Business

സന്നിധാനത്ത് ആർക്കും പ്രത്യേക പരി​ഗണന നൽകരുതെന്ന് ഹൈക്കോടതി

Published

on

ശബരിമല സന്നിധാനത്ത് ആർക്കും പ്രത്യേക പരി​ഗണന നൽകരുതെന്ന് ഹൈക്കോടതി. ശബരിമല ദർശനത്തിന് കൊച്ചിയിൽനിന്നു ഹെലികോപ്റ്റർ യാത്രയും വി ഐ പി ദർശനവും വാഗ്ദാനം ചെയ്ത് ഒരു കമ്പനി നൽകിയ പരസ്യത്തെ തുടർന്ന് സ്വമേധയാ എടുത്ത കേസ് പരി​ഗണിക്കവെയാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഇക്കാര്യം വ്യക്തമാക്കിയത്. സന്നിധാനത്ത് ആർക്കും പ്രത്യേക പരി​ഗണന നൽകുന്നില്ലെന്ന് ദേവസ്വം ബോർഡ് ഉറപ്പുവരുത്തണമെന്നും കോടതി ഉത്തരവിൽ പറയുന്നു.
ശബരിമലയിലേക്കു ഹെലികോപ്റ്റർ സർവീസോ വി ഐ പി ദർശനമോ വാഗ്ദാനം ചെയ്യാൻ പാടില്ലെന്നാണ് കോടതിയുടെ ഉത്തരവ്. ആരും ഇത്തരം വാഗ്ദാനങ്ങൾ നൽകരുതെന്നും കോടതി ഉത്തരവിട്ടു. നിലയ്ക്കൽ എത്തിയാൽ എല്ലാവരും സാധാരണ ഭക്തരാണെന്നും കോടതി വ്യക്തമാക്കി. 48000 രൂപയ്ക്കു ഹെലികോപ്റ്ററിൽ ശബരിമല യാത്രയും വി ഐ പി ദർശനവും എന്നായിരുന്നു കൊച്ചിയിൽ നിന്നുള്ള ഹെലികോപ്റ്റർ സർവീസ് കമ്പനിയുടെ പരസ്യം.
കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ അനുമതി ഇല്ലാതെ സർവീസ് നടത്തുന്നത് എങ്ങനെ എന്നതുൾപ്പെടെ കമ്പനിക്കെതിരെ കടുത്ത വിമർശനം ഉന്നയിച്ച കോടതി നേരത്തേ കേസ് പരിഗണിക്കുമ്പോൾ പരസ്യം പിൻവലിക്കാൻ കമ്പനിയോടു നിർദേശിച്ചിരുന്നു. ജസ്റ്റിസ് അനിൽ കെ നരേന്ദ്രൻ, ജസ്റ്റിസ് പി ജി അജിത്കുമാർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് വാദം കേട്ടത്.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version