Kerala

ക്രൈസ്തവ വിഭാഗങ്ങളിലെ പിന്നോക്കക്കാർക്കും പരിവർത്തിത ക്രൈസ്തവർക്കും കൂടുതൽ സംവരണം: ജസ്റ്റിസ് ജെ ബി കോശി കമ്മീഷന്റെ ശുപാർശ

Published

on

ക്രൈസ്തവ വിഭാഗങ്ങളിലെ പിന്നോക്കക്കാർക്കും പരിവർത്തിത ക്രൈസ്തവർക്കും പിഎസ്‍സി നിയമനങ്ങളിൽ കൂടുതൽ സംവരണം വേണമെന്ന് ജസ്റ്റിസ് ജെ ബി കോശി കമ്മീഷന്റെ ശുപാർശ. ജനസംഖ്യാനുപാതത്തിൽ ന്യൂനപക്ഷ സ്കോളർഷിപ്പ് വിതരണം നടത്തണമെന്ന ഹൈക്കോടതി ഉത്തരവിന്‍റെ പശ്ചാത്തലത്തിൽ സ്കോളർഷിപ്പിൽ കമ്മീഷൻ മാറ്റങ്ങൾ നിർദ്ദേശിക്കുന്നില്ല.

ന്യൂനപക്ഷ വിഭാഗങ്ങൾക്കുള്ള സ്കോളർഷിപ്പ് 80:20 എന്ന നിലയിൽ മുസ്ലീം വിഭാഗങ്ങൾ കയ്യടക്കുന്നുവെന്ന വലിയ പരാതിയും പ്രതിഷേധവും ക്രൈസ്തവ വിഭാഗം ഉയർത്തിയതിനിടെയായിരുന്നു രണ്ട് വർഷം മുമ്പ് ജസ്റ്റിസ് ജെ ബി കോശി കമ്മീഷനെ സർക്കാർ നിയോഗിച്ചത്. 80:20 റദ്ദാക്കി സ്കോളർഷിപ്പ് വിതരണം ജനസംഖ്യാനുപാതത്തിൽ വേണമെന്ന ഹൈക്കോടതി ഉത്തരവ് സർക്കാർ നടപ്പാക്കിയെങ്കിലും മുസ്ലീം വിഭാഗത്തിൻറെ കടുത്ത എതിർപ്പ് മൂലം സംസ്ഥാന സർക്കാർ അപ്പീലുമായി സുപ്രീംകോടതിയെ സമീപിച്ചു. സ്കോളർഷിപ്പ് കോടതി പരിഗണനയിലായതിനാൽ അതിൽ ജെ ബി കോശി കമ്മീഷൻ കാര്യമായി ഇടപെടുന്നില്ല. ഹൈക്കോടതി ഉത്തരവ് മറികടന്നുള്ള ശുപാർശയില്ല, സുപ്രീം കോടതിയുടെ അന്തിമനിലപാട് അനുസരിച്ച് തുടർനടപടി എന്നതാണ് കമ്മീഷൻറെ നിലപാട്.

പരാതികൾ ഏറ്റവും കൂടുതൽ ലഭിച്ചത് നിയമനങ്ങളിലായിരിക്കേ അതിലാണ് കമ്മീഷൻറ പ്രധാന ശുപാർശ. നിയമന റൊട്ടേഷൻ പ്രകാരം പരിവർത്തിത ക്രൈസ്തവർ പിന്തള്ളപ്പെടുന്നുവെന്നാണ് പ്രധാന പരാതി. ഇവർക്കും ക്രൈസ്തവ സമുദായത്തിലെ പിന്നോക്കക്കാർക്കും പി എസ് സി നിയമനങ്ങളിൽ സംവരണം കൂട്ടണമെന്നാണ് ശുപാർശ. തീരദേശങ്ങളിൽ താമസിക്കുന്ന ക്രൈസ്തവ വിഭാഗങ്ങളടക്കമുള്ളവർക്ക് പുനരധിവാസത്തിന് കൂടുതൽ മെച്ചപ്പെട്ട പാക്കേജ് വേണമെന്നാണ് അടുത്ത ശുപാർശ. പുനരധിവാസത്തിനുള്ള തുക കൂട്ടണം, വീട് വെച്ച് നൽകുന്നത് തീരത്തിനടുത്തായിരിക്കണം, മലയോരമേഖലയിൽ ക്രൈസ്തവരടക്കമുള്ള എല്ലാവരും നേരിടുന്ന വന്യമൃഗ ഭീഷണിക്ക് പരിഹാരം വേണം, വന്യമൃഗ ആക്രമണങ്ങൾക്ക് അർഹമായ നഷ്ടപരിഹാരം നൽകണം.

അഞ്ച് ലക്ഷത്തോളം പരാതികളാണ് കമ്മീഷന് കിട്ടിയത്. വിവിധ ജില്ലകളിൽ നിന്നും കിട്ടിയ പരാതികൾ ലോറിയിലായിരുന്നു കഴിഞ്ഞ ദിവസം തിരുവനന്തപുരത്തെത്തിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version