Business

സിൽവർ ലൈൻ പദ്ധതി ഉപേക്ഷിച്ചിട്ടില്ല: സിപിഎം

Published

on

സിൽവർ ലൈൻ പദ്ധതിയിൽ സംസ്ഥാന സർക്കാർ പിന്നോട്ടുപോയെന്ന വാർത്തകൾ തള്ളി സിപിഎമ്മും സർക്കാരും. സിപിഎം സംസ്ഥാന സെക്രട്ടറി എം വി ​ഗോവിന്ദൻ, സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ, മന്ത്രി വി എൻ വാസവൻ തുടങ്ങിയവർ മാധ്യമവാർത്തകളെ തള്ളി രം​ഗത്തെത്തി. പദ്ധതി ഉപേക്ഷിക്കില്ലെന്നും കേന്ദ്രാനുമതി ലഭിച്ചാലുടൻ നടപ്പാക്കുമെന്നും എം വി ​ഗോവിന്ദൻ വ്യക്തമാക്കി. കാനം രാജേന്ദ്രനും സമാനരീതിയിൽ പ്രതികരിച്ചു. സർക്കാറോ മന്ത്രിസഭയോ അത്തരമൊരു നിലപാട് സ്വീകരിച്ചിട്ടില്ലെന്ന് മന്ത്രി വി എൻ വാസവൻ വ്യക്തമാക്കി.

സിൽവർ ലൈൻ പദ്ധതിയിൽ നിന്നും സംസ്ഥാന സർക്കാർ പിന്മാറുന്നു എന്നായിരുന്നു പുറത്തുവന്ന റിപ്പോർട്ടുകൾ. സമൂഹികാഘാതപഠനം വീണ്ടും തുടങ്ങേണ്ടെന്നാണ് ധാരണയെന്നും ഭൂമി ഏറ്റെടുക്കൽ നടപടികൾക്ക് ഉൾപ്പെടെ നിയോഗിച്ച ഉദ്യോഗസ്ഥരെ തിരിച്ചുവിളിക്കുമെന്നുമായിരുന്നു റിപ്പോർട്ടുകൾ. വലിയ എതിർപ്പുകൾ പദ്ധതിക്കെതിരെ തുടക്കം മുതലേ ഉണ്ടായിരുന്നു. സംസ്ഥാനവ്യാപക പ്രതിഷേധം സർക്കാരിൻറെയും മുന്നണിയുടേയും പ്രതിച്ഛായയെ ബാധിച്ചെന്ന വിലയിരുത്തലിനിടെയാണ് പദ്ധതി പ്രവർത്തനങ്ങൾ താൽക്കാലികമായി നിർത്തിവയ്ക്കാൻ തീരുമാനിച്ചത്.

ഇത്തരം വാർത്തകൾ നിഷേധിച്ച് കെ റെയിൽ അധികൃതരും രംഗത്തെത്തി. പദ്ധതി അവസാനിപ്പിച്ചതായി ഔദ്യോഗിക അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്ന് അധികൃതർ പറഞ്ഞു. ഏതെങ്കിലും ഒരു വകുപ്പിന് മാത്രമായി ഇക്കാര്യത്തിൽ തീരുമാനമെടുക്കാനാവില്ല. സാമൂഹികാഘാത പഠനത്തിനായി സർക്കാർ നിശ്ചയിച്ച് നൽകിയ കാലാവധി പുതുക്കുമെന്ന പ്രതീക്ഷയ്ക്കിടെയാണ് പുതിയ വാർത്തകളെന്നും അധികൃതർ വ്യക്തമാക്കി.

നേരത്തെ സാമൂഹികാഘാത പഠനത്തിനായി സർക്കാർ നിശ്ചയിച്ച് നൽകിയ കാലാവധി ഒമ്പത് ജില്ലകളിൽ അവസാനിച്ചു. പഠനം തുടരണോ വേണ്ടയോ എന്നതിൽ സർക്കാർ ഇതുവരെ വിജ്ഞാപനം പുതുക്കി ഇറക്കിയിട്ടില്ല. കല്ലിടലിനു പകരം ജിയോ മാപ്പിങ്ങ് നടത്തുമെന്നായിരുന്നു സർക്കാർ പ്രഖ്യാപനം. എന്നാൽ ഇതും എങ്ങും എത്തിയില്ല.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version