Kerala

ശബരിമല തീര്‍ത്ഥാടനകാലത്തെ റെയില്‍വേ നവീകരണം നിര്‍ത്തിവെയ്പ്പിക്കണം; പ്രധാനമന്ത്രിക്ക് നിവേദനം നല്‍കി വിശ്വഹിന്ദു പരിഷത്ത്

Published

on

ദക്ഷിണ റെയില്‍വേ തിരുവനന്തപുരം ഡിവിഷന്റെ നേതൃത്വത്തില്‍ ആരംഭിച്ചിരിക്കുന്ന റെയില്‍വേ നവീകരണ പ്രവര്‍ത്തനങ്ങള്‍ ശബരിമല ക്ഷേത്രത്തിലെ മണ്ഡലമകരവിളക്ക് സീസണ്‍ അവസാനിക്കുന്നതുവരെ നിര്‍ത്തിവെയ്ക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കണമെന്നാവശ്യപ്പെട്ട് വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന പ്രസിഡന്റ് വിജി തമ്പി, ജനറല്‍ സെക്രട്ടറി വിആര്‍ രാജശേഖരന്‍ എന്നിവര്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നിവേദനം നല്‍കി.

മണ്ഡലകാലത്ത് നടക്കുന്ന റെയില്‍വേ നവീകരണപ്രവര്‍ത്തനങ്ങള്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും തീവണ്ടിമാര്‍ഗ്ഗം ശബരിമലയിലെത്തുന്ന തീര്‍ത്ഥാടകര്‍ക്ക് ദുരിതമാകുമെന്ന് പ്രധാനമന്ത്രിക്ക് നല്‍കിയ നിവേദനത്തില്‍ വിശ്വഹിന്ദു പരിഷത്ത് നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു. നവംബര്‍ 16ന് ആരംഭിച്ച ശബരിമല തീര്‍ഥാടനം അടുത്ത വര്‍ഷം ജനുവരി 14നാണ് അവസാനിക്കുന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പ്രമുഖവ്യക്തികള്‍ ഉൾപ്പെടെ ലക്ഷക്കണക്കിന് തീര്‍ത്ഥാടകരാണ് ഈ കാലയളവില്‍ ശബരിമലയില്‍ ദര്‍ശനത്തിനായി എത്തുന്നത്. കോവിഡ് നിയന്ത്രണങ്ങള്‍ പിന്‍വലിച്ചതോടെ ഇത്തവണ അഭൂതപൂര്‍വ്വമായ ഭക്തജനത്തിരക്ക് അനുഭവപ്പെടുമെന്നാണ് വിലയിരുത്തല്‍.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ശബരിമല തീര്‍ഥാടനത്തിനായി ഭൂരിഭാഗം ഭക്തരും തീവണ്ടി മാര്‍ഗ്ഗമാണ് കേരളത്തില്‍ എത്തുന്നത്. എറണാകുളം സൗത്ത്, എറണാകുളം നോര്‍ത്ത്, ചെങ്ങന്നൂര്‍, കോട്ടയം റെയില്‍വേ സ്‌റ്റേഷനുകളിലാണ് ഇവര്‍ തീവണ്ടി ഇറങ്ങുന്നത്. എന്നാല്‍ റെയില്‍വേയുടെ നേതൃത്വത്തില്‍ ഇക്കാലയളവില്‍ നവീകരണപ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നത് കേരളത്തിലേക്കുള്ള തീവണ്ടിസര്‍വ്വീസുകളില്‍ പലതും റദ്ദാക്കാനും പുനക്രമീകരിക്കാനും വഴിതിരിച്ചുവിടുന്നതിനുമൊക്കെ ഇടയാക്കും. ഇത് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും എത്തുന്ന ഭക്തരുടെ തീർത്ഥാടകയാത്രയെ തകിടംമറിക്കുമെന്നും വിശ്വഹിന്ദു പരിഷത്ത് നേതാക്കള്‍ കത്തില്‍ ചൂണ്ടിക്കാട്ടുന്നു. കേരളത്തിലെ പ്രധാന സ്റ്റേഷനുകളായ എറണാകുളം സൗത്ത്, നോര്‍ത്ത് റെയില്‍വേസ്‌റ്റേഷനുകളില്‍ മണ്ഡലകാലത്ത് നവീകരണം നടത്താനുളള ദക്ഷിണ റെയില്‍വേയുടെ നീക്കം ദൗര്‍ഭാഗ്യകരമാണ്.

ദിവസങ്ങള്‍ നീണ്ട വ്രതാനുഷ്ഠാനത്തിനുശേഷമാണ് ഭക്തര്‍ ശബരിമല തീർത്ഥാടനത്തിനായി എത്തുന്നത്. ആദ്യമായി ശബരിമല തീര്‍ത്ഥാടനത്തിനെത്തുന്ന പത്തുവയസ്സില്‍ താഴെയുള്ള കന്നി അയ്യപ്പന്മാരായ കുട്ടികള്‍ മുതല്‍ പ്രായമായ പുരുഷന്മാരും സ്ത്രീകളും ഭിന്നശേഷിക്കാര്‍ ഉൾപ്പെടെയുള്ളവരാണ് തീര്‍ത്ഥാടകരായി എത്തുന്നത്. ഇവര്‍ക്കെല്ലാം റെയില്‍വേയുടെ നടപടി കടുത്ത ദുരിതമായിരിക്കും സമ്മാനിക്കുകയെന്നും വിശ്വഹിന്ദു പരിഷത്ത് നേതാക്കള്‍ പ്രധാനമന്ത്രിക്ക് അയച്ച കത്തില്‍ ചൂണ്ടിക്കാണിക്കുന്നു. ലക്ഷക്കണക്കിന് ഭക്തര്‍ക്ക് അവരുടെ ശബരിമല തീര്‍ത്ഥാടനം തടസ്സം കൂടാതെ നിറവേറ്റാന്‍ വിഷയത്തില്‍ ഇടപെട്ട് റെയില്‍വേ ആരംഭിച്ചിരിക്കുന്ന നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെയ്പ്പിക്കണമെന്നും ജനുവരി 15നുശേഷം നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാന്‍ നിര്‍ദ്ദേശം നല്‍കണമെന്നും വിശ്വഹിന്ദു പരിഷത്ത് നേതാക്കള്‍ കത്തില്‍ പ്രധാനമന്ത്രിയോട് അഭ്യര്‍ഥിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version