Crime

കേരളത്തിൽ ഇനിയും കണ്ടെത്തണം അഞ്ചുവർഷത്തിനിടെ കാണാതായ 60 കുട്ടികളെ

Published

on

സംസ്ഥാനത്ത് ഈ വർഷം സെപ്റ്റംബർ വരെ 115 കുട്ടികൾ തട്ടിക്കൊണ്ടുപോകലിന് ഇരയായിട്ടുണ്ടെന്ന് റിപ്പോർട്ട്. തട്ടിക്കൊണ്ടുപോകൽ കേസുകളിൽ ഭൂരിപക്ഷം കുട്ടികളെയും കണ്ടെത്താറുണ്ടെന്ന് പൊലീസ് വ്യക്തമാക്കുന്നു. ഭിക്ഷാടനമാഫിയ, ഇതരസംസ്ഥാന നാടോടിസംഘങ്ങൾ, മനുഷ്യക്കടത്ത് സംഘങ്ങൾ എന്നിവ കുട്ടികളെ തട്ടിക്കൊണ്ടുപോയ സംഭവങ്ങൾ സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തിട്ടില്ലെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.

ക്രൈം റെക്കോഡ്‌സ് ബ്യൂറോയുടെ കണക്കുകൾ പ്രകാരം കഴിഞ്ഞ വർഷം 269 കുട്ടികളെയും 2021-ൽ 257 കുട്ടികളെയും തട്ടിക്കൊണ്ടുപോയിട്ടുണ്ട്. ഇത്തരം കേസുകളിൽ കണ്ടെത്തുന്നതിന്റെ കണക്ക് 98 ശതമാനമാണെന്നും ഉദ്യോഗസ്ഥർ പറയുന്നു. കഴിഞ്ഞ അഞ്ചുവർഷത്തിനിടെ കാണാതായ കുട്ടികളിൽ 60 കുട്ടികളെ ഇനിയും കണ്ടെത്താനുണ്ടെന്ന് കഴിഞ്ഞ നിയമസഭാസമ്മേളനത്തിൽ മുഖ്യമന്ത്രി അറിയിച്ചിരുന്നു. കണ്ടെത്താനുള്ളവരിൽ 48 പേർ ആൺകുട്ടികളും 12 പേർ പെൺകുട്ടികളുമാണ്. ഇതിൽ ആറു കേസുകൾ അവസാനിപ്പിക്കാൻ ബന്ധപ്പെട്ട കോടതികളിൽ റിപ്പോർട്ട് നൽകിയിട്ടുണ്ട്.

തട്ടിക്കൊണ്ടുപോകൽ പ്രതിരോധിക്കാൻ ജാഗ്രത കുട്ടികൾക്കും അവർക്ക് ചുറ്റുമുള്ളവർക്കും വേണമെന്ന് വിദഗ്ധർ നിർദ്ദേശിക്കുന്നു. രക്ഷിതാക്കളുടേത് ഉൾപ്പെടെ അത്യാവശ്യഘട്ടങ്ങളിൽ വിളിക്കേണ്ട ഫോൺ നമ്പറുകൾ കുട്ടികളെ പഠിപ്പിക്കണം. സ്ഥലസൂചനകൾ പറയാനും റോഡ് മുറിച്ചുകടക്കൽ ഉൾപ്പെടെയുള്ള കാര്യങ്ങൾ ചെയ്യാനും പരിശീലിപ്പിക്കണം. ആയോധനകലകൾ അഭ്യസിച്ചാലും ഇല്ലെങ്കിലും ആരെങ്കിലും പിടിച്ച് മുറുക്കിയാൽ രക്ഷപ്പെടാനുള്ള മാർഗങ്ങൾ കുട്ടികൾ അറിഞ്ഞിരിക്കണം. ഉദാഹരണം: കടിക്കലും മർമ ഭാഗങ്ങളിൽ ഇടിക്കുകയോ ചവിട്ടുകയോ ചെയ്യുന്നത്.

അപരിചിതർ സ്ത്രീകൾ ആയാൽ അയഞ്ഞ സമീപനം തുടരരുത്. ക്രിമിനലുകൾക്ക് ലിംഗപരമായ വ്യത്യാസമില്ല. അവർ എന്തുതന്നാലും കഴിക്കുകയോ കുടിക്കുകയോ ചെയ്യരുത്. സ്കൂൾ ബാഗിനോട് ചേർന്ന് ഒരു വിസിൽ കൂടി കെട്ടിവെക്കുന്നത് എത്ര ക്ഷീണിച്ച അവസ്ഥയിലും മറ്റുള്ളവരുടെ ശ്രദ്ധയാകർഷിക്കാൻ സഹായിക്കും.

സ്വന്തം കുട്ടിയല്ലെങ്കിൽപ്പോലും അവർ മോശമായ ഒരു പരിസ്ഥിതിയിലാണെന്ന് തോന്നിയാൽ ഇടപെടണം. ഇടപെടാൻ സാധിച്ചില്ലെങ്കിൽ പോലീസിൽ അറിയിക്കണം. കുഞ്ഞുങ്ങളുമായി ഭിക്ഷാടനം നടത്തുന്നത് ക്രിമിനൽ കുറ്റമാണെന്നതുകൊണ്ടുതന്നെ അങ്ങനെയുള്ളവരെ കണ്ടാൽ പണം നൽകരുത്. പോലീസിൽ അറിയിക്കണം.

പരിചയത്തിലുള്ള ആരുടെയെങ്കിലും വീട്ടിൽ സംശയകരമായ അവസ്ഥയിൽ കുട്ടികളെ കണ്ടാൽ പോലീസിൽ അറിയിക്കാം. അത് ചിലപ്പോൾ അനധികൃതദത്തുമാകാം. എന്റെ കുട്ടിയും തെറ്റ് ചെയ്യാം എന്ന ബോധത്തോടെ വേണം കുട്ടികളുടെ നീക്കങ്ങളെ നിരീക്ഷിക്കാൻ. അവർ വലിയ തെറ്റിലേക്ക് പോകുന്നത് തടയാൻ ഇത് സഹായിക്കും.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version