Business

വിഴിഞ്ഞം സമരം സഭയ്ക്കും സർക്കാരിനും പാർട്ടിക്കും ​ഗുണപ്പെടില്ല; തർക്കം അവസാനിപ്പിക്കാൻ സി പി എം കളത്തിലിറങ്ങുന്നു

Published

on

വിഴിഞ്ഞം സമരത്തിന്റെ പേരിൽ ലത്തീൻ സഭയുമായുണ്ടായ തർക്കം അവസാനിപ്പിക്കാൻ മാർഗ്ഗങ്ങൾ തേടി സി പി എം. നിലവിലെ സ്ഥിതിയിൽ കാര്യങ്ങൾ മുന്നോട്ടുപോകുന്നത് സംഘപരിവാറിന് വളംവെച്ച് കൊടുക്കലാകും എന്ന തിരിച്ചറിവിലാണ് സി പി എം നേരിട്ട് സമവായചർച്ചകൾക്ക് തയ്യാറാകുന്നത്. ഇക്കാര്യം ലത്തീൻ സഭാനേതൃത്വത്തെയും സി പി എം ബോധ്യപ്പെടുത്തും. ഇതിന്റെ ഭാ​ഗമായി സി പി എം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ ലത്തീൻ അതിരൂപത ആർച്ച് ബിഷപ്പ് തോമസ് ജെ നെറ്റോയുമായി കൂടിക്കാഴ്ച നടത്തി.

വെള്ളയമ്പലം ബിഷപ്പ് ഹൗസിലെത്തിയാണ് ആനാവൂർ നാ​ഗപ്പൻ ആർച്ച് ബിഷപ്പ് തോമസ് ജെ നെറ്റോയെ കണ്ടത്. സഭയുമായി പാർട്ടി ഏറ്റുമുട്ടലിനില്ലെന്നും സംഘർഷം ഒഴിവാക്കണമെന്നുമാണ് ആനാവൂർ അറിയിച്ചതെന്നാണ് സൂചന. വിഴിഞ്ഞം സംഘർഷത്തിന് പിന്നാലെ സംസ്ഥാനത്ത് വലിയ തോതിൽ വർഗ്ഗീയധ്രുവീകരണം നടക്കുന്നുണ്ട് എന്ന തിരിച്ചറിവിലാണ് സി പി എം. ഇത് സഭയ്ക്കും സർക്കാരിനും പാർട്ടിക്കും ​ഗുണപ്പെടില്ലെന്ന ചർച്ചകളും സജീവമാണ്. ഇതോടെയാണ് ഇക്കാര്യങ്ങൾ സഭയെക്കൂടി ബോധ്യപ്പെടുത്തി വിഴിഞ്ഞം സമരത്തിൽ ഒത്തുതീർപ്പിലെത്താൻ സി പി എമ്മിനെ പ്രേരിപ്പിക്കുന്നത്.

കർദ്ദിനാൾ ക്ലിമിസ് കാതോലിക്കാ ബാവ ഇടപെട്ടുള്ള മധ്യസ്ഥചർച്ചയുടെ തുടർച്ചയായാണ് പലവഴിക്കുള്ള അനുരജ്ഞനശ്രമങ്ങൾ. പാളയം ഇമാമും ശാന്തിഗിരി മഠാധിപതി ഗുരുരത്നം ജ്ഞാനതപസ്വിയും സമരസമിതി ജനറൽ കൺവീനർ യൂജിൻ പെരേരയുമായി കൂടിക്കാഴ്ച നടത്തി. വരുംദിവസങ്ങളിലും തുടർചർച്ചകളുണ്ടാകും. വികസനം സമാധാനം എന്ന പ്രചരാണർത്ഥം തുറമുഖത്തിനായി 6 മുതൽ 9 വരെ സി പി എം ജില്ലാകമ്മിറ്റി പ്രചാരണജാഥ നടത്തുന്നുണ്ട്. പ്രചാരണം സഭക്കെതിരെ അല്ലെന്നാണ് നേതാക്കളുടെ വിശദീകരണം.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version