Article/Openion

വരാൻ പോവുന്നത് ഇലോൺ മസ്ക് – സക്കർബർഗ് യുദ്ധം?

Published

on

ഫേസ്ബുക്കും ട്വിറ്ററും നേർക്കുനേർ പോരിലേക്ക്! ഇലോണ്‍ മസ്‌കിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ട്വിറ്ററിന് ഒരു എതിരാളിയെ അവതരിപ്പിക്കുമെന്ന് മെറ്റാ മേധാവി മാര്‍ക്ക് സക്കര്‍ബര്‍ഗ് പ്രഖ്യാപിച്ചു. പുതിയൊരു സമൂഹമാധ്യമ ആപ്പ് പുറത്തിറക്കുമെന്നും ഇതില്‍ ഒരു പോസ്റ്റില്‍ എത്ര അക്ഷരങ്ങള്‍ ആകാമെന്നതിന് പരിമിതി ഉണ്ടായിരിക്കുമെന്നും മെറ്റാ പറയുന്നു. അതേസമയം, ഫെയ്‌സ്ബുക്കിനെതിരെ ട്വിറ്ററും പുതിയ തന്ത്രം പുറത്തെടുത്തേക്കുമെന്ന് സൂചനയുണ്ട്. ഇനി 10,000 അക്ഷരങ്ങള്‍വരെയുള്ള പോസ്റ്റുകൾ അനുവദിച്ചേക്കുമെന്നും അങ്ങനെ ട്വിറ്ററിനെ പണമുണ്ടാക്കാവുന്ന ഒരു പ്ലാറ്റ്‌ഫോമാക്കി പരിവര്‍ത്തനം ചെയ്‌തേക്കുമെന്നും പറയുന്നു.

പുതിയ ആപ്പ് ഫെയ്‌സ്ബുക്കുമായോ മെറ്റായുടെ മറ്റേതെങ്കിലും ആപ്പുമായോ ബന്ധിപ്പിച്ചല്ല പ്രവര്‍ത്തിപ്പിക്കുന്നത്. ആളുകള്‍ക്ക് അവരുടെ താത്പര്യങ്ങള്‍ ലോകത്തെ അറിയിക്കാനുള്ള പുതിയൊരു പ്ലാറ്റ്‌ഫോമായിരിക്കും ഇതെന്നാണ് കമ്പനി പറയുന്നത്. 2016ല്‍ പുറത്തിറക്കിയ ട്വിറ്ററിന്റെ എതിരാളി ആപ്പായ മാസ്റ്റഡണിന് (Mastodon) പിന്നില്‍ പ്രവര്‍ത്തിക്കുന്ന സാങ്കേതികവിദ്യയായിരിക്കും മെറ്റായുടെ പുതിയ ആപ്പിന് പിന്നിലെന്ന് റിപ്പോർട്ടുകളുണ്ട്.

മെറ്റാ കമ്പനിയുടെ പുതിയ നീക്കത്തിനു പിന്നില്‍ മസ്‌കിന്റെ പുതിയ തീരുമാനമാണോ കാരണമെന്നും സംശയമുണ്ട്. ലേഖനങ്ങള്‍ പോസ്റ്റു ചെയ്യാന്‍ ട്വിറ്റര്‍ അനുവദിക്കുകയും അതില്‍ നിന്ന് വരുമാനം ഉണ്ടാക്കാന്‍ അനുവദിക്കുകയും ചെയ്യുമ്പോള്‍ അത് ഫെയ്‌സ്ബുക്കിന് എതിരാളിയായി മാറും. തുടക്കത്തില്‍ എസ്എംഎസ് സന്ദേശത്തെ അനുകരിക്കുന്ന രീതിയിൽ 140 അക്ഷരങ്ങള്‍ മാത്രമായിരുന്നു ഒരു ട്വീറ്റില്‍ അനുവദനീയം. എന്നാലിപ്പോള്‍ ഇത് 280 അക്ഷരങ്ങള്‍ വരെയാക്കി. അടുത്തിടെ ട്വിറ്റര്‍ ബ്ലൂ സബ്‌സ്‌ക്രൈബര്‍മാര്‍ക്ക് 4,000 അക്ഷരങ്ങളുള്ള ട്വീറ്റു നടത്താനും അനുവദിച്ചേക്കും.

ഇനി ലോകത്തെവിടെയും ഉള്ളവര്‍ക്ക് ട്വിറ്ററില്‍ ലേഖനങ്ങള്‍ പോസ്റ്റു ചെയ്യാനുള്ള അവസരമാണ് വരാന്‍ പോകുന്നത്. അതോടെ, കൂടുതല്‍ ഉപയോക്താക്കളെ ആകര്‍ഷിക്കാനായേക്കും. അതേസമയം, ട്വിറ്റര്‍ ബ്ലൂ സബ്‌സ്‌ക്രൈബര്‍മാര്‍ക്ക് മാത്രമായിരിക്കും 10,000 അക്ഷരങ്ങൾ വരെയുള്ള ലേഖനങ്ങള്‍ പോസ്റ്റ് ചെയ്യാന്‍ സാധിക്കുക എന്നും കേള്‍ക്കുന്നു. പക്ഷേ, സാധാരണ ട്വിറ്റര്‍ ഉപയോക്താക്കള്‍ക്കും പോസ്റ്റു ചെയ്യാവുന്ന അക്ഷരങ്ങളുടെ എണ്ണം പല മടങ്ങു വര്‍ധിച്ചേക്കും. ട്വീറ്റുകളില്‍ നിന്ന് പണമുണ്ടാക്കാനുള്ള അവസരവും കമ്പനി ഒരുക്കിയേക്കുമെന്നത് പുതിയ ഉപയോക്താക്കളെ ട്വിറ്ററിലേക്ക് ആകര്‍ഷിക്കും.

മെറ്റായുടെ ചരിത്രം പരിശോധിച്ചാല്‍ പുതിയ ആപ്പുകളിറക്കി വിജയിട്ടില്ലെന്നും എന്നാൽ മറ്റുള്ളവർ തുടങ്ങിയ ഇന്‍സ്റ്റഗ്രാം, വാട്‌സാപ് തുടങ്ങിയ ആപ്പുകളെ വിജയകരമായി ഏറ്റെടുത്ത ചരിത്രമാണുള്ളതെന്നും കാണാം. അമേരിക്കയിലും മറ്റും ഇന്‍സ്റ്റഗ്രാം ഉപേക്ഷിച്ച് ഉപയോക്താക്കൾ ടിക്‌ടോക്കിലേക്ക് ചേക്കേറുന്നുണ്ട്. പുതിയ ഉപയോക്താക്കളെ ആകര്‍ഷിക്കാനും പരമാവധി നേട്ടമുണ്ടാക്കാനുമുള്ള തുറന്ന പോരിനുള്ള സാധ്യതയാണ് സമൂഹമാധ്യമരംഗത്ത് കാണുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version