Kerala

വിഴിഞ്ഞം: സർക്കാരിന് കടുംപിടുത്തമുള്ളത് ഒരു കാര്യത്തിൽ മാത്രമെന്ന് മുഖ്യമന്ത്രി

Published

on

വിഴിഞ്ഞം വിഷയത്തിൽ സർക്കാരിന് പദ്ധതി ഉപേക്ഷിക്കില്ല എന്ന ഒരൊറ്റ കാര്യത്തിലേ കടുംപിടുത്തമുള്ളൂ എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ വ്യക്തമാക്കി. എത്ര പ്രകോപനം ഉണ്ടായിട്ടും വിഴിഞ്ഞത്ത് സംയമനത്തിൻറെ അതിര് വിട്ട് ഒരു നടപടിയും ഉണ്ടായിട്ടില്ല. വിഴിഞ്ഞം പൊലീസ് സ്റ്റേഷൻ ആക്രമണം പൊടുന്നനെ ഉണ്ടായ ഒരു സംഭവമല്ല. തുടർച്ചയായ ആക്രമണപരമ്പരയുടെ ഒരു ഭാഗം മാത്രമായിരുന്നു ഇത്. പൊലീസിന്റെ ഇടപെടൽ കൊണ്ട് മാത്രമാണ് അത് ഏറ്റുമുട്ടലിലേക്ക് പോകാതിരുന്നത്.

വിഴിഞ്ഞം പൊലീസ് സ്റ്റേഷനിൽ അതിക്രമിച്ച് കയറിയവർ സാധനങ്ങളും കേസ് രേഖകളും നശിപ്പിച്ചെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. 3 ജീപ്പുകൾ, 2 ബസ് എന്നിവ ഉൾപ്പെടെ 5 പൊലീസ് വാഹനങ്ങളും 2 കെ എസ് ആർ ടി സി ബസ്സുകളും കെ എസ് ആർ ടി സി ജീവനക്കാരന്റെ ഒരു കാറും നിരവധി ബൈക്കുകളും നശിപ്പിച്ചു. പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച് ഗുരുതരമായി പരുക്കേൽപ്പിച്ചു. 54 പൊലീസ് ഉദ്യോഗസ്ഥർക്കാണ് പരുക്കേറ്റത്. പരുക്കേറ്റ പൊലീസ് ഉദ്യോഗസ്ഥരെ ചികിത്സയ്ക്കായി കൊണ്ടുപോകുന്നത് തടഞ്ഞു. ഉദ്യോഗസ്ഥരെ പുറത്തിറങ്ങാൻ അനുവദിക്കാതെ ബന്ദികളാക്കിയെന്നും പിണറായി വിജയൻ സഭയെ ഓർമ്മിപ്പിച്ചു.

തടിച്ചുകൂടിയ അക്രമിസംഘം സ്ഥലത്ത് ഭീകരാന്തരീക്ഷമാണ് സൃഷ്ടിച്ചത്. പൊലീസ് അസാമാന്യമായ ആത്മനിയന്ത്രണവും ക്ഷമയും കാണിച്ചത് മൂലമാണ് വലിയ തോതിൽ അനിഷ്ടസംഭവങ്ങൾ ഉണ്ടാകാതിരുന്നത്. സ്ഥലത്തെ വ്യാപാരസ്ഥാപനങ്ങളിൽ സ്ഥാപിച്ചിരുന്ന സി സി ടി വി ക്യാമറകൾ മുൻകൂട്ടി തകർക്കുകയോ കേടുവരുത്തുകയോ ചെയ്തിട്ടുണ്ട്. അക്രമത്തിന്റെ തെളിവുകൾ നശിപ്പിക്കാനാണ് സി സി ടി വി ക്യാമറ ആസൂത്രിതമായി നശിപ്പിച്ചത്. കോടതിവിധി ധിക്കരിച്ചു അക്രമസമരം നടത്തുക, വ്യാപാരസ്ഥാപനങ്ങൾക്കും വീടുകൾക്കും നേരെ ആക്രമണം നടത്തുക, പൊലീസ് സ്റ്റേഷൻ ആക്രമിച്ചു നശിപ്പിക്കുക, ക്രമസമാധാനം പാലിക്കാൻ എത്തിയ ഉദ്യോഗസ്ഥരെ ആക്രമിക്കുക, പൊലീസ് വാഹനങ്ങൾ തകർക്കുക, മണിക്കൂറുകളോളം തെരുവിൽ അഴിഞ്ഞാടുക ഇതൊക്കെയാണ് സമരത്തിന്റെ പേരിൽ ഉണ്ടായതെന്നും പിണറായി വിജയൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version