National

കെസിആർ നേരിടുന്നത് കനത്ത വെല്ലുവിളി

Published

on

തെലങ്കാനയിൽ കെസിആർ ഇത്തവണ കനത്ത വെല്ലുവിളിയാണ് നേരിടുന്നതെന്ന് റിപ്പോർട്ടുകൾ. തലസ്ഥാനനഗരിയായ ഹൈദരാബാദിൽ നിന്നും 64 കിലോമീറ്റർ അകലെയായി സ്ഥിതിചെയ്യുന്ന മേഡക്ക് ലോകസഭാമണ്ഡലത്തിന്റെ പരിധിയിലെ ഗജ് വെൽ കെസിആറിന്റെ സ്വന്തം നിയമസഭാമണ്ഡലമാണ്. ഉണർവ്വില്ലാതിരുന്ന ഈ ഗ്രാമത്തെ കോടികൾ ചെലവിട്ട് ചെറുപട്ടണമായി വളർത്തിയെടുത്തത് കെസിആറാണ്. തെലങ്കാന സംസ്ഥാനം രൂപം കൊണ്ടതുമുതൽ അദ്ദേഹമാണ് ഈ മണ്ഡലത്തിൽ നിന്ന് ജയിച്ചുപോരുന്നത്.

വീതിയേറിയ റോഡുകളും ഒട്ടേറെ വിദ്യാഭ്യാസ സ്ഥാപനങ്ങളും ഷോപ്പിംഗ് കോംപ്ലെക്സ്കളുമൊക്കെ നിർമ്മിച്ച് കെസി ആർ ഗജ് വെലിനെ വികസനത്തിന്റെ പാതയിലേക്ക് നയിച്ചെങ്കിലും ഇത്തവണ തെരഞ്ഞെടുപ്പിൽ അദ്ദേഹം കനത്ത വെല്ലുവിളി നേരിടുന്നു. വാഗ്‌ദാനങ്ങൾ പലതും നടപ്പിലാകാത്തതിൽ വോട്ടർമാർ നിരാശരാണ്. ബിആർഎസ് വിട്ട് ബിജെപിയിൽ ചേർന്ന മുൻ മന്ത്രിയും പിന്നോക്കവിഭാഗം നേതാവുമായ ഇട്ടല രാജേന്ദ്രർ എതിർസ്ഥാനാർത്ഥിയായി മത്സരിക്കുന്നത് കെസിആറിന് ഭീഷണിയാണ്. മുദിരാജ് സമുദായക്കാരനായ രാജേന്ദ്രർ നിലവിൽ ഹസുറാബാദ് മണ്ഡലത്തെ പ്രതിനിധീകരിക്കുന്നു. കെസിആറിനെ ഒരു പാഠം പഠിപ്പിക്കാനാണ് രാജേന്ദ്രർ ഗജ് വെലിലേക്ക് മാറിയത്. പിന്നോക്കവിഭാഗക്കാർ നിർണ്ണായകമായ ഈ മണ്ഡലത്തിൽ അദ്ദേഹത്തിന് നല്ല സ്വീകാര്യതയുണ്ട്.

വോട്ടർമാർ കൈവിടുമോ എന്ന സംശയത്താലാണ് കാമറെഡ്ഢി മണ്ഡലത്തിൽ നിന്നുകൂടി കെസിആർ ജനവിധി തേടുന്നത്. എന്നാൽ അവിടെയും കാര്യങ്ങൾ എളുപ്പമല്ല. കോൺഗ്രസിന്റെ പ്രമുഖ നേതാവും പിസിസി അധ്യക്ഷനുമായ രേവന്ത് റെഡ്ഢി അവിടെ മൽസരിക്കാൻ തീരുമാനിച്ചതോടെ കെസിആർ രണ്ടു മണ്ഡലങ്ങളിലും കടുത്ത വെല്ലുവിളി നേരിടുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version