദ്യുതി കുടിശ്ശിക അടയ്ക്കാത്തതിനാല്‍ ജപ്തി നടപടിക്ക് നോട്ടീസ് നല്‍കിയ കെ എസ് ഇ ബി-യ്ക്ക് തിരിച്ച് കത്ത് നല്‍കി കേരള പോലീസ്. കെ എസ് ഇ ബി-യ്ക്ക് സംരക്ഷണം നല്‍കിയ വകയിലെ 130 കോടി നല്‍കിയിട്ട് കുടിശ്ശികയെക്കുറിച്ച് സംസാരിക്കാമെന്നാണ് എഡിജിപിയുടെ കത്ത്.

വൈദ്യുതി കുടിശ്ശിക നല്‍കാത്തതിനാല്‍ കെഎപി മൂന്നാം ബറ്റാലിയനെതിരെയാണ് വൈദ്യുതി ബോര്‍ഡ് ജപ്തി നടപടികള്‍ തുങ്ങിയത്. 2004 മുതല്‍ 2009 വരെയുള്ള കുടിശ്ശികയും പിഴയും അടച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ജപ്തി നോട്ടീസ്. സമാനമായി പല പോലിസ് യൂണിറ്റുകള്‍ക്കും നോട്ടീസെത്തിയതോടെയാണ് തിരിച്ചടിക്കാൻ തീരുമാനിച്ചത്.

കെ എസ് ഇ ബി ആസ്ഥാനത്തിനും അണക്കെട്ടുകള്‍ക്കും സംഭരണകേന്ദ്രങ്ങള്‍ക്കുമെല്ലാം സംരക്ഷണം നല്‍കുന്നത് പോലിസാണ്. സംരക്ഷണം നല്‍കുന്നതിന് ബോര്‍ഡ് പണം നല്‍കുന്നുണ്ട്. പൊലിസ് അടയ്ക്കേണ്ട വൈദ്യുതി ചാര്‍ജ്ജും സംരക്ഷണത്തിന് നല്‍കേണ്ട പ്രതിഫലവും കൂട്ടിക്കിഴിച്ച് തിട്ടപ്പെട്ടുത്തി ഇരുകൂട്ടരും മുന്നോട്ടുപോവുകയായിരുന്നു.

2021ല്‍ തുക കൈമാറ്റം സംബന്ധിച്ച തര്‍ക്കമുണ്ടായി. അങ്ങനെ വൈദ്യുതിക്ക് പകരം പൊലിസിന് നല്‍കേണ്ട പ്രതിഫലം കുറവു ചെയ്യുന്ന കാര്യത്തില ഏറെനാളായി പരസ്പരം തര്‍ക്കമുണ്ട്. ഇതിനിടെ ബോര്‍ഡ് കുടിശിക ചൂണ്ടികാട്ടി നോട്ടീസുകള്‍ അയച്ചതാണ് പോലിസ് ആസ്ഥാനത്തെ ഉന്നത ഉദ്യോഗസ്ഥരെ ചൊടിപ്പിച്ചത്. പോലിസിന് നല്‍കാനുള്ള 130 കോടി രൂപ ആദ്യം നല്‍കിയിട്ട് ജപ്തി ആലോചിക്കാമെന്ന് തുറന്നടിച്ച് പൊലിസ് ആസ്ഥാന എഡിജിപി കെ പത്മകുമാര്‍ കെഎസ്ഇബി ചെയര്‍മാന് കത്ത് നല്‍കി.

സംരക്ഷണം നല്‍കുന്നതിനുള്ള കുടിശ്ശിക പിരിച്ചെടുക്കാത്തതിനാല്‍ പല ഓഡിറ്റുകള്‍ക്കും പോലിസ് മറുപടി നല്‍കേണ്ടിവരുന്നു. തരാനുള്ള പണം ഡിജിപിയുടെ പേരില്‍ ഡിമാന്‍ഡ് ഡ്രാഫ്റ്റായി ഉടന്‍ നല്‍കണം. കുടിശ്ശിക അടയ്ക്കണമെന്ന കാര്യത്തില്‍ ബോര്‍ഡ് ഉന്നയിച്ച ന്യായങ്ങളില്‍ വ്യക്തത തേടി സര്‍ക്കാരിന് കത്ത് നല്‍കിയിട്ടുണ്ട്. അപ്പോള്‍ സര്‍ക്കാര്‍ തീരുമാനവും വരേണ്ടതുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version