National

കർണ്ണാടകയിൽ ആർ അശോക് പ്രതിപക്ഷനേതാവ്; സർവ്വം യെദിയൂരപ്പമയമെന്ന് ബിജെപി-യിൽ മുറുമുറുപ്പ്

Published

on

പാർട്ടിയുടെ വൊക്കലിഗമുഖവും ഏഴ് തവണ എംഎൽഎയുമായ ആർ അശോകിനെ കർണ്ണാടകയിൽ പ്രതിപക്ഷനേതാവായി തെരഞ്ഞെടുത്തു. അടിമുടി യെദിയൂരപ്പമയമാവുന്നു പാർട്ടി എന്നുള്ള മുറുമുറുപ്പ് സംസ്ഥാന ബിജെപി-യിൽ പല കോണുകളിൽനിന്നും ഉയരുന്നു. പഞ്ചനക്ഷത്രഹോട്ടലിലെ പ്രതിപക്ഷനേതാവിനെ തെരഞ്ഞെടുക്കുന്ന യോഗം ആരംഭിക്കുന്നതിന് മുമ്പ് തന്നെ എം‌എൽ‌എമാരായ ബസനഗൗഡ പാട്ടീൽ യത്‌നാനും രമേഷ് ജാർക്കിഹോളിയും ഇറങ്ങിപ്പോയി.

യോഗത്തിൽ പങ്കെടുക്കാതിരുന്ന വിമതരായ എസ്ടി സോമശേഖറും ശിവറാം ഹെബ്ബാറും കോൺ​ഗ്രസിലേക്ക് ചേക്കേറുമെന്ന അഭ്യൂഹം ശക്തമാണ്. പ്രതിപക്ഷനേതാവിനെ തെരഞ്ഞെടുക്കുന്നതിനുള്ള നടപടികൾ പൂർത്തിയാക്കാൻ കേന്ദ്രനിരീക്ഷകരായി കേന്ദ്രധനമന്ത്രി നിർമല സീതാരാമനെയും ബിജെപി ദേശീയ ജനറൽ സെക്രട്ടറി ദുഷ്യന്ത് കുമാർ ഗൗതമിനെയും ബിജെപി കേന്ദ്രനേതാക്കൾ ചുമതലപ്പെടുത്തിയിരുന്നു.

ബിജെപി സംസ്ഥാനഘടകം അധ്യക്ഷൻ ബിവൈ വിജയേന്ദ്ര, പിതാവ് ബിഎസ് യെദ്യൂരപ്പയുടെയും മുൻ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയുടെയും സാന്നിധ്യത്തിൽ അശോകിനെ മധുരം നൽകി സ്വീകരിച്ചു. എല്ലാവരുടെയും അഭിപ്രായം സ്വീകരിച്ചതിനുശേഷമാണ് നിർമല സീതാരാമൻ അശോകന്റെ പേര് പ്രഖ്യാപിച്ചത്. വൊക്കലിം​ഗ സമുദായത്തിനിടയിൽ സ്വാധീനമുറപ്പിക്കാനാണ് അശോകിനെ പ്രതിപക്ഷനേതാവായി നിയമിച്ചത്.

സംസ്ഥാനത്തെ ഏറ്റവും വലിയ പൗരസമിതിയായ ബൃഹത് ബെംഗളൂരു മഹാനഗരപാലികയിലേക്ക് (ബിബിഎംപി) തെരഞ്ഞെടുപ്പ് നടത്തുകയാണെങ്കിൽ നഗരത്തിലെ വൊക്കലിഗ വോട്ട് ഉറപ്പിക്കാൻ ബിജെപിലക്ഷ്യമിടുന്നു. യെദിയൂരപ്പ ക്യാമ്പിന്റെ വിജയമായും അശോകിന്റെ സ്ഥാനലബ്ധിയെ വിലയിരുത്തുന്നു.

മകൻ വിജയേന്ദ്രയ്ക്ക് പാർട്ടിയുടെ പ്രസിഡന്റ് സ്ഥാനം ഉറപ്പാക്കുന്നതിൽ വിജയിച്ച യെദിയൂരപ്പ അശോകിനെയും ആ​ഗ്രഹിച്ച സ്ഥാനത്തെത്തിച്ചു. പ്രതിപക്ഷനേതാവായി തന്റെ പേര് പ്രഖ്യാപിച്ചതിന് ശേഷം അശോക തന്റെ കന്നിപ്രസംഗത്തിൽ യെദിയൂരപ്പയെ പ്രശംസിച്ചു. താനും വിജയേന്ദ്രയും ഒരുമിച്ച് പ്രവർത്തിക്കുമെന്നും ബിജെപി വീണ്ടും ജനങ്ങളുടെ വിശ്വാസം വീണ്ടെടുക്കുമെന്നും എല്ലാവരെയും വിജയിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version