Crime

രാജീവ് ഗാന്ധി വധക്കേസ് പ്രതികളെ ജയിൽമോചിതരാക്കിയതിനെതിരെ കോൺ​ഗ്രസ് നിയമപോരാട്ടത്തിന്

Published

on

രാജീവ് ഗാന്ധി വധക്കേസ് പ്രതികളെ ജയിൽമോചിതരാക്കിയതിനെതിരെ കോൺ​ഗ്രസ് നിയമപോരാട്ടത്തിന്. പ്രതികളെ വിട്ടയച്ചതിനെതിരെ പാർട്ടി സുപ്രീംകോടതിയിൽ പുനപരിശോധനാഹർജി സമർപ്പിക്കും. ഭരണഘടനയുടെ 142-ആം വകുപ്പ് പ്രകാരമുള്ള പ്രത്യേകാധികാരം ഉപയോഗിച്ച് പ്രതികളെ ജയിൽമോചിതരാക്കിയ സുപ്രീംകോടതിയുടെ നടപടി ജനങ്ങൾക്ക് തെറ്റായ സന്ദേശം നൽകുമെന്നും പാർട്ടി പ്രവർത്തകരെ വേദനിപ്പിക്കുമെന്നും കോൺ​ഗ്രസ് നേതൃത്വം വിലയിരുത്തി.

നളിനിയും മുരുകനും ഉൾപ്പെടെയുള്ളവർ കുറ്റവാളികൾ തന്നെയാണെന്ന പൊതുവിലയിരുത്തലാണ് പാർട്ടിയെ ഇത്തരമൊരു തീരുമാനത്തിലേക്ക് നയിച്ചത്. ഈ വർഷം മേയ്‌ മാസത്തിൽ പേരറിവാളനെ മോചിപ്പിച്ചിരുന്നെങ്കിലും അത് ചോദ്യം ചെയ്യുന്നതുൾപ്പെടെയുള്ള നടപടിയിലേക്ക് പാർട്ടി നീങ്ങിയിരുന്നില്ല. നളിനിയ്ക്കു പുറമേ കേസിൽ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുകയായിരുന്ന നളിനിയുടെ ഭർത്താവ് ശ്രീഹരൻ എന്ന മുരുകൻ, ടി സുധീന്ദ്ര രാജ എന്ന ശാന്തൻ, ജയകുമാർ, ജയകുമാറിന്റെ ബന്ധു റോബർട്ട് പയസ്, പി രവിചന്ദ്രൻ എന്നിവരെയാണ് മോചിപ്പിച്ചത്.

1991 മേയ് 21-ന് തമിഴ്‌നാട് ശ്രീപെരുമ്പുതൂരിലെ തിരഞ്ഞെടുപ്പുറാലിക്കിടെ എൽ ടി ടി ഇ-യുടെ ചാവേറാക്രമണത്തിലാണ് രാജീവ് ഗാന്ധി കൊല്ലപ്പെട്ടത്. ധനുവെന്ന തേൻമൊഴി രാജരത്‌നമാണ് ചാവേറായി പൊട്ടിത്തെറിച്ചത്. പതിനഞ്ചോളം പേർ കൊല്ലപ്പെട്ട സംഭവത്തിൽ അമ്പതോളം പേർക്ക് പരിക്കേറ്റു. പ്രതിചേർക്കപ്പെട്ട 26 പ്രതികൾക്കും ചെന്നൈ ടാഡാ കോടതി 1998 ജനുവരി 28-ന് വധശിക്ഷ വിധിച്ചു. ഇതിൽ 19 പേരെ ജസ്റ്റിസ് കെ ടി തോമസ് അധ്യക്ഷനായ സുപ്രീം കോടതി ബെഞ്ച് 1999-ൽ വെറുതേവിട്ടു.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version