National

രാജ്യത്തെ വിലക്കയറ്റവും തൊഴിലില്ലായ്മയും പാർലമെന്റിൽ ചർച്ച ചെയ്യണമെന്ന് പ്രതിപക്ഷം

Published

on

രാജ്യത്തെ വിലക്കയറ്റവും തൊഴിലില്ലായ്മയും അടക്കമുള്ള വിഷയങ്ങൾ പാർലമെന്റിൽ ചർച്ച ചെയ്യണമെന്ന് പ്രതിപക്ഷപാർട്ടികൾ. നാളെ ആരംഭിക്കുന്ന പാർലമെന്റിന്റെ ശീതകാലസമ്മേളനത്തിലെ അജണ്ടയും വിഷയങ്ങളും ചർച്ച ചെയ്യാൻ കേന്ദ്രം വിളിച്ച സർവ്വകക്ഷി യോഗത്തിലാണ് പ്രതിപക്ഷപാർട്ടികൾ ഇക്കാര്യം ഉന്നയിച്ചത്.

പാർലമെന്റിൽ വിലക്കയറ്റം, തൊഴിലില്ലായ്മ, ചൈന-ഇന്ത്യ അതിർത്തിയിലെ സ്ഥിതി തുടങ്ങിയവ ചർച്ച ചെയ്യണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. തൊഴിലില്ലായ്മ, വിലക്കയറ്റം തുടങ്ങി നിരവധി പ്രശ്നങ്ങൾ രാജ്യത്തിന് മുന്നിലുണ്ട്. ഇതിനെല്ലാം സർക്കാർ ജനങ്ങളോട് ഉത്തരം പറയണമെന്ന് യോഗത്തിന് ശേഷം കോൺഗ്രസ് നേതാവ് അധീർ രഞ്ജൻ ചൗധരി പറഞ്ഞു.

ഇന്ത്യ-ചൈന അതിർത്തിയിലെ സംഘർഷത്തെക്കുറിച്ച് പ്രതിപക്ഷത്തെ ‘ശരിയായി’ അറിയിച്ചില്ലെന്ന് ചൗധരി ആരോപിച്ചു. ‘കൊളീജിയം സംവിധാനത്തെച്ചൊല്ലി കേന്ദ്രവും ജുഡീഷ്യറിയും തമ്മിലുള്ള തർക്കം, കേന്ദ്ര ഏജൻസികളുടെ ദുരുപയോഗം, ഇന്ത്യ-ചൈന അതിർത്തി സാഹചര്യം, ജമ്മു കശ്മീരിൽ കശ്മീരി പണ്ഡിറ്റുകൾ നേരിടുന്ന ഭീഷണികൾ, ഹിന്ദി സംവാദം, ഫെഡറൽ ഘടന തുടങ്ങിയ വിഷയങ്ങളും മുന്നോട്ട് വച്ചിട്ടുണ്ട്’ അധീർ രഞ്ജൻ ചൗധരി വ്യക്തമാക്കി.

കേന്ദ്രമന്ത്രിയും ലോക്സഭയിലെ ബിജെപി ഉപനേതാവുമായ രാജ്നാഥ് സിങ്ങിന്റെ നേതൃത്വത്തിലായിരുന്നു യോഗം. രാജ്യസഭയിലെ സഭാ നേതാവ് പിയൂഷ് ഗോയൽ, പാർലമെന്ററി കാര്യ മന്ത്രി പ്രഹ്ലാദ് ജോഷി എന്നിവരും യോഗത്തിൽ പങ്കെടുത്തു. 30-ലധികം പാർട്ടി നേതാക്കളും യോഗത്തിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version