Crime

റോസിലിയുടെ കരൾ കറിവെച്ച് കഴിച്ചെന്ന് ലൈലയും ഭ​ഗവൽസിം​ഗും

Published

on

ഇലന്തൂർ നരബലിക്കേസിൽ പ്രതികളായ ലൈലയും ഭർത്താവ് ഭഗവൽസിംഗും അന്വേഷണസംഘത്തോട് കൂടുതൽ വെളിപ്പെടുത്തലുകൾ നടത്തി. നരബലിക്കുശേഷം സ്ത്രീകളുടെ കരൾ പാകം ചെയ്തു കഴിച്ചെന്ന് വ്യക്തമാക്കിയ ഇരുവരും ആദ്യം കൊല്ലപ്പെട്ട റോസിലിയുടെ കരളാണ് കറിവെച്ചു കഴിച്ചതെന്നും എന്നാൽ തങ്ങൾ രുചിച്ചുനോക്കുക മാത്രമാണു ചെയ്‌തതെന്നും ബാക്കി ഷാഫിയാണ് കഴിച്ചതെന്നും വെളിപ്പെടുത്തി.

മനുഷ്യമാംസം പാകം ചെയ്യാനും മറ്റും ഉപയോഗിച്ച കുക്കർ ഉൾപ്പെടെയുള്ള പാത്രങ്ങളുടെ ഫോറൻസിക്‌ പരിശോധനയിൽ മനുഷ്യമാംസം പാകം ചെയ്തുവെന്ന് വ്യക്തമായതോടെ കൂടുതൽ ചോദ്യം ചെയ്യൽ നടന്നപ്പോഴാണ് ഇക്കാര്യം പ്രതികൾ സമ്മതിച്ചത്. പാകം ചെയ്യാനുപയോഗിച്ച പാത്രം നേരത്തേ അന്വേഷണസംഘം കസ്റ്റഡിയിലെടുത്തിരുന്നു.

മന്ത്രവാദിയായ ഷാഫി നരബലി പൂജയുടെ ഭാഗമായി കരളും മറ്റു ചില അവയവങ്ങളും പച്ചയ്‌ക്കു കഴിക്കണമെന്നാണ് ഉപദേശിച്ചതെന്നും എന്നാൽ അതു ബുദ്ധിമുട്ടാണെന്ന്‌ അറിയിച്ചതോടെ അവയവങ്ങൾ പാചകം ചെയ്‌തു കഴിച്ചാലും മതിയെന്നു ഷാഫി പറയുകയായിരുന്നു. തുടർന്ന് മുറിച്ചെടുത്ത അവയവങ്ങൾ ഫ്രീസറിൽ സൂക്ഷിച്ചുവച്ചശേഷം പിന്നീട് പാചകം ചെയ്തു കഴിച്ചുവെന്നും ദമ്പതികൾ വെളിപ്പെടുത്തി.

68 വയസുകാരനായ ഭഗവൽസിങ്ങിനു ശാരീരികശേഷി കൂട്ടാൻ ഒറ്റമൂലി എന്ന നിലയ്‌ക്കാണു ശരീരഭാഗങ്ങൾ കഴിക്കാൻ ആവശ്യപ്പെട്ടത്‌. തങ്ങൾ ഒരുമിച്ചിരുന്നാണു കഴിച്ചത്‌. ഏറെ താൽപര്യത്തോടെയാണു ഷാഫി കഴിച്ചതെന്നും ലൈല അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു. അതിനിടെ ഇരകളുടെ മാംസം പ്രസാദമാണെന്നും അത് മറ്റുള്ളവർക്കും കൂടി നൽകിയാൽ മാത്രമേ ഫലം ലഭിക്കുകയുള്ളുവെന്നും ഷാഫി ദമ്പതിമാരോട് പറഞ്ഞിരുന്നു. അയൽക്കാർക്ക് മാംസം നൽകാൻ ഷാഫി പലതവണ നിർബന്ധിച്ചെങ്കിലും തങ്ങൾ തയ്യാറായില്ലെന്നും ദമ്പതികൾ വ്യക്തമാക്കി. മൃതദേഹത്തിൻ്റെ മറ്റു ഭാഗങ്ങൾ കുഴിച്ചിട്ടതിനുശേഷമാണു മാറ്റിവച്ച മാംസം പൂജ ചെയ്‌തു ഭഗവൽസിങ്ങിനും ലൈലയ്‌ക്കും ഷാഫി കൈമാറിയത്‌.

അതേസമയം ദമ്പതികളുടെ തുറന്നുപറച്ചിൽ ഷാഫി നിഷേധിച്ചു. താൻ അങ്ങനെയൊന്നും ചെയ്തിട്ടില്ലെന്നാണ് ഷാഫി വ്യക്തമാക്കുന്നത്. കേസ്‌ രജിസ്‌റ്റർ ചെയ്‌തു 90 ദിവസം തികയുന്നത് ഡിസംബർ 12-നാണ്. അതിനിടയിൽ കുറ്റപത്രം സമർപ്പിച്ചല്ലെങ്കിൽ പ്രതികൾക്കു സ്വാഭാവികജാമ്യം ലഭിക്കും. അതു തടയാനുള്ള തീവ്രശ്രമത്തിലാണ് പൊലീസ്.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version