Business

വിഴിഞ്ഞം സമരം ഒത്തുതീര്‍പ്പായി

Published

on

വിഴിഞ്ഞം സമരം ഒത്തുതീർപ്പായി. വിഴിഞ്ഞം സമരസമിതി മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ ചർച്ച വിജയം കണ്ടതിനെത്തുടർന്നാണ് സമരം അവസാനിപ്പിച്ചത്. സമരം തീർക്കാൻ വിട്ടുവീഴ്ച ചെയ്‌തെന്ന് സമരസമിതി വ്യക്തമാക്കി. സമരത്തിലെ പ്രധാന ആവശ്യങ്ങൾ സർക്കാർ അംഗീകരിച്ചില്ലെന്നും പൂർണസംതൃപ്തിയില്ലെങ്കിലും സമരം അവസാനിപ്പിക്കുകയാണെന്നും ഫാദർ യൂജിൻ പെരേര മാധ്യമങ്ങളോട് പറഞ്ഞു.

140 ദിവസത്തെ സമരമാണ് ഇതോടെ അവസാനിക്കുന്നത്. സാമുദായിക കലാപത്തിലേക്ക് പോകാതിരിക്കാൻ ലത്തീൻ സഭ ഇക്കാര്യത്തിൽ വിട്ടുവീഴ്ച്ച ചെയ്യുകയാണെന്നായിരുന്നു യൂജിൻ പെരേരയുടെ പ്രതികരണം.

വാടക പൂർണ്ണമായും സർക്കാർ നൽകും, ജോലിക്ക് പോവാനാവാത്ത ദിവസം നഷ്ടപരിഹാരം സർക്കാർ നൽകും. അദാനി ഗ്രൂപ്പിന്റെ സി എസ് ആർ ഫണ്ടിൽ നിന്നും 2500 രൂപ തരാം എന്ന സർക്കാർ വാഗ്ദാനം വേണ്ടെന്നുവെച്ചു. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ മോണിറ്ററിംഗ് കമ്മിറ്റി ഉണ്ടാക്കും. സർക്കാർ ഉറപ്പുപാലിക്കുന്നുണ്ടോ എന്ന് മോണിറ്ററിംഗ് കമ്മിറ്റി നിരീക്ഷിക്കുമെന്നും ലത്തീൻ സഭ അറിയിച്ചു.

എല്ലാ സമരങ്ങളും എല്ലാ ആവശ്യങ്ങളിലും വിജയിക്കില്ലല്ലോ എന്ന് യൂജിൻ പെരേര വിശദീകരിച്ചു. മൂന്ന് ബില്ലുകൾ പിൻവലിച്ചപ്പോൽ കർഷകസമരം താൽക്കാലികമായി അവസാനിപ്പിച്ചു. അതുപോലെ തന്നെയാണ് വിഴിഞ്ഞം സമരവും. 8000 രൂപ വാടകയായി നൽകാമെന്ന് സർക്കാർ ഉറപ്പു നൽകിയിട്ടുണ്ട്. അതിൽ അദാനിയുടെ സി എസ് ആർ ഫണ്ടിൽ നിന്നുള്ള 2500 രൂപ വേണ്ടെന്നാണ് സമരസമിതി സർക്കാരിനെ അറിയിച്ചത്. വിഴിഞ്ഞത്തെ സാഹചര്യം പൊതുജനത്തെ ബോധ്യപ്പെടുത്തുമെന്നും പെരേര വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version