National

സിദ്ധരാമയ്യ മുഖ്യമന്ത്രി; ഡികെ ശിവകുമാർ ഉപമുഖ്യമന്ത്രി

Published

on

നാല് ദിവസം നീണ്ട ചര്ച്ചകള്ക്കൊടുവിൽ കര്ണാടകയില് സിദ്ധരാമയ്യയെ മുഖ്യമന്ത്രിയായും ശിവകുമാറിനെ ഉപമുഖ്യമന്ത്രിയായും തീരുമാനമായി. ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകും. ഔദ്യോഗികനേതൃത്വവുമായുള്ള ചർച്ചകൾ തുടരുന്നതിനിടെ സോണിയ ഗാന്ധി നടത്തിയ ശക്തമായ ഇടപെടലിലാണ് ചിത്രങ്ങൾ വ്യക്തമായത്.
‘കര്ണാടകയുടെ താല്പര്യങ്ങളോട് പ്രതിബദ്ധതയുള്ളവരാണ് ഞങ്ങള്. പാര്ലമെന്റ് തെരഞ്ഞെടുപ്പ് വരാനിരിക്കുന്നു. അതിനാല്, നേതൃത്വം മുന്നോട്ടുവെച്ച ഫോര്മുല പാര്ട്ടിയുടെ താല്പര്യം മുന്നിര്ത്തിക്കൊണ്ട് അംഗീകരിക്കുകയായിരുന്നു;’ ശിവകുമാര് പറഞ്ഞു.
രണ്ട് ടേമുകളിലായി സിദ്ധരാമയ്യയും ശിവകുമാറും മുഖ്യമന്ത്രിമാരാകും. മുഖ്യമന്ത്രി പദം പങ്കുവെക്കാമെന്ന് നേരത്തെ സിദ്ധരാമയ്യ നേതൃത്വത്തെ അറിയിച്ചിരുന്നു. ആദ്യതവണ മുഖ്യമന്ത്രിസ്ഥാനം സിദ്ധരാമയ്യക്ക് വേണമെന്ന ആവശ്യത്തിൽ ശിവകുമാര് ഉടക്കി. ആറ് പ്രധാനവകുപ്പുകള് ഉപമുഖ്യമന്ത്രിക്ക് നല്കാനുള്ള ധാരണയിൽ ഒടുവില് പ്രശ്നപരിഹാരമായി. പാര്ട്ടി സംസ്ഥാന അധ്യക്ഷന് കൂടിയായ ശിവകുമാറിന് ഒറ്റ പദവി എന്ന വ്യവസ്ഥയിൽ ഇളവ് അനുവദിക്കും.
കഴിഞ്ഞ നാലു വര്ഷത്തെ സംസ്ഥാനത്തെ ബിജെപി ഭരണത്തിനിടെ നടത്തിയ പ്രവര്ത്തനങ്ങളുടെ അടിസ്ഥാനത്തില് തനിക്ക് മുഖ്യമന്ത്രി സ്ഥാനം വേണമെന്നായിരുന്നു ഡി.കെ ശിവകുമാര് ആവശ്യപ്പെട്ടിരുന്നത്. ജെഡിഎസുമായുള്ള സഖ്യ സര്ക്കാര് തകര്ന്ന ശേഷം കര്ണാടക തിരിച്ചുപിടിക്കുമെന്ന് ഡി.കെ ശിവകുമാര് പരസ്യമായി പ്രതികരിച്ചിരുന്നു. തുടര്ന്ന് കര്ണാടക കോണ്ഗ്രസ് അധ്യക്ഷന് എന്ന നിലയില് ഡി.കെ ശിവകുമാര് നടത്തിയ പ്രവര്ത്തനങ്ങള് കര്ണാടകയിലെ കോണ്ഗ്രസ് വിജയത്തില് നിര്ണായകമായി.
മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും സത്യപ്രതിജ്ഞ ബംഗളൂരു കണ്ഡീരവ സ്റ്റേഡിയത്തില് ശനിയാഴ്ച നടക്കും. സത്യപ്രതിജ്ഞക്കുള്ള തയാറെടുപ്പുകള് ഇവിടെ നേരത്തേ തുടങ്ങിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version