Crime

വിവാദ ബാനർ: എസ്എഫ്ഐ വിദ്യാർഥികൾക്കെതിരെ നടപടി പാടില്ലെന്ന് ഗവ‍ർണർ നിർദ്ദേശിച്ചു

Published

on

തിരുവനന്തപുരം സംസ്കൃത കോളേജിന് മുന്നിലെ കവാടത്തിൽ ഗവർണറെ അധിക്ഷേപിച്ചുകൊണ്ട് എസ് എഫ് ഐ സ്ഥാപിച്ചിരുന്ന ബാനറിന്റെ വിഷയത്തിൽ രാജ്ഭവന്‍റെ ഇടപെടൽ ഉണ്ടായതോടെ വിഷയം ഏറെ ഗൗരവതരമായ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. എന്നാൽ ഈ വിഷയത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നിലപാട് വ്യക്തമാക്കി രംഗത്തെത്തി. അധിക്ഷേപിക്കുന്ന തരത്തിലുള്ളതാണ് ബാനറെങ്കിലും ഇതിന്‍റെ പേരിൽ എസ് എഫ് ഐ വിദ്യാർത്ഥികൾക്കെതിരെ നടപടി പാടില്ലെന്ന് നിർദ്ദേശിച്ച ഗവർണർ അവർ കുട്ടികളല്ലേയെന്നും ‘പഠിച്ചതല്ലേ പാടൂ’ എന്നും അഭിപ്രായപ്പെട്ടു.

അതേസമയം നേരത്തെ ബാനർ വിഷയത്തിൽ സംസ്കൃത കോളേജിലെ പ്രിൻസിപ്പലിനോട് വിശദീകരണം തേടാൻ രാജ് ഭവൻ നിർദ്ദേശം നൽകിയിരുന്നു. കേരള സർവകലാശാല വൈസ് ചാൻസലർക്കും സർവകലാശാല രജിസ്ട്രാർക്കുമാണ് രാജ് ഭവൻ നിർദ്ദേശം നൽകിയത്. ഇതിന് പിന്നാലെയാണ് ഇന്ന് ഗവർണർ തന്നെ വിഷയത്തിൽ തന്‍റെ അഭിപ്രായം വ്യക്തമാക്കിയത്. അതുകൊണ്ടുതന്നെ ബാനർ വിഷയത്തിൽ കൂടുതൽ നടപടികൾ ഉണ്ടാവില്ല. കഴിഞ്ഞ ദിവസമാണ് എസ് എഫ് ഐയുടെ പേരിൽ സംസ്കൃത കോളേജിലെ പ്രധാനകവാടത്തിന് മുന്നിൽ വിവാദപോസ്റ്റർ പ്രത്യക്ഷപ്പെട്ടത്. കോളേജിന്റെ പ്രധാനകവാടത്തിൽ ഉയർത്തിക്കെട്ടിയ ബാനറിൽ ഗവർണറെ അധിക്ഷേപിക്കുന്ന നിലയിലുള്ള വാക്കുകളാണ് ഉണ്ടായിരുന്നത്. രാജ് ഭവന്റെ ഇടപെടലോടെ എസ് എഫ് ഐ പ്രവർത്തകർ കോളേജ് കവാടത്തിലെ ബാനർ നീക്കിയിരുന്നു.

അതേസമയം സ‍ർക്കാരിനെതിരായ തുറന്ന പോര് തുടരുമെന്ന സൂചനയും ഗവ‍ർണർ നൽകി. സർവകലാശാല വിഷയത്തിന് പിന്നാലെ ഇനി താൻ ഏറ്റെടുക്കുക മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫ് നിയമനം സംബന്ധിച്ച വിഷയമാകുമെന്ന് ഗവർണർ വ്യക്തമാക്കി. ദേശീയതലത്തിൽ വിഷയം ശക്തമായി ഉയർത്തുമെന്ന് വിശദീകരിച്ച അദ്ദേഹം കോടതിയിൽ എത്തിയാൽ ഈ വിഷയത്തിലും നടപടി ഉണ്ടാകുമെന്ന് ഉറപ്പാണെന്നും അഭിപ്രായപ്പെട്ടു. പ്രിയ വർഗീസിന്‍റെ നിയമനത്തിൽ മുഖ്യമന്ത്രിക്ക് പങ്കുണ്ടെന്ന നിലപാടിൽ ഉറച്ചുനിൽക്കുന്നതായും ഇത് സർക്കാരിന്‍റെ പൊതുരീതിയാണെന്ന് വേണം മനസ്സിലാക്കാനെന്നും ഗവര്‍ണര്‍ ചൂണ്ടിക്കാട്ടി.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version