Uncategorized

കർദ്ദിനാൾ ജോർജ് ആലഞ്ചേരിയുടെ ജാമ്യം റദ്ദാക്കണം; സുപ്രീം കോടതിയിൽ ഹർജി

Published

on

Cardinal George Alencherry, the Major Archbishop of Syro-Malabar Church. File photo: Manorama

 

സിറോ മലബാ‍‍‌ർ സഭ ഭൂമിയിടപാട് കേസിൽ കർദ്ദിനാൾ ജോർജ് ആലഞ്ചേരിയുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ പരാതിക്കാരൻ ജോഷി വർഗീസിന്റെ ഹർജി. വ്യവസ്ഥകളില്ലാതെ കാക്കനാട് മജിസ്‌ട്രേറ്റ് കോടതി കർദ്ദിനാളിന് ജാമ്യം നല്കിയത് തെറ്റാണെന്നും കർദ്ദിനാളിനോട് വീണ്ടുമെത്തി പുതിയ ബോണ്ടുവയ്ക്കാൻ നിർദ്ദേശിക്കണമെന്നുമാണ് ഹർജിയിലെ ആവശ്യം.

ഭൂമിയിടപാടുമായി ബന്ധപ്പെട്ട് ജോഷി വർഗീസ് കാക്കനാട് ജുഡിഷ്യൽ ഫസ്‌റ്റ് ക്ളാസ് മജിസ്ട്രേട്ട് കോടതിയിൽ നൽകിയ പരാതിയിൽ കർദ്ദിനാൾ ജോർജ് ആലഞ്ചേരി 2023 ജനുവരി 27ന് ഹാജരായി ജാമ്യമെടുത്തിരുന്നു. ജാമ്യം അനുവദിച്ചപ്പോൾ ക്രിമിനൽ നടപടിക്രമത്തിലെ വ്യവസ്ഥകളനുസരിച്ചുള്ള വ്യവസ്ഥകൾ ഉൾപ്പെടുത്തിയിരുന്നില്ല. ഹർജിക്കാരൻ ഇക്കാര്യം ചൂണ്ടിക്കാട്ടിയതിനെത്തുടർന്ന് കാക്കനാട് കോടതി രണ്ടു ജാമ്യവ്യവസ്ഥകൾ ഉൾപ്പെടുത്തി ഉത്തരവ് പുതുക്കി. ഈ സാഹചര്യത്തിൽ കർദ്ദിനാൾ കോടതിയിൽ വീണ്ടുമെത്തി പുതിയ ബോണ്ടുവയ്ക്കാൻ നിർദ്ദേശിക്കണമെന്ന് ആവശ്യപ്പെട്ട് ഹർജിക്കാരൻ ഹൈക്കോടതിയിൽ എത്തിയിരുന്നെങ്കിലും ഇത് അനിവാര്യമല്ലെന്നും ജാമ്യവ്യവസ്ഥകൾ ലംഘിച്ചാൽ ജാമ്യം റദ്ദാക്കാൻ ഹർജിക്കാരന് കോടതിയെ സമീപിക്കാമെന്നും വ്യക്തമാക്കി ഹൈക്കോടതി ഹർജി തീർപ്പാക്കി.

കാക്കനാട് മജിസ്ട്രേട്ട് കോടതിയുടെ ആദ്യ ഉത്തരവിന്റെ തുടർച്ചയാണ് ഭേദഗതി വരുത്തിയുള്ള രണ്ടാമത്തെ ഉത്തരവെന്നും അതിനാൽ കർദ്ദിനാൾ വീണ്ടും ഹാജരായി പുതിയ ജാമ്യപത്രം സമർപ്പിക്കേണ്ടതില്ലെന്നും വ്യക്തമാക്കി ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ സെപ്തംബറിൽ ഹർജി തീർപ്പാക്കിയതിനെതിരെയാണ് സുപ്രീം കോടതിയിൽ ഹർജി എത്തിയിരിക്കുന്നത്. ഹർജി വെള്ളിയാഴ്ച്ച ജസ്റ്റിസ് ബേലാ എം ത്രിവേദി അധ്യക്ഷയായ ബെഞ്ച് പരിഗണിക്കും. അഭിഭാഷകൻ പിഎസ് സുധീറാണ് ഹർജിക്കാരനുവേണ്ടി സുപ്രിം കോടതിയിൽ ഹർജി ഫയൽ ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version