Health

ആദ്യപരാതിക്ക് അവഗണന; കുടിയൻമാർക്ക് നവകേരളസദസ്സിലും രക്ഷയില്ല?

Published

on

നവകേരളസദസ്സിൽ ലഭിച്ച ആദ്യപരാതി കേരളത്തിലെ മദ്യപന്മാരുടെ പരാധീനതകളെക്കുറിച്ച് ചൂണ്ടിക്കാട്ടുന്നു. കാസർകോട് സ്വദേശി വിശ്വംഭരൻ കരിച്ചേരിയാണ് സംസ്ഥാനത്തെ കുടിയന്മാർ അനുഭവിക്കുന്ന പ്രശ്നങ്ങളെക്കുറിച്ച് മുഖ്യമന്ത്രിക്ക് നൽകാനുള്ള പരാതിയിൽ വ്യക്തമാക്കിയിട്ടുള്ളത്. ബെവ്‌കോ വിൽക്കുന്ന മദ്യത്തിന് ലഹരിയില്ലെന്നും കള്ളിന് കിക്ക് കിട്ടുന്നില്ലെന്നും ദിവസം 400 രൂപ കൊടുത്ത് കുടിക്കാൻ പറ്റുന്നില്ലെന്നുമാണ് പരാതി. മുഖ്യമന്ത്രിയെ അഭിസംബോധന ചെയ്തെഴുതിയ പരാതി ബെവ്കോ അധികൃതർക്കാണ് വിശ്വംഭരൻ നൽകിയത്. നവകേരളസദസ്സിലേക്ക് ഇതു കൈമാറിയിട്ടില്ലെന്ന് അധികൃതർ വ്യക്തമാക്കുന്നു.

കാസർകോട് ടൗൺ ഭണ്ഡാരി റോഡിലുള്ള ബെവ്‌കോ ഔട്ട്‌ലെറ്റിലെ സ്റ്റോർ ഇൻചാർജ് ശ്രീകുമാറിനാണ് വിശ്വംഭരൻ നിവേദനം നൽകിയത്. ‘പ്രിയപ്പെട്ട മുഖ്യമന്ത്രി, കള്ളിന് കിക്ക് കിട്ടുന്നില്ല. ഗോവ സാധനം ക്വാർട്ടർ കിട്ടുന്നില്ല, മത്തുമില്ല. ദിവസം 400 രൂപ കൊടുത്ത് കുടിക്കാൻ പറ്റുന്നില്ല. ഇപ്പോൾ എന്തെങ്കിലും ചെയ്യണം.’’- സ്വന്തം കൈപ്പടയിൽ എഴുതിയ അഞ്ചുവരി കത്തിൽ വിശ്വംഭരൻ പറയുന്നു.

വകുപ്പിലെ ഉന്നതർക്ക് നിവേദനം കൈമാറാമെന്ന് ഉറപ്പു കിട്ടിയതായി വിശ്വംഭരൻ പറഞ്ഞു. താൻ നവകേരളസദസ്സ് നടക്കുന്ന വേദിയിലേക്കു പോകുന്നില്ലെന്നും അതിനാലാണ് തനിക്ക് പരിചയമുള്ള ബെവ്‌കോ ഔട്ട്‌ലെറ്റിൽ പരാതി നൽകിയതെന്നും വിശ്വംഭരൻ പറഞ്ഞു. കാസർകോട് മഞ്ചേശ്വരം പൈവളിഗെ ഗവ.ഹയർ‌ സെക്കൻഡറി സ്കൂളിലാണ് യാത്രയുടെ ഉദ്ഘാടനവും മഞ്ചേശ്വരം മണ്ഡലത്തിലെ ആദ്യസദസ്സും നടന്നത്. യുഡിഎഫ് നവകേരളസദസ്സ് ബഹിഷ്കരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version