Crime

കേരളത്തിൽ ആത്മഹത്യാനിരക്കിൽ വർദ്ധനവ്; കൂടുതലും പുരുഷൻമാർ

Published

on

സംസ്ഥാനത്ത് ആത്മഹത്യാനിരക്കിൽ വർധനവെന്ന് ദേശീയ ക്രൈം റെക്കോഡ്‌സ് ബ്യൂറോയുടെ റിപ്പോർട്ട്. 2022-ലെ റിപ്പോർട്ട് പ്രകാരം 10,162 പേർ ആത്മഹത്യ ചെയ്തു. മുൻവർഷം ഇത് 9,549 ആയിരുന്നു. 6.4 ശതമാനത്തിന്റെ വർധനവാണ് ആത്മഹത്യാനിരക്കിന്റെ കാര്യത്തിൽ രാജ്യത്ത് നാലാമതായ കേരളം രേഖപ്പെടുത്തുന്നത്.

റിപ്പോർട്ടുകൾ പ്രകാരം കേരളത്തിൽ പുരുഷൻമാരുടെ ആത്മഹത്യയാണ് കൂടുതൽ. 8,031 പുരുഷന്മാരും 2,129 സ്ത്രീകളും 2 ട്രാൻസ്‌ജെൻഡറുകളുമാണ് ജീവിതം അവസാനിപ്പിച്ചത്. ഭൂരിപക്ഷം പുരുഷൻമാരുടെയും ആത്മഹത്യകൾക്കുപിന്നിൽ ജീവിതപങ്കാളിയിൽനിന്നും കുടുംബത്തിലെ മറ്റുള്ള സ്ത്രീകളിൽനിന്നുമുള്ള മാനസികസമ്മർദ്ദവും അനുബന്ധസങ്കീർണ്ണതകളുമാണ് കാരണമാവുന്നത്. ചില കേസുകളിൽ രോഗങ്ങളും മദ്യപാനവുമാണ് കാരണം. ആത്മഹത്യചെയ്ത വനിതകളിൽ 1089 പേരും വീട്ടമ്മമാരാണ്. പ്രണയപരാജയം കാരണം 292 പേരും കടം കയറിയതുമൂലം 242 പേരും തൊഴിലില്ലായ്മ കാരണം 117 പേരും ജീവനൊടുക്കി.

ഇന്ത്യയിലെ ആത്മഹത്യകളുടെ 5.9 ശതമാനവും കേരളത്തിലാണ്. ദേശീയശരാശരി 12.4 ആയിരിക്കുമ്പോൾ കേരളത്തിന്റെ ആത്മഹത്യാനിരക്ക് 28.5 ആണ്. നഗരങ്ങളുടെ കാര്യത്തിൽ രണ്ടാമത് നിൽക്കുന്ന കൊല്ലത്ത് ആത്മഹത്യാശരാശരി 42.5 ആണ്. 2022-ൽ മാത്രം കൊല്ലം ജില്ലയിൽ 472 പേർ ആത്മഹത്യ ചെയ്തു. ഇതേ കാലയളവിൽ കൊച്ചിയിൽ 374 പേരും തിരുവനന്തപുരത്ത് 361 പേരും കോഴിക്കോട്ട് 284 പേരും ആത്മഹത്യ ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version