Crime

കുട്ടികളുടെ അഗ്നിക്കോലം; ഹൈക്കോടതി പൊതുതാത്പര്യ ഹർജി സ്വീകരിച്ചു

Published

on

 

കൊച്ചി: കുട്ടികളെ അഗ്നിക്കോലം കെട്ടിക്കുന്നതിനെതിരായ പൊതുതാല്‍പര്യ ഹര്‍ജി ഹൈക്കോടതി സ്വീകരിച്ചു. ദിശ എന്ന എന്‍ജിഒയാണ് ഹര്‍ജി സമർപ്പിച്ചത്. ഒറ്റക്കോല്‍ തെയ്യം എന്ന പേരില്‍ അറിയപ്പെടുന്ന തീ ചാമുണ്ടി തെയ്യത്തില്‍ കുട്ടികളെ പങ്കെടുപ്പിക്കുന്നത് തടയണമെന്ന ആവശ്യവുമായാണ് ദിശ ഹൈക്കോടതിയെ സമീപിച്ചിട്ടുള്ളത്. ജസ്റ്റിസ് അനില്‍ കെ നരേന്ദ്രനും ജസ്റ്റിസ് കൌസര്‍ എടപ്പഗത്തിന്‍റേയും ബെഞ്ചിന്റേതാണ് നടപടി. മലബാര്‍ ദേവസ്വത്തെയും ചിറക്കൽ ക്ഷേത്രത്തെയും കേസില്‍ കക്ഷി ചേര്‍ക്കാനും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. കുട്ടികളുടെ ജീവിക്കാനുള്ള അവകാശം വരെ ചോദ്യം ചെയ്യപ്പെടുന്ന രീതിയിലാണ് തെയ്യം നടത്തുന്നതെന്നും പിന്നോക്ക വിഭാഗക്കാരില്‍ നിന്നുള്ള കുട്ടികളെയാണ് ഒറ്റക്കോല്‍ തെയ്യത്തിനായി തെരഞ്ഞെടുക്കുന്നതെന്നും പരാതി വിശദമാക്കുന്നു. കേസ് മെയ് 22ന് വീണ്ടും പരിഗണിക്കും.

നേരത്തെ ചിറക്കലിൽ പെരുങ്കളിയാട്ടത്തിൽ എട്ടാം ക്ലാസ് വിദ്യാർത്ഥി അഗ്നിക്കോലം പകർന്ന് തെയ്യം അവതരിപ്പിച്ച സംഭവത്തിൽ സംസ്ഥാന ബാലാവകാശ കമ്മീഷൻ കേസെടുത്തിരുന്നു. മാധ്യമവാർത്തകളുടെ അടിസ്ഥാനത്തിൽ കമ്മീഷൻ ചെയർപേഴ്സൺ കെ വി മനോജ് കുമാർ സ്വമേധയാ നടപടി സ്വീകരിക്കുകയായിരുന്നു. സംഭവത്തെക്കുറിച്ച് അടിയന്തര റിപ്പോർട്ട് നൽകാൻ ബാലാവകാശ കമ്മീഷൻ ഡയറക്ടർ, ജില്ലാ പോലീസ് മേധാവി, ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസർ, എന്നിവർക്ക് കമ്മീഷൻ നിർദ്ദേശം നൽകിയിരുന്നു. ആചാരത്തിന്‍റെ ഭാഗമായി തെയ്യം തീക്കനലിൽ ചാടുന്നുണ്ട്. തെയ്യം കഴിഞ്ഞതിന് പിന്നാലെ അവശനിലയിലുള്ള കോലധാരിയായ കുട്ടിയുടെ ചിത്രം സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ബാലാവകാശ കമ്മീഷൻ നടപടിയെടുത്തത്. ചിറക്കൽ ചാമുണ്ഡിക്കോട്ടം ക്ഷേത്രത്തിലെ കളിയാട്ടത്തിലാണ് 13 വയസ്സുള്ള കുട്ടി ഒറ്റക്കോലം എന്നറിയപ്പെടുന്ന തീ ചാമുണ്ഡി തെയ്യക്കോലം കെട്ടിയാടിയത്.

രണ്ടാൾ പൊക്കത്തിലുള്ള മേലേരിക്ക് അടുത്തേക്ക് പോകാൻ പോലും കഴിയാത്തവിധം ചൂട് ഉണ്ടാകും. ഈ കനലിലേക്കാണ് കുട്ടി ചാടുന്നത്. ആടയാഭരണങ്ങൾക്ക് പുറമെ ശരീരത്തിൽ കുരുത്തോല കൊണ്ടുള്ള കവചം മാത്രമാണ് തീപ്പൊള്ളൽ തടയാനുള്ളത്. തീയിലേക്ക് ചാടുമ്പോൾ സെക്കന്റുകൾക്കുള്ളിൽ പിടിച്ചുമാറ്റുമെങ്കിലും ഏറെ അപകടം നിറഞ്ഞതാണിത്. തെയ്യം കഴിഞ്ഞതിനുശേഷം അവശനായ കുട്ടിയുടെ ദൃശ്യം സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിച്ചതിന് പിന്നാലെ വലിയ വിമർശനമാണ് സംഘാടകർക്കെതിരെ ഉണ്ടായത്. ആചാരത്തിന്റെ ഭാഗമായി കുട്ടികളെ അപകടകരമായ തെയ്യക്കോലം കെട്ടിക്കുന്നതിലായിരുന്നു വിമർശനം.

കുട്ടിയെക്കൊണ്ട് തെയ്യം അവതരിപ്പിക്കുന്നു എന്ന വിവരം വന്നപ്പോൾ തന്നെ സിഡബ്ല്യുസി വിഷയത്തിൽ ഇടപെട്ടിരുന്നു. എന്നാൽ സംഘാടകർ തീരുമാനം മാറ്റാൻ തയ്യാറായിരുന്നില്ല.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version