Business

സ്വജനപക്ഷപാതവും അഴിമതിയും നടത്താൻ ദുരന്തങ്ങൾ മറയാക്കരുത്: ഹൈക്കോടതി

Published

on

സ്വജനപക്ഷപാതവും അഴിമതിയും നടത്താൻ ദുരന്തങ്ങൾ മറയാക്കരുതെന്ന പരാമർശവുമായി ഹൈക്കോടതി. കൊവിഡ് കാലത്ത് പി പി ഇ കിറ്റുകളും മെഡിക്കൽ ഉപകരണങ്ങളും വാങ്ങിയതിൽ അഴിമതിയുണ്ടെന്ന പരാതിയിൽ ലോകായുക്ത ഇടപെടൽ ചോദ്യം ചെയ്തുള്ള ഹർജി പരി​ഗണിക്കവെയാണ് കോടതിയുടെ പരാമർശം. അഴിമതി ആരോപണങ്ങളും ക്രമക്കേടുകളും സംബന്ധിച്ചുള്ള പരാതി പരിഗണിക്കാൻ ലോകായുക്തക്ക് അധികാരം ഉണ്ടെന്നും വിലയിരുത്തിയ കോടതി ദുരന്തകാലത്ത് ആർക്കും എന്തും ചെയ്യാമെന്ന് കരുതരുതെന്നും മുന്നറിയിപ്പ് നൽകി.

ആരോഗ്യവകുപ്പ് മുൻ പ്രിൻസിപ്പൽ സെക്രട്ടറി രാജൻ കോബ്രഗഡെ ഉൾപ്പെടെയുള്ളവരാണ് ലോകായുക്ത നടപടി റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്. അതേസമയം ഡോക്ടർമാർ ആക്രമിക്കപ്പെടുന്നതിൽ 137 കേസുകളാണ് ഈ വർഷം രജിസ്റ്റർ ചെയ്തത്. ഇത് ഞെട്ടിക്കുന്നതാണെന്ന് പറഞ്ഞ കോടതി ഡോക്ടർമാരുടെ സുരക്ഷയ്ക്കായി എന്ത് നടപടിയാണ് സ്വീകരിക്കുന്നതെന്നും ചോദിച്ചു.

ഡോക്ടർമാരുടെ സുരക്ഷ സർക്കാർ ഉറപ്പാക്കണമെന്ന് കോടതി നിർദ്ദേശിച്ചു. മാസത്തിൽ പത്ത് സംഭവങ്ങളാണ് റിപ്പോർട്ട് ചെയ്യുന്നത്. ആക്രമിക്കരുതെന്ന് മാർഗ്ഗനിർദ്ദേശം നൽകിയിട്ട് കാര്യമില്ലെന്ന് പറഞ്ഞ ഹൈക്കോടതി ഡോക്ടർമാരോ ജീവനക്കാരോ ആക്രമിക്കപ്പെട്ടാൽ ഒരു മണിക്കൂറിനകം എഫ് ഐ ആർ രജിസ്റ്റർ ചെയ്യാൻ സ്റ്റേഷൻ ഹൗസ് ഓഫീസർമാർക്ക് നിർദ്ദേശം നൽകി.

 

#COVID19 #calamity #PPE #HighCourt #medical #healthcare #health #doctor #government

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version