Crime

എൻഡോസൾഫാൻ; കോടതിയലക്ഷ്യക്കേസ് തീർപ്പാക്കി

Published

on

ദില്ലി: കാസര്‍കോട്ടെ എന്‍ഡോസള്‍ഫാന്‍ ഇരകളുടെ ചികിത്സ സഹായധനം അടക്കം സുപ്രീം കോടതി വിധി നടപ്പാക്കിയില്ലെന്ന് ചൂണ്ടിക്കാട്ടി ഇരകളായവർ നൽകിയ കോടതിയലക്ഷ്യ ഹർജി സുപ്രീം കോടതി തീർപ്പാക്കി. ഇരകളുടെ ചികിത്സ സംബന്ധിച്ച് കാര്യങ്ങൾ നിരീക്ഷിക്കാൻ കേരള ഹൈക്കോടതിക്ക് ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് നിർദ്ദേശം നൽകി. ഹൈക്കോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ച് ഇതുസംബന്ധിച്ച നടപടികൾ നിരീക്ഷിക്കണം. കൂടാതെ കേസുമായി ബന്ധപ്പെട്ട രേഖകൾ കേരള ഹൈക്കോടതിയിലേക്ക് മാറ്റാനും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് നിർദ്ദേശം നൽകി.

അതേസമയം ഇരകളായവരുടെ സഹായധനവിതരണം സംബന്ധിച്ച കാര്യങ്ങളിൽ സംസ്ഥാനസർക്കാർ സ്വീകരിച്ച നടപടികളിൽ സുപ്രീം കോടതി തൃപ്തി രേഖപ്പെടുത്തി. ഇരകൾക്കുള്ള സഹായധനം പൂർണ്ണമായി വിതരണം ചെയ്തെന്ന് ചീഫ് സെക്രട്ടറി കോടതിയെ അറിയിച്ചിരുന്നു. കാസർഗോഡ് ജില്ലയിലെ എൻഡോസൾഫാൻ ഇരകൾക്കുള്ള ചികത്സ സൗകര്യം സംബന്ധിച്ച് സുപ്രീം കോടതി നിർദ്ദേശപ്രകാരം ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി സെക്രട്ടറിക്ക് റിപ്പോർട്ട് സമർപ്പിച്ചിരുന്നു. റിപ്പോർട്ട് സംബന്ധിച്ച് തുടർനടപടികൾക്കാണ് മേൽനോട്ടം വഹിക്കാൻ ഹൈക്കോടതിക്ക് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് നിർദ്ദേശം നൽകിയിരിക്കുന്നത്.

എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് സുപ്രീം കോടതി വിധിച്ച അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം വിതരണം ചെയ്യുന്നില്ലെന്ന് ആരോപിച്ച് എട്ട് ഇരകളാണ് ചീഫ് സെക്രട്ടറിയെ എതിർകക്ഷിയാക്കി കോടതിയലക്ഷ്യ ഹർജി നൽകിയത്. 2017-ലെ സുപ്രീം കോടതിവിധി നടപ്പാക്കിയില്ലെന്നും ഹർജിക്കാർ കോടതിയെ അറിയിച്ചിരുന്നു. നേരത്തെ ഹർജി പരിഗണിക്കവേ സംസ്ഥാനസർക്കാരിനെതിരെ വിമർശനവും സുപ്രീം കോടതി ഉയർത്തിയിരുന്നു. 3704 ഇരകളില്‍ 8 പേര്‍ക്ക് മാത്രമാണ് അഞ്ച് ലക്ഷം രൂപവീതം സഹായധനം നൽകിയതെന്നും കോടതി വ്യക്തമാക്കിയിരുന്നു. തുടർന്ന് ഇതുവരെ സര്‍ക്കാരിന്‍റെ സാമ്പത്തിക സഹായം ലഭിക്കാത്ത 3417 എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് അഞ്ച് ലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്‍കുന്നതിനുള്ള നടപടി ആരംഭിച്ചതായി ചീഫ് സെക്രട്ടറി കോടതിയെ രേഖമൂലം അറിയിച്ചിരുന്നു.

കേസിൽ ചീഫ് സെക്രട്ടറിക്കുവേണ്ടി മുതിർന്ന അഭിഭാഷകൻ ജയ്ദീപ് ഗുപ്ത സ്റ്റാന്‍ഡിങ് കോണ്‍സല്‍ നിഷേ രാജന്‍ ഷൊങ്കറും ഇരകള്‍ക്ക് വേണ്ടി സീനിയര്‍ അഭിഭാഷകന്‍ പി.എൻ രവീന്ദ്രന്‍, അഭിഭാഷകന്‍ പി. എസ് സുധീർ എന്നിവരുമാണ് ഹാജരായത്.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version