Kerala

ശശി തരൂർ വിവാദത്തിൽ എഐസിസി ഇടപെടില്ല; കെപിസിസി പരിഹരിക്കട്ടെയെന്ന് നിലപാട്

Published

on

കേരളത്തിൽ സ്വാധീനം ഉറപ്പിക്കുന്നതിന്റെ ഭാഗമായി ശശി തരൂർ നടത്തുന്ന കേരള പര്യടനവുമായി ബന്ധപ്പെട്ട വിവാദത്തിൽ ഇടപെടേണ്ടെന്നും കെപിസിസി പ്രശ്നം പരിഹരിക്കട്ടെയെന്നുമുള്ള നിലപാടാണ് പാർട്ടി കേന്ദ്രനേതൃത്വത്തിന്റേത്. കോൺഗ്രസ് അധ്യക്ഷസ്ഥാനത്തേക്ക് മത്സരിച്ച ശശി തരൂരിന് എഐസിസിയിൽ ചുമതലകൾ നൽകിയിരുന്നില്ല. അദ്ദേഹം കേരളത്തിൽ മലബാറിലെ ജില്ലകളിൽ മതമേലധ്യക്ഷന്മാരെയും മുന്നണി നേതാക്കളെയും പാർട്ടി പ്രവർത്തകരെയും കണ്ട് നടത്തുന്ന പര്യടനം കോൺഗ്രസിന്റെ സംസ്ഥാനനേതൃത്വത്തിന്റെ അതൃപ്തിക്ക് കാരണമായി. കോഴിക്കോട് നടന്ന സെമിനാറിൽ നിന്ന് യൂത്ത് കോൺഗ്രസും കണ്ണൂരിലെ പരിപാടിയിൽ നിന്ന് ഡിസിസിയും വിട്ടുനിന്ന സംഭവം വൻ വിവാദമായത് പാർട്ടിക്ക് തന്നെ ക്ഷീണമായി.

യൂത്ത് കോൺഗ്രസ് കോഴിക്കോട് ജില്ലാ കമ്മിറ്റി സെമിനാറിന്റെ നടത്തിപ്പിൽ നിന്ന് പിന്മാറിയതിന് കാരണം എന്താണെന്ന് കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് കോഴിക്കോട് എംപി എംകെ രാഘവൻ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ, സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, കെപിസിസി അധ്യക്ഷൻ കെ സുധാകരൻ എന്നിവർക്ക് കത്തയച്ചിരുന്നു. വിഭാഗീയപ്രവർത്തനമെന്നും ഗ്രൂപ്പിസമെന്നും തരൂരിന്റെ പരിപാടികളെ പരോക്ഷമായി വിമർശിച്ച പ്രതിപക്ഷനേതാവ് വിഡി സതീശന്റെ നടപടിയെ എതിർത്ത് കെ മുരളീധരനും രംഗത്ത് വന്നു. കെപിസിസി അധ്യക്ഷൻ കെ സുധാകരനാകട്ടെ വിവാദത്തിൽ പ്രതികരിക്കാൻ താത്പര്യപ്പെടുന്നില്ല. സംസ്ഥാനത്തെ പാർട്ടിക്കുള്ളിൽ വിഷയം വലിയ ചേരിതിരിവിന് കാരണമായി.

അതിനിടെ ഉമ്മൻചാണ്ടി വിഭാഗം കോട്ടയത്ത് തരൂരിന് വേദിയൊരുക്കുന്നുണ്ട്. ഡിസംബർ മൂന്നിന് ഈരാറ്റുപേട്ടയിൽ യൂത്ത് കോൺഗ്രസിന്റെ മഹാസമ്മേളനം നടക്കുന്നതിൽ ശശി തരൂർ പങ്കെടുക്കും. യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റി നടത്തുന്ന പരിപാടിയുടെ പോസ്റ്ററിൽ വിഡി സതീശന്റെ ചിത്രം ഒഴിവാക്കി കെസി വേണുഗോപാലിന്റെ ചിത്രം പതിച്ചിട്ടുണ്ട്. ഉമ്മൻചാണ്ടിയുടെ വിശ്വസ്തൻ ചിന്റു കുര്യൻ ജോയിയാണ് കോട്ടയത്ത് യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ്. ഉമ്മൻചാണ്ടിയുടെ അറിവോടെയാണ് തരൂരിന് വേദിയൊരുക്കുന്നതെന്ന് യൂത്ത് കോൺഗ്രസ് നേതൃത്വം വ്യക്തമാക്കി. എ ഗ്രൂപ്പിൽ ഒരു വിഭാഗം ഈ നീക്കത്തിൽ അതൃപ്തി രേഖപ്പെടുത്തുന്നുണ്ടെങ്കിലും പരിപാടിയുമായി മുന്നോട്ട് പോവാനാണ് യൂത്ത് കോൺഗ്രസിന്റെ തീരുമാനം.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version