Business

സ്വകാര്യത ഉറപ്പ് വരുത്തി കുട്ടികള്‍ക്ക് ലഹരിവിമുക്തചികിത്സ ഉറപ്പ് വരുത്തണം: മന്ത്രി വീണാ ജോർജ്ജ്

Published

on

കുട്ടികള്‍ക്ക് അവരുടെ സ്വകാര്യത ഉറപ്പ് വരുത്തി ലഹരിവിമുക്തചികിത്സ ഉറപ്പുവരുത്തണമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്ജ്. മുതിര്‍ന്നവര്‍ക്കായി ലഹരിവിമുക്തി ക്ലിനിക് ഉണ്ട്. എന്നാല്‍ കുട്ടികളുടെ ഭാവി കൂടി മുന്നില്‍ കണ്ടുള്ള സ്വകാര്യത ഉറപ്പ് വരുത്തിയുള്ള ചികിത്സ ഉറപ്പ് വരുത്തണം. കൂടുതല്‍ വിദ്യാര്‍ത്ഥികളിലേക്ക് ലഹരിവിമുക്ത പ്രവര്‍ത്തനങ്ങള്‍ എത്തിക്കുന്നതിന് ശ്രമിക്കണം. ആരോഗ്യവകുപ്പ് ഡയറക്ടറും മെഡിക്കല്‍ വിദ്യാഭ്യാസവകുപ്പ് ഡയറക്ടറും ഇത് പരിശോധിച്ച് നടപടി സ്വീകരിക്കണമെന്നും മന്ത്രി നിര്‍ദ്ദേശം നല്‍കി. ലഹരിവിമുക്ത കേരളം പ്രചാരണകര്‍മ്മപരിപാടിയുടെ രണ്ടാംഘട്ട പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്ത യോഗത്തിലാണ് മന്ത്രി നിര്‍ദേശം നല്‍കിയത്.

ഒന്നാംഘട്ടപ്രവര്‍ത്തനങ്ങളുടെ ഭാഗമായി വകുപ്പിലും അനുബന്ധസ്ഥാപനങ്ങളിലും നടത്തിയ പ്രവര്‍ത്തനങ്ങളുടെ വിലയിരുത്തല്‍ സ്ഥാപനതലത്തിലും വകുപ്പ് മേധാവികളുടെ തലത്തിലും നടത്തണം. ലഹരിപദാര്‍ത്ഥങ്ങളുടെ വില്‍പ്പന, കൈമാറ്റം, ഉപയോഗം എന്നിവ ശ്രദ്ധയില്‍പ്പെട്ടാല്‍ വിവരം കൈമാറാനുള്ള ഫോണ്‍ നമ്പര്‍, മേല്‍വിലാസം എന്നിവ പ്രദര്‍ശിപ്പിച്ചെന്നും ഉറപ്പാക്കണം. സ്‌കൂളുകൾക്കടുത്തുള്ള കടകളില്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധന നടത്തേണ്ടതാണ്.

ഫുട്‌ബോളിലൂടെ മയക്കുമരുന്നിനെതിരെയുള്ള സന്ദേശം കൂടുതല്‍ പേരിലേക്ക് എത്തിക്കണം. ഡിസംബര്‍ 10 മനുഷ്യാവകാശദിനത്തില്‍ വിദ്യാര്‍ത്ഥികളുടെ വിവിധ പരിപാടികള്‍ സംഘടിപ്പിക്കണം. ആശയവിനിമയത്തിനുള്ള ഇടം ഒരുക്കണം. വിദ്യാര്‍ത്ഥികള്‍ക്ക് പറയാനുള്ളത് കേള്‍ക്കണം. വിദ്യാലയങ്ങള്‍, എന്ട്രന്‍സ് കോച്ചിംഗ് സെന്ററുകള്‍ എന്നിവ കേന്ദ്രീകരിച്ച് വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ സംയുക്തമായി വിദ്യാലയസന്ദര്‍ശനവും ചര്‍ച്ചകളും നടത്തണം. പി ടി എ-കളെ കൂടി ഇതില്‍ ഉള്‍പ്പെടുത്തണം.

കോളേജുകളില്‍ കരിയര്‍ ഡെവലപ്‌മെന്റ് പരിപാടികള്‍, ജീവനക്കാരെ ഉള്‍പ്പെടുത്തി ജാഗ്രത സദസുകള്‍, സ്‌ട്രെസ്സ് മാനേജ്‌മെന്റ് ക്ലാസ്സുകള്‍ എന്നിവ സംഘടിപ്പിക്കാവുന്നതാണ്. ജീവനക്കാരുടെ മാനസികസമ്മര്‍ദ്ദം കുറയ്ക്കുന്നതിനായി സ്‌ട്രെസ്സ് മാനേജ്‌മെന്റ് ക്ലാസ്സുകള്‍ നടത്തണം. ഇതിനായി ആയുഷ് വകുപ്പും പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താൻ മന്ത്രി നിര്‍ദേശം നല്‍കി.

ട്രൈബല്‍-അതിഥി തൊഴിലാളി-തീരദേശമേഖലകളില്‍ മെഡിക്കല്‍ ക്യാമ്പുകള്‍, അവബോധപരിപാടികള്‍ എന്നിവ നടത്തണം. സ്റ്റുഡന്റ്‌സ് ഹോസ്റ്റലുകള്‍, ലോഡ്ജുകള്‍, ഹോട്ടലുകള്‍, ഡോര്‍മെട്രികള്‍, റിസോര്‍ട്ടുകള്‍ എന്നിവ കേന്ദ്രീകരിച്ചുള്ള ബോധവല്‍ക്കരണപ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കണം. മെഡിക്കല്‍ സ്റ്റോറുകള്‍, ആയുര്‍വേദ ഔഷധശാലകള്‍, മരുന്ന് നിര്‍മ്മാണ യൂണിറ്റുകള്‍, റസ്റ്റോറന്റുകള്‍, ബേക്കറികള്‍ എന്നിവ കേന്ദ്രീകരിച്ചുള്ള ബോധവല്‍ക്കരണം നടത്തണം. മിത്ര 181 കൂടുതല്‍ ശക്തിപ്പെടുത്താനും മന്ത്രി നിര്‍ദേശം നല്‍കി.

ഒന്നാംഘട്ടപ്രവര്‍ത്തനങ്ങള്‍ നല്ല രീതിയില്‍ നടത്തിയ എല്ലാവരേയും മന്ത്രി അഭിനന്ദിച്ചു. ആരോഗ്യ-മെഡിക്കല്‍ വിദ്യാഭ്യാസ-ആയുഷ്-വനിത ശിശു വികസന വകുപ്പുകള്‍, അനുബന്ധ സ്ഥാപനങ്ങള്‍ എന്നിവയുടെ വകുപ്പ് സെക്രട്ടറിമാര്‍, വകുപ്പ് അധ്യക്ഷന്മാര്‍, സ്ഥാപനമേധാവികള്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

 

#india #kerala #health #healthcare #keralam #cabinet #minister #Veena #VeenaGeorge #school #education #training #ayush

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version