National

കുമാരസ്വാമിയുടെ പ്രതിപക്ഷ നേതൃസ്ഥാനം; കർണാടകത്തിൽ തിരക്കിട്ട രാഷ്ട്രീയചർച്ചകൾ!

Published

on

ബംഗളുരു: ഭരണം നഷ്ടപ്പെട്ടതുമുതൽ കർണാടകത്തിലെ ബിജെപിയിൽ നിലനിന്നുപോന്ന അനിശ്ചിതത്വവും അവ്യക്തതയും സംസ്ഥാനത്ത് പാർട്ടി കെട്ടിപ്പടുത്ത മുൻമുഖ്യമന്ത്രി യെദിയൂരപ്പയുടെ മകൻ സംസ്ഥാന അധ്യക്ഷനായതോടെ പുത്തനുണർവ്വിനും ആത്മവിശ്വാസത്തിനും വഴിമാറുമെന്ന് കരുതപ്പെടുന്നു.

യെദിയൂരപ്പയെ മാറ്റിനിർത്തിയതാണ് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ പാർട്ടി അടിപതറാൻ പ്രധാനകാരണം. സ്വന്തം സംസ്ഥാനത്തെ പാർട്ടിയിൽ പിടിമുറുക്കാനുള്ള ദേശീയ ജനറൽ സെക്രട്ടറി ബിഎൽ സന്തോഷിന്റെ പരിശ്രമങ്ങളും പരാജയപ്പെട്ടു. പാർട്ടിയുടെ പൂർണ്ണനിയന്ത്രണം വീണ്ടും യെദിയൂരപ്പയുടെ കയ്യിലെത്തിയതോടെ പ്രതിപക്ഷനേതാവാകാനുള്ള ബസവനഗൗഡ പാട്ടീൽ യത് നാളുടെ സ്വപ്നവും പൊലിയുകയാണ്. യെദിയൂരപ്പയുടെ കടുത്ത വിമർശകനാണ് യത് നാൽ. നിയുക്ത അധ്യക്ഷനും ശിക്കാരിപുര എംഎൽഎ-യുമായ വിജയേന്ദ്ര ലിങ്കായത്ത് വിഭാഗക്കാരനാണ്. സമുദായിക സമവാക്യം പരിഗണിക്കുമ്പോഴും ലിങ്കായത്തുകാരനായ യത് നാളിന് പ്രതിപക്ഷ നേതൃപദവി ലഭിക്കാനിടയില്ല.

വൊക്കലിഗ വിഭാഗക്കാർക്കാണ് പ്രതിപക്ഷനേതൃസ്ഥാനത്തിന് സാധ്യത കൂടുതലെന്നിരിക്കേ മുൻമന്ത്രിമാരായ ആർ അശോകും അശ്വത് നാരായണും വൊക്കലിംഗ വിഭാഗത്തിൽപെട്ട പ്രമുഖനേതാക്കളാണ്. ഈഡിഗ സമുദായക്കാരനായ വി സുനിൽകുമാറിനോ ബ്രാഹ്മണനായ മുതിർന്ന നേതാവ് എസ് സുരേഷ് കുമാറിനോ പ്രതിപക്ഷ നേതൃപദവി ലഭിച്ചുകൂടായ്കയില്ല. നിലവിൽ നാലുപേരും നിയമസഭയിലുണ്ട്. എന്നാൽ അതിനുമപ്പുറത്തേക്കാണ് കാര്യങ്ങൾ നീങ്ങുന്നത്. ബിജെപി നേതാക്കളെക്കാൾ ശക്തമായി പ്രതിപക്ഷധർമ്മം നിർവ്വഹിച്ച് കോൺഗ്രസ്സ് ഗവണ്മെന്റിന് നിരന്തരം തലവേദന സൃഷ്ടിക്കുന്നത് മുൻമുഖ്യമന്ത്രിയായ ജെഡിഎസ് നേതാവ് കുമാരസ്വാമിയാണ്. മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ഡികെ ശിവകുമാറും ഏറെ ഭയക്കുന്നതും പ്രവചനാതീതമായി രാഷ്ട്രീയനീക്കങ്ങൾ നടത്തുന്ന ഇദ്ദേഹത്തെയാണ്.

കുമാരസ്വാമിയുമായി അടുപ്പമുള്ള യെദിയൂരപ്പയാണ് ബിജെപി-ജെഡിഎസ് സഖ്യം യാഥാർഥ്യമാക്കിയത്. കുമാരസ്വാമിയെ പ്രതിപക്ഷ നേതാവാക്കാൻ യെദിയൂരപ്പ തീരുമാനിച്ചാൽ അത്ഭുതപ്പെടേണ്ടതില്ല. വലിയ പാർട്ടി ചെറിയ പാർട്ടിയുടെ നേതാവിനെ പ്രതിപക്ഷ നേതാവാക്കുന്ന കീഴ്വഴക്കമില്ലെങ്കിലും അത് അസാധ്യമല്ല. വൊക്കലിഗ നേതാവാണ് എന്നതും കുമാരസ്വാമിയ്ക്ക് അനുകൂലഘടകമാണ്. ആറുമാസത്തിനകം നടക്കുന്ന ലോകസഭാതെരഞ്ഞെടുപ്പിൽ ബിജെപി-ജെഡിഎസ് സഖ്യത്തിന് കൂടുതൽ സീറ്റുനേടാൻ കുമാരസ്വാമി പ്രതിപക്ഷ നേതാവാകുന്നത് ഉപകരിക്കുമെന്ന്‌ യെദിയൂരപ്പ കരുതുന്നുണ്ടെന്നാണ് സൂചനകൾ.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version