Education

15.5 കോടി വർഷം മുൻപ് മറഞ്ഞ ഭൂഖണ്ഡം ആർഗോലാൻഡിനെക്കുറിച്ച് വെളിപ്പെടുത്തി ​ഗവേഷകർ

Published

on

15.5 കോടി വർഷം മുൻപ് ഓസ്‌ട്രേലിയയിൽ നിന്ന് വേർപെട്ട് തെക്കുകിഴക്കൻ ഏഷ്യയുടെ സമീപത്തായി മറഞ്ഞ ആർഗോലാൻഡ് എന്നറിയപ്പെടുന്ന ഭൂഖണ്ഡത്തെ കുറിച്ചുള്ള വിവരങ്ങൾ ​ഗവേഷകർ വെളിപ്പെടുത്തി. ഓസ്‌ട്രേലിയയുടെ വടക്കുകിഴക്കൻ തീരത്തു സ്ഥിതി ചെയ്യുന്ന ആർഗോ അബിസൽ പ്ലെയിൻ എന്ന ഭൗമഘടനയിൽ നിന്നാണ് ​ഗവേഷകർ ആർഗോലാൻഡ് സംബന്ധിച്ച കൂടുതൽ കണ്ടെത്തലുകൾ നടത്തിയത്.

പടിഞ്ഞാറൻ ഓസ്‌ട്രേലിയയിൽ നിന്നു വേർപെട്ട ശേഷം ആർഗോലാൻഡ് ചിതറി നാമാവശേഷമാകുകയായിരുന്നു. ആർഗോലാൻഡിനെ സംബന്ധിച്ച് അറിവുണ്ടായിരുന്നെങ്കിലും എവിടെയാണ് ഈ പ്രാചീന ഭൂഖണ്ഡം അവസാനിച്ചതെന്ന് ശാസ്ത്രലോകത്തിന് അറിവുണ്ടായിരുന്നില്ല. ഓസ്‌ട്രേലിയയ്ക്ക് വടക്കുഭാഗത്തായാണ് ആർഗോലാൻഡ് അവസാനിച്ചതെന്ന് ശാസ്ത്രജ്ഞർ കണക്കാക്കിയിരുന്നു. തുടർന്നാണ് തെക്കുകിഴക്കൻ ഏഷ്യയിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ശാസ്ത്രജ്ഞർ തീരുമാനിച്ചത്.

നെതർലൻഡ്‌സിലെ യുട്രെക്ട് സർവകലാശാലയിൽ നിന്നുള്ള ശാസ്ത്രസംഘമാണ് ഗവേഷണത്തിനു ചുക്കാൻ പിടിച്ചത്. ഇവർ ആർഗോലാൻഡിന്‌റെ പ്രയാണം പുനസൃഷ്ടിച്ചു. ഇന്തൊനീഷ്യയ്ക്കും മ്യാൻമറിനും ഇടയിലായി പ്രാചീന കരഭാഗങ്ങൾ ഇവർ കണ്ടെത്തി. ആർഗോലാൻഡ് ചിതറിപ്പോകുകയും മേഖലയിലെ പല കരഭാഗങ്ങളിലേക്കും ഇവ കൂടിച്ചേർക്കപ്പെടുകയും ചെയ്‌തെന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്. മേഖലയിൽ വലിയ ജൈവവൈവിധ്യമുടലെടുക്കാനും ഈ പ്രതിഭാസം വഴിവച്ചു.

ലോകത്ത് മുൻകാലങ്ങളിൽ പല കരഭാഗങ്ങളും വേർപെടുകയും കൂടിച്ചേരുകയുമൊക്കെ ചെയ്തിട്ടുണ്ട്. 12 കോടി വർഷം മുൻപ് ഗോണ്ട്വാന എന്ന പ്രാചീന മഹാവൻകരയിൽ നിന്ന് വേർപ്പെട്ട ഇന്ത്യൻ ഭൂഭാഗം ഇന്നും കരയായി സ്ഥിതി ചെയ്യുന്നു. എന്നാൽ ആർഗോലാൻഡ് വീണ്ടും വേർപിരിഞ്ഞ് പല കരഭാ​ഗങ്ങളുമായും കൂടിച്ചേരുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version