Business

ഇന്ത്യക്ക് വിനിമയം നടത്താൻ പുതിയൊരു കറൻസി കൂടി എത്തുന്നു

Published

on

ബ്രിക്സ് രാജ്യങ്ങളുടെ പൊതുനിയന്ത്രണത്തിൽ ആർ ഫൈവ് വരുന്നതോടെ പുതുവർഷത്തിൽ ഇന്ത്യക്ക് വിനിമയം നടത്താൻ പുതിയൊരു കറൻസി കൂടി എത്തും. യൂറോ മാതൃകയിൽ ഏകീകൃത കറൻസി കൊണ്ടുവരാനാണ് ബ്രിക്സ് രാജ്യങ്ങൾ പദ്ധതിയിടുന്നത്. ബ്രസീൽ, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക എന്നീ അതിവേഗം വളരുന്ന സാമ്പത്തികവ്യവസ്ഥകൾ ഒത്തുചേർന്ന് ഒരു കറൻസി രൂപീകരിച്ചാൽ അതിന് യൂറോ പോലെ ശക്തി പ്രാപിക്കാനാകുമെന്ന് കരുതപ്പെടുന്നു. അന്താരാഷ്ട്രതലത്തിൽ ഡോളറിനും യൂറോയ്ക്കുമുള്ള അപ്രമാദിത്വം അവസാനിക്കുകയും ചെയ്യും. ഇന്ത്യയുടെ റുപ്പി, റഷ്യയുടെ റൂബിൾ, ബ്രസീലിന്റെ റിയാൽ, സൗത്ത് ആഫ്രിക്കയുടെ റാൻഡ്, ചൈനയുടെ റെമിൻബി എന്നിവയുടെ ആദ്യ അക്ഷരം ആർ ആണ്. അതുകൊണ്ടാണ് പുതിയ കറൻസിക്ക് ആർ ഫൈവ് എന്ന് പേരിട്ടിരിക്കുന്നത്.

വിവിധ രാജ്യങ്ങളിലെ സെൻട്രൽ ബാങ്കുകൾക്ക് ലോകകരുതൽ കറൻസി കൈവശം വയ്ക്കണമെങ്കിൽ ആ രാജ്യം ഇന്നത്തെ സാഹചര്യത്തിൽ യുഎസ് ഡോളറിൽ വ്യാപാരം നടത്തണം. 1944 മുതൽ ഇതാണ് സ്ഥിതി. രണ്ടാം ലോകമഹായുദ്ധത്തിനിടയിലാണ് ബ്രിട്ടന്റെ പൗണ്ട് സ്റ്റെർലിംഗിൽ നിന്ന് അമേരിക്കൻ ഡോളർ ലോക വാണിജ്യ – വ്യാപാര വിനിമയോപാധിയായി മാറിയത്. കഴിഞ്ഞ 79 വർഷമായി, അമേരിക്കൻ ഡോളർ പ്രബലമായ ലോകകരുതൽ കറൻസിയായി തുടരുന്നു. ഈ സ്ഥാനം കയ്യടക്കാനാണ് പല രാജ്യങ്ങളും രാഷ്ട്രകൂട്ടായ്മകളും ശ്രമിക്കുന്നത്.

രണ്ടാം ലോകമഹായുദ്ധസമയത്ത് ഉണ്ടാക്കിയ ബ്രെട്ടൺ വുഡ്സ് ഉടമ്പടിയുടെ ഫലമായാണ് 1944-മുതൽ അമേരിക്കൻ ഡോളർ ലോക കരുതൽ കറൻസിയായി മാറിയത്. യുദ്ധസമയത്ത്, അമേരിക്കൻ ഐക്യനാടുകൾ സൈനികമായും സാമ്പത്തികമായും ഒരു ആഗോള സൂപ്പർ പവർ ആയിരുന്നു. അമേരിക്കൻ സാമ്പത്തികനയങ്ങളായ സ്വതന്ത്രവിപണിയും സുതാര്യയും സാമ്പത്തികശക്തിയായുള്ള വളർച്ചയും സ്വർണ്ണനിലവാരവുമെല്ലാം കാരണം രാജ്യങ്ങൾ അമേരിക്കൻ ഡോളർ അവരുടെ കരുതൽ കറൻസിയായി സ്വീകരിക്കാൻ സന്നദ്ധരായി. ഇന്ന് അന്താരാഷ്ട്രതലത്തിലെ ബഹുഭൂരിപക്ഷം സാമ്പത്തികവിനിമയവും നടക്കുന്നത് അമേരിക്കൻ ഡോളറിലാണ്.

കഴിഞ്ഞ എട്ട് പതിറ്റാണ്ടോളമായി ലോക സാമ്പത്തിക രം​ഗത്ത് അമേരിക്കൻ ഡോളർ പുലർത്തുന്ന ആധിപത്യത്തിന് ബദലാകും ആർ ഫൈവ് എന്നും ലോക കരുതൽകറൻസിയിലെ ഏറ്റവും വലിയ ക്ലെയിമുകളിൽ ഒന്നായി ആർ ഫൈവ് മാറാനുള്ള സാധ്യതയുണ്ട് എന്നും സാമ്പത്തിക വിദ​ഗ്ധർ ചൂണ്ടിക്കാട്ടുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version